ഫ്രാൻസിൽ ഇന്നലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലിയോൺ നഗരത്തിലെ ടൂറിസം ഓഫീസ് അഗ്നിക്കിരയാക്കിയപ്പോൾ.
പാരീസ്: ഫ്രാൻസിൽ വിദ്യാർഥികൾക്കു പിന്നാലെ ജനങ്ങളും പ്രതിഷേധമാരംഭിച്ചു. നിത്യോപയോഗ സാധനങ്ങൾക്കും ഇന്ധനത്തിനും വില വർധിക്കുന്നതിനെതിരേ ജനങ്ങൾ ഇന്നലെ വന്പൻ പ്രകടനങ്ങൾ നടത്തി. ജനകീയ പ്രതിഷേധ പ്രസ്ഥാനമായ ‘മഞ്ഞ കുപ്പായക്കാർ’ ആണു പ്രകടനങ്ങൾക്കു നേതൃത്വം നല്കിയത്. തൊഴിലാളി സംഘടനകളും പങ്കാളികളായി.
ഫ്രാൻസിലുടനീളമുണ്ടായ റാലികളിലായി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പൊലിസുമായി സംഘർഷവും ബലപ്രയോഗവും ഉണ്ടായി. ധാരാളം വാഹനങ്ങളും ലിയോണിലെ ടൂറിസം ഓഫീസും അഗ്നിക്കിരയാക്കി. 160 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രകടനങ്ങൾക്കു മുന്നോടിയായി ഫ്രഞ്ച് സർക്കാർ സുരക്ഷാ വിന്യാസം ശക്തിപ്പെടുത്തിയിരുന്നു. അക്രമവും അരാജകത്വവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഭരണകൂടം അതീവ ജാഗ്രതയിലാണ്. കടകൾ നശിക്കാനും കൊള്ളയടിക്കാതിരിക്കാനും ഉടമസ്ഥർ മുൻകരുതൽ സ്വീകരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഒരുമാസം മുന്പ് ഫ്രഞ്ച് വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭത്തിന്റെ തുടർച്ചയാണിത്. വിദ്യാഭ്യസ സ്ഥാപനങ്ങളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ടുള്ള സമരത്തിലും വലിയ അക്രമങ്ങൾ അരങ്ങേറിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷ്ട്രീയ ലാഭത്തിനായി ചിലർ വിദ്യാർഥിസമരങ്ങളെ മുതലെടുക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആരോപിച്ചിരുന്നു.
2018ൽ ഫ്രഞ്ച് സർക്കാരിന്റെ ഇന്ധന വിലവർധനയ്ക്കെതിരേ രൂപംകൊണ്ട സമരപ്രസ്ഥാനമാണ് മഞ്ഞക്കുപ്പായക്കാർ (യെല്ലോ വെസ്റ്റ്). പ്രക്ഷോഭങ്ങളെത്തുടർന്ന് ഇന്ധനനികുതി വർധിപ്പിക്കാനുള്ള നീക്കം സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു.
Tags : Students FrenchPeople Streets France Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash