പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും
മെല്‍ബണ്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ആണവോര്‍ജം, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍ എന്നീ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും തമ്മില്‍ മെല്‍ബണില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറുകളില്‍ ഒപ്പുവച്ചത്.
ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികള്‍ക്കും ക്ലീന്‍ എനര്‍ജി ലക്ഷ്യങ്ങള്‍ക്കും ആവശ്യമായ യുറേനിയം ഓസ്ട്രേലിയ ലഭ്യമാക്കും എന്നതാണ് ആണവോര്‍ജ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. പ്രതിരോധ-സുരക്ഷ, സമുദ്ര സുരക്ഷ, ഊര്‍ജ്ജ സുരക്ഷ, സൈബര്‍, നിര്‍ണായക സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകള്‍ എന്നിവയ്ക്കായുള്ള പങ്കാളിത്തം ഉള്‍പ്പെടെയുള്ള 18 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായുള്ള ചര്‍ച്ചകളുടെ ഫലങ്ങള്‍ ‘സമാനതകളില്ലാത്തതാണെന്ന്’ മോദി വിശേഷിപ്പിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇരു രാജ്യങ്ങളുടെയും സംയുക്ത ലക്ഷ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മോദി-ആല്‍ബനീസ് ചര്‍ച്ചകളെത്തുടര്‍ന്ന്, വിക്ടോറിയ യൂണിവേഴ്സിറ്റിക്ക് ഗുരുഗ്രാമില്‍ കാംപസ് ആരംഭിക്കുന്നതിനുള്ള അനുമതിപത്രവും ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിക്ക് ബംഗളൂരുവില്‍ കാംപസ് സ്ഥാപിക്കുന്നതിനായി പ്രത്യേക താത്പര്യ പത്രവും കൈമാറിയിട്ടുണ്ട്.
വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടമായാണ് ഇന്തോനേഷ്യയില്‍നിന്ന് മോദി ഓസ്ട്രേലിയയിലെത്തിയത്.
Tags : India Australia sign important agreements