പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയമന വിവാദത്തിലും ഉത്തരക്കടലാസുകള്‍ നശിപ്പിക്കാനുള്ള പിഎസ്സി തീരുമാനത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പട്ടം പിഎസ്സി ആസ്ഥാനത്തേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ ഓഫീസ് ഉപരോധിക്കുന്നിനായി ഓഫീസിനു സമീപത്തേക്കു കടന്നത് സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനു കാരണമായി.
ഇന്നലെ രാവിലെ 10ഓടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പിഎസ്സി ആസ്ഥാനത്തേക്ക് തള്ളിക്കയറിയത്.
തുടര്‍ന്ന് ചെയര്മാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്റെ ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ഇതു വലിയ സംഘര്‍ഷത്തിനു കാരണമായി. തുടര്‍ന്ന് സമരക്കാരും ഇവരെ തടയാന്‍ ശ്രമിച്ച ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.
സംഘര്‍ഷത്തില്‍ നാലു സുരക്ഷാ ജീവനക്കാര്‍ക്കു പരിക്കേറ്റതായി പിഎസ്സി അറിയിച്ചു. ഇവര്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. മൂന്ന് ജീവക്കാര്‍ക്കു പരിക്കേറ്റെന്ന് ഇടത് അനുകൂല സര്‍വീസ് സംഘടനയായ പിഎസ്സി എംപ്ലോയീസ് യൂണിയനും അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് സമരത്തെതുടര്‍ന്ന് പിഎസ്സി എംപ്ലോയീസ് യൂണിയന് പിഎസ്സി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: പിഎസ്സി ഓഫീസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകര്ക്കതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറടക്കം 15 പേര്‍ക്കെതിരേയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.
പരിക്കേറ്റ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓഫീസിനുള്ളിലേക്കു പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറിയെന്നു കാട്ടി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓഫീസിന് പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Youth Congress protests PSC headquarters