ഓസ്ട്രേലിയായിലെ പ്രവാസി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു.
മെൽബൺ: ഇന്ത്യൻ പ്രതിരോധ കരുത്തിന്റെ പ്രകമ്പനം ലോകമാകെ അറിയിക്കാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയായിലെ പ്രവാസി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിലാണ് ഭീകരരുടെ ഒളിയിടങ്ങളെ തകർത്ത ഇന്ത്യയുടെ സൈനിക നീക്കത്തെക്കുറിച്ച് മോദി വാചാലനായത്.
ഭീകരകേന്ദ്രങ്ങളിലാണ് സ്ഫോടനം നടന്നതെങ്കിലും അതിന്റെ പ്രകമ്പനം ലോകം മുഴുവൻ എത്തി. രാജ്യത്തിന്റെ ഈ പ്രതിരോധ ശേഷിയിൽ പ്രവാസികളായ നിങ്ങൾക്കേവർക്കും അഭിമാനമില്ലേയെന്നും മോദി ജനക്കൂട്ടത്തോട് ചോദിച്ചു. കൂടുതൽ വളരൂ, കൂടുതൽ നേട്ടം കൈവരിക്കൂ എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യമെന്നും മെൽബണിലെ വൻ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് താൻ ഓസ്ട്രേലിയയിൽ എത്തുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പം ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന് വൻ സംഭാവന നൽകുന്നവരാണ് അവിടെയുള്ള ഇന്ത്യൻ സമൂഹം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഒരു ആഗോള ബ്രാൻഡായി പരിണമിച്ചു. ഇന്ത്യൻ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിൽ വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർചെയ്ത സ്റ്റാർട്ടപ്പുകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Tags : Narendra Modi Addresse indian Diaspora Melbourne Australia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash