നന്ദിഗ്രാം എക്സ്പ്രസിൽ ഫസ്റ്റ് ക്ലാസ് എസി കാബിന് ഹണിമൂൺ സ്യൂട്ടാക്കിയപ്പോൾ.
മുംബൈ: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന് അലങ്കരിച്ച് ‘ഹണിമൂണ്‍ സ്യൂട്ട്’രൂപത്തിലാക്കി. കഴിഞ്ഞ ആറിന് മുംബൈയിൽനിന്നും ബാൽഹർഷയിലേക്കുള്ള നന്ദിഗ്രാം എക്സ്പ്രസിൽ യാത്ര ചെയ്ത മഹാരാഷ്ട്രയിലെ ജല്‍ന സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ വഴി ഡെക്കറേറ്ററെ ഏർപ്പാടാക്കി തങ്ങളുടെ ഫസ്റ്റ് എസി കാബിൻ പൂർണമായും അലങ്കരിച്ചത്.
ദമ്പതികള്‍ ഔറംഗബാദില്‍നിന്ന് ജല്‍ന റെയില്‍വേ സ്റ്റേഷനിലേക്കു കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് റാഹത്ത് റൂം ഡെക്കറേഷന് എന്ന സ്വകാര്യ ഡെക്കറേറ്റിംഗ് എജൻസിയിലെ ജീവനക്കാർ മുന്‍കൂട്ടി ട്രെയിന്‍ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, മെഴുകുതിരികൾ, ‘ലവ് യു ' എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു അലങ്കാരം. ഇതുസംബന്ധിച്ച് ‘ഹണിമൂൺ ഓൺ വീൽസ്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടർ ഗിരീഷ് കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. റെയില്‍വേ ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ അതിരുകടന്ന അലങ്കാരങ്ങള്‍ നടത്താന്‍ അനുവാദം നല്കിയതിനാണു നടപടി. സൗത്ത് സെൻട്രൽ റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹണിമൂൺ സ്യൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ അലങ്കാരത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പലരും തമാശയായി എടുത്തപ്പോൾ, ഒരുവിഭാഗം ആളുകൾ ട്രെയിനിനുള്ളിൽ മെഴുകുതിരികൾ ഉപയോഗിച്ചതിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും യാത്രക്കാർ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ടി വരുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.
Tags : TTE suspended train Honeymoon suite Exploration Travel Wanderlust Adventure Explore TravelGram SoloTravel Backpacking RoadTrip Ecotourism TravelPhotography Culture HiddenGems