പ്രതീകാത്മക ചിത്രം
തൃശൂർ: ഗാർഹികപീഡന പരാതിപ്രകാരം ഈ വർഷം മേയ് വരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് 1,329 കേസുകൾ. 2025ൽ 3,986 കേസുകളാണു രജിസ്റ്റർ ചെയ്തത്.
2024ൽ 4,515 കേസുകളും 2023ൽ 4,710 കേസുകളും 2022ൽ 4,998 കേസുകളും ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പുറത്തുവിട്ട കണക്കുകൾ. ഭർത്താവോ ഭർതൃബന്ധുക്കളോ നടത്തുന്ന ക്രൂരത എന്ന വിഭാഗത്തിലാണ് ഗാർഹിക പീഡനക്കേസുകൾ ഉൾപ്പെടുന്നത്.
മേയ് വരെ 1,071 പീഡനക്കേസുകളും 1,492 ലൈംഗികാതിക്രമക്കേസുകളും 339 അശ്ലീല- ദ്വയാർഥ പ്രയോഗക്കേസുകളും രജിസ്റ്റർ ചെയ്തു. സംസ്ഥാനത്താകെ 6,736 കേസുകളാണു സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത്. തട്ടിക്കൊണ്ടുപോയതായി കാണിച്ച് 25 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലൈംഗിക പീഡനക്കേസുകളും ഓരോ വർഷവും വർധിക്കുകയാണ്. 2020 മുതൽ കഴിഞ്ഞവർഷം വരെ പ്രതിവർഷം 1880, 2339, 2518, 2562, 2901, 2952 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ അശ്ലീലപ്രയോഗങ്ങൾ, കളിയാക്കലുകൾ എന്നിവയിൽ മാത്രം 944 കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്.
ലഹരി ഉപയോഗം, സാന്പത്തികത്തർക്കങ്ങൾ, സ്ത്രീധനസംബന്ധമായ ആവശ്യങ്ങൾ എന്നിവയാണ് ശാരീരിക മാനസികപീഡനങ്ങൾക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. സ്ത്രീധന പീഡനത്തെത്തുടർന്ന് 2020 മുതൽ 2025 വരെ 43 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് ആത്മഹത്യ ചെയ്തവരിലേറെയും.
Tags : Women not safe home domestic violence