മുൻ തൃണമൂൽ കോൺഗ്രസ് എംപിമാരായ സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവർ ബിജെപിയിൽ അംഗത്വം എടുക്കുന്നു.
കോൽക്കത്ത: മമതാ ബാനർജിയെ കൈവിട്ട് മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂലിൽ ഭിന്നത രൂക്ഷമാണെന്ന സൂചനകൾ ശരിവെക്കുന്നതാണ് മുൻ എംപിമാരുടെ ഈ കൂടുമാറ്റം.
കോൽക്കത്ത സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. പാർട്ടി നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളും മാറിയ ജനവിധിയുമാണ് തൃണമൂൽ വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പാർട്ടി വിട്ട നേതാക്കൾ വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഈ മൂന്ന് നേതാക്കളുടെ കടന്നുവരവ് പശ്ചിമ ബംഗാളിൽ ബിജെപിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇവരുടെ അനുഭവസമ്പത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Mamata Banerjee Trinamool congress BJP Sushmita Dev Sukhendu Sekhar Ray Prakash Chik Baraik