കൊച്ചി: കുട്ടികള്ക്ക് സ്വന്തം സ്കൂളിലെ തോട്ടത്തില് വിളയുന്ന വിഷരഹിത പച്ചക്കറികള് വിളമ്പാം, ഒപ്പം മികച്ച പച്ചക്കറിത്തോട്ടത്തിന് കാഷ് അവാർഡും നേടാം.
സംസ്ഥാനത്തെ സ്കൂളുകളില് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നൂട്രീഷന് ഗാര്ഡനുകള് വ്യാപിപ്പിക്കാനും നിലവിലുള്ളവ കൂടുതല് മെച്ചപ്പെടുത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രോത്സാഹന സമ്മാനങ്ങള് ഏര്പ്പെടുത്തുന്നു. മികച്ച രീതിയില് പദ്ധതി നടപ്പാക്കുന്ന സ്കൂളുകളെ ഉപജില്ലാ തലത്തില് തെരഞ്ഞെടുത്ത് ജില്ലാ തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും പരിഗണിക്കും.
കാഷ് അവാർഡ് ഉള്പ്പടെയുള്ള സമ്മാനങ്ങളാണ് നല്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പി.എം. പോഷണ് മാര്ഗരേഖപ്രകാരം ഉച്ചഭക്ഷണം നല്കുന്ന എല്ലാ വിദ്യാലയങ്ങളിലും സ്കൂള് നൂട്രീഷന് ഗാര്ഡന് ഉണ്ടായിരിക്കണം. എന്നാല് ഫണ്ടിന്റെ അപര്യാപ്തതയും കൃഷിഭവനുകള് വഴി വിത്തുകളും ചെടികളും ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇതിനിടയിലും ഒട്ടേറെ സ്കൂളുകളില് നൂട്രീഷന് ഗാര്ഡന് മികച്ച രീതിയില് പ്രവര്ത്തിക്കുന്നു.
കൂടുതല് വിദ്യാലയങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കുകയും മാതൃകാപരമായി കൃഷി ചെയ്യുന്ന സ്കൂളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണു കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സമ്മാനപദ്ധതി നടപ്പാക്കാന് തീരുമാനിച്ചത്. നിശ്ചിത മാനദണ്ഡങ്ങള് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.
ഉച്ചഭക്ഷണത്തില് ഉള്പ്പെടുത്താന് കഴിയുന്നതും ചെലവ് കുറഞ്ഞതുമായ പച്ചക്കറികള്ക്കാണ് സ്കൂള് തോട്ടങ്ങളില് മുന്ഗണന നല്കേണ്ടത്. ചീരയിനങ്ങള്, മറ്റ് ഇലക്കറികള്, പയര് വര്ഗങ്ങള്, കിഴങ്ങുവര്ഗങ്ങള്, മത്തന് ഇനങ്ങള്, തക്കാളി, വെണ്ട, വഴുതന, മുളക് തുടങ്ങിയവ കൃഷി ചെയ്യാം. സ്ഥലപരിമിതിയുള്ള സ്കൂളുകള്ക്ക് ഗ്രോബാഗുകളിലും മണ്ചട്ടികളിലും കൃഷി നടത്താം. ഓരോ വിളയ്ക്കും അനുയോജ്യമായ സ്ഥലം കണ്ടെത്തി വിത്തുകള് ശേഖരിച്ച് പരമാവധി തൈകള് ഉത്പാദിപ്പിക്കണമെന്നും നിര്ദേശമുണ്ട്.
കൃഷി കൂടുതല് കാര്യക്ഷമമാക്കാന് കണിക ജലസേചനം, കൃത്രിമ കൃഷിരീതികള്, മഴമറ, സ്ഥിരം പന്തല് തുടങ്ങിയ ചെലവ് കുറഞ്ഞതും നൂതനവുമായ മാർഗങ്ങള് സ്വീകരിക്കാം. ഓരോ വിളവെടുപ്പിന്റെയും വിവരങ്ങള് രജിസ്റ്ററില് രേഖപ്പെടുത്തണം. കൃഷിയുടെ വിവിധ ഘട്ടങ്ങളിലെ ഫോട്ടോകളും വീഡിയോകളും എടുത്ത് സൂക്ഷിക്കുകയും വേണം. ജൈവകൃഷിരീതികള് അവലംബിക്കുന്നതിനൊപ്പം തനത് വിളകളുടെ സംരക്ഷണത്തിനും പ്രാധാന്യം നല്കണം.
കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂളില് ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള് ഉച്ചഭക്ഷണത്തില് ഉള്പ്പെടുത്തണമെന്നതാണു നിര്ദേശത്തിലെ പ്രധാന വ്യവസ്ഥ. കൃഷിയിലൂടെ പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികള്ക്കു മനസിലാക്കിക്കൊടുക്കുന്നതിനൊപ്പം സ്കൂളുകളെ സ്വയംപര്യാപ്തമായ പച്ചക്കറിത്തോട്ടങ്ങളാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.
Tags : MiddayMealScheme IncentivePrize NutritionGarden Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash