National
മുംബൈ: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന് അലങ്കരിച്ച് ‘ഹണിമൂണ്‍ സ്യൂട്ട്’രൂപത്തിലാക്കി. കഴിഞ്ഞ ആറിന് മുംബൈയിൽനിന്നും ബാൽഹർഷയിലേക്കുള്ള നന്ദിഗ്രാം എക്സ്പ്രസിൽ യാത്ര ചെയ്ത മഹാരാഷ്ട്രയിലെ ജല്‍ന സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ വഴി ഡെക്കറേറ്ററെ ഏർപ്പാടാക്കി തങ്ങളുടെ ഫസ്റ്റ് എസി കാബിൻ പൂർണമായും അലങ്കരിച്ചത്.
ദമ്പതികള്‍ ഔറംഗബാദില്‍നിന്ന് ജല്‍ന റെയില്‍വേ സ്റ്റേഷനിലേക്കു കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് റാഹത്ത് റൂം ഡെക്കറേഷന് എന്ന സ്വകാര്യ ഡെക്കറേറ്റിംഗ് എജൻസിയിലെ ജീവനക്കാർ മുന്‍കൂട്ടി ട്രെയിന്‍ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, മെഴുകുതിരികൾ, ‘ലവ് യു ' എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു അലങ്കാരം. ഇതുസംബന്ധിച്ച് ‘ഹണിമൂൺ ഓൺ വീൽസ്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടർ ഗിരീഷ് കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. റെയില്‍വേ ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ അതിരുകടന്ന അലങ്കാരങ്ങള്‍ നടത്താന്‍ അനുവാദം നല്കിയതിനാണു നടപടി. സൗത്ത് സെൻട്രൽ റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹണിമൂൺ സ്യൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ അലങ്കാരത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പലരും തമാശയായി എടുത്തപ്പോൾ, ഒരുവിഭാഗം ആളുകൾ ട്രെയിനിനുള്ളിൽ മെഴുകുതിരികൾ ഉപയോഗിച്ചതിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും യാത്രക്കാർ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ടി വരുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.
Kerala
കൊച്ചി: ഹിൽപ്പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കെഎപി ഒന്നാം ബറ്റാലിയനിലെ കെ.യു. അഭിലാഷ്, എൻ. നവാസ്, എം.വിഷ്ണു എന്നിവർക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർ അച്ചടക്ക നടപടിയെടുത്തത്.
മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞ കെ.യു.അഭിലാഷിനായി തെരച്ചിൽ ഊർജിതമാക്കി. വെള്ളിയാഴ്ച രാവിലെ 7.30ന് പോലീസ് ഓഫീസർമാർ ബാരക്കുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൂവരും മദ്യപിക്കുന്നതായി കണ്ടെത്തിയത്.
ഇവരിൽനിന്ന് മദ്യക്കുപ്പിയും ഗ്ലാസുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തുടർന്ന് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരെ തള്ളിമാറ്റി അഭിലാഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
സസ്പെൻഷനിലായ പോലീസുകാർക്കെതിരേ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പോലീസുകാരനെ കണ്ടെത്താൻ ക്യാമ്പ് അധികൃതർ അന്വേഷണം വ്യാപിപ്പിച്ചു.
Kerala
കണ്ണൂർ: ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പട്ടാനൂർ യുപി സ്കൂൾ അധ്യാപകൻ വിപിനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്ചയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
Kerala
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹിയിലെ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ നടപടി. പ്രോട്ടോക്കോൾ വീഴ്ച കണക്കിലെടുത്ത് കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിനുള്ള മറുപടി ലഭിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഡൽഹി - കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് യാത്ര ചെയ്യേണ്ടിയിരുന്നത്.
പിണറായി വിജയൻ 2.05 ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയ വിവരം ഒപ്പമുണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ഇൻഡിഗോ വിമാന കമ്പനി അധികൃതരെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോട്ടോക്കോൾ ഓഫീസർക്കു വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ലോഞ്ചിൽ വിശ്രമിച്ച പിണറായിയെ ഗേറ്റടയ്ക്കുന്ന സമയം കഴിഞ്ഞിട്ടും വിമാനക്കമ്പനി പ്രതിനിധികൾ കൂട്ടാൻ എത്താഞ്ഞതോടെ ബന്ധപ്പെട്ടപ്പോഴാണ് ഇനി വിമാനത്തിൽ കയറാനാവില്ലെന്നും സമയം കഴിഞ്ഞെന്നും അറിയിച്ചത്.
Kerala
തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു രാത്രി 10 മുതൽ നാളെ രാവിലെ 1 മണി വരെ ടിഎസ്ബി ഓൺലൈൻ, ഇ-ട്രഷറി ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ ലഭ്യമാകില്ല.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിന് സസ്പെൻഷൻ. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് നടപടി.
നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ. പത്മകുമാർ.
സ്വർണക്കൊള്ള കേസ് പുറത്തുവന്നപ്പോൾ മുതൽ പത്മകുമാറിനെ സംരക്ഷിച്ച സിപിഎം നടപടിയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പത്മകുമാർ തന്നെ സൂചിപ്പിച്ച സ്വർണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം.
International
ആംസ്റ്റർഡാം: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ സസ്പെൻഡ് ചെയ്തു. ലൈംഗികാരോപണങ്ങളിൽ ഐസിസി മേൽനോട്ട സമിതിയാണു തീരുമാനമെടുത്തത്.
വിഷയം ഐസിസിയിൽ അംഗത്വമുള്ള 125 രാജ്യങ്ങളുടെ പ രിഗണനയ്ക്കു വിടാനും തീരുമാനിച്ചു. അംഗരാജ്യങ്ങൾ വൈകാതെ യോഗം ചേർന്ന് ഖാന്റെ ഭാവി സംബന്ധിച്ച് വോട്ടെടുപ്പു നടത്തും.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ നേതൃത്വം നല്കിയ ഖാൻ അഴിമതി ആരോപണങ്ങളെത്തുടർന്ന് 2025 മേയ് മുതൽ അവധിയിലാണ്.
Kerala
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഡോ. അഭിജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ അവഗണനയാണ് പുഴുവരിക്കാന്‍ ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
മുറിവ് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് വൃത്തിയാക്കാനോ വീണ്ടും ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയാറായില്ലെന്നാണ് കണ്ടെത്തല്‍.
ഡിഎംഇ ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടില്‍ അതൃപ്തനായ മന്ത്രി വീണ്ടും വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
കഴിഞ്ഞ മാസം 28ന് ആണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന് ബൈക്കപകടത്തില്‍ പരിക്കേറ്റതും തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി കാലില്‍ കമ്പിയിട്ടതും. അഞ്ചു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് വാര്‍ഡിലേക്കു മാറ്റി. വാര്‍ഡിലെത്തിച്ച ശേഷമാണ് കാലില്‍ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിവരം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അറിയിച്ചിട്ടും സംഭവദിവസം രാത്രി ഏഴുവരെ ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളംവച്ചതോടെ വീണ്ടും രാജേന്ദ്ര പ്രസാദിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വിഷയം വലിയ വിവാദമായതോടെയാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന് അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. തുടർന്നാണ് വിശദമായ അന്വേഷണം ഉണ്ടായതും ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തതും.
Kerala
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കോളനി കുടിയൊഴിപ്പിക്കുന്നത് ഹൈക്കോടതി 16 വരെ തടഞ്ഞു.
ഈ മാസം ഒമ്പതുവരെ കുടിയൊഴിപ്പിക്കല്‍ തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഉത്തരവ്.
ഈ കാലയളവില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രശ്നപരിഹാര നടപടികള്‍ തുടരാമെന്നും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവുകള്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി പുറപ്പെടുവിക്കരുതെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
District News
പാണത്തൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് നൽകാൻ ഇറക്കിയ കട്ടിലുകൾക്ക് ഗുണനിലവാരമില്ല. കട്ടിൽ വാങ്ങാൻ എത്തിയ വയോജനങ്ങൾ പ്രതിഷേധിച്ചതോടെ ഭരണസമിതി വിതരണം നിർത്തിവച്ചു. പനത്തടി പഞ്ചായത്തിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 45 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തുമെന്ന് വാർഡ് മെംബർമാർ മുഖാന്തരം ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. ഗുണഭോക്താക്കൾ പലരും വാഹനവുമായി എത്തിയപ്പോഴാണ് കട്ടിലുകൾ പഴകി ദ്രവിച്ചതാണെന്ന് മനസിലായത്.
തുടർന്ന് ഗുണഭോക്താക്കൾ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതർ വിതരണം നിർത്തിവയ്ക്കുകയായിരുന്നു. കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ (കാഡ്കോ) എന്ന പൊതുമേഖല ഏജൻസിക്കാണ് കട്ടിലുകൾ ഇറക്കുന്നതിന് പഞ്ചായത്ത് കൊട്ടേഷൻ നൽകിയത്.
2.10 ലക്ഷം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ ചെയർമാൻ, കൂടാതെ രണ്ടു പൊതുപ്രവർത്തകർ എന്നിവരടങ്ങിയ പ്രോക്യൂയർമെന്റ് കമ്മിറ്റി നിലവിൽ ഉണ്ടായിട്ടും സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ കട്ടിലുകൾ ഇറക്കിയത് ജനങ്ങളുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഴുവൻ ഗുണഭോക്താക്കൾക്കും ഗുണനിലവാരമുള്ള കട്ടിലുകൾ പിന്നീട് വിതരണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. കൊല്ലം ആർടി ഓഫീസിലെ എംവിഐ ചാത്തന്നൂർ മീനാട് സ്വദേശി അജയകുമാറിയാണ് അന്വേഷണ വിധേയമായി ഗതാഗത വകുപ്പ് സസ്പെൻന്റ് ചെയ്തത്.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐഡിയും പാസ്വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകി തിരിമറിക്ക് ഒത്താശ ചെയ്തു എന്ന ഗുരുതര കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി.
ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനുള്ള നടപടികൾ സഹപ്രവർത്തകർ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സൈദുലജാബിൽ വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറ് ആയി ഉയർന്നു. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ആണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണത്. അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.സമീപമുണ്ടായിരുന്ന താത്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന കാന്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. തുടർന്ന് ഒൻപത് പേരെ കൂടി രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Kerala
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവരെയാണ് ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ രഞ്ചിത്ത് താളിക്കാവിനെ മർദിച്ചവർക്ക് എതിരെയാണ് നടപടി. രജീവൻ അടുത്ത ദിവസങ്ങളിൽ വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ഉത്തരവെത്തിയത്.
കഴിഞ്ഞ ദിവസമുണ്ടായ മർദനത്തിൽ ഇവർക്ക് എതിരെയും ഒപ്പമുണ്ടായിരുന്ന തൻസീറിനെതിരെയും ടൗൺ പോലീസ് കേസെടുത്തിരുന്നു.
Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇവരെ പുറത്തിറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേഷ് കുമാർ എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. പ്രതികൾക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും എത്താൻ കഴിയുന്ന രീതിയിൽ പരോൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
പ്രതികൾ നാട്ടിലെത്തുന്നത് സംഘർഷത്തിന് കാരണമാകുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് നാലു പ്രതികളുടെ പരോൾ തടയുകയായിരുന്നു.
National
ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പോലീസുകാർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസാണ് സബ് ഇൻസ്പെക്ടർ അടക്കം ആറു പോലീസുകാർക്കെതിരെ നടപടിയെടുത്തത്. നടപടി നേരിട്ട പോലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.
മേയ് 10ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനിടെയാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ കുപ്പറെഡ്ഡി കേരെയ്ക്ക് സമീപത്ത് സ്വകാര്യ സ്ഥലത്തിന്റെ ചുറ്റുമതിലിൽ സംശയകരമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട പെട്ടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്.
കോൺസ്റ്റബിൾ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടികൾ, കർപ്പൂരം, ബാറ്ററികൾ, വയറുകൾ, റിയൽ-ടൈം ക്ലോക്ക്, എൽസിഡി ഡിസ്പ്ലേ എന്നിവയാണ് പാക്ക് ചെയ്ത് ബോക്സിൽ ഉണ്ടായിരുന്നത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് ബോക്സിൽനിന്ന് കണ്ടെത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ എൻഐഎ വിവരങ്ങൾ തേടിയതിനെ തുടർന്നാണ് ബോക്സിൽ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെട്ടത്.
Kerala
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: പോലീസ് കാവലിൽ ചികിത്സയിലുണ്ടായിരുന്ന സിപിഎം പ്രവർത്തകരായ പ്രതികൾ ആശുപത്രിയിൽ നിന്നു കടന്നുകളഞ്ഞ സംഭവത്തിൽ രണ്ട് പോലീസുകാർക്കു സസ്പെൻഷൻ. വളപട്ടണം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. സുമിത്ത്, മിഥുൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർ പെരളശേരി വടക്കുമ്പാട്ടെ അമൽ, ജിനേഷ് എന്നിവരാണ് കടന്നുകളഞ്ഞത്. ഇവരെ ഇന്ന് പിടികൂടിയിരുന്നു.
പ്രതികളെ സഹായിച്ച ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ്, കണ്ണൂർ ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ്, കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സനന്ത് കുമാർ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ സായന്ത്, അഭിഷേക് എന്നിവരെ എസിപിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് പൊലീസിനെ അക്രമിച്ച് പ്രതികളെ രക്ഷിച്ചത്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം.
Kerala
മലപ്പുറം: ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയ പോലീസുകാരന് സസ്പെൻഷൻ. കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം എസ്പിയുടേതാണ് നടപടി.
40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരിൽ പിടിയിലായ പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും, കൊണ്ടോട്ടി എഎസ്പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗോവിന് രാജിനെതിരെ തുടർനടപടിയുണ്ടാകുമെന്ന് മലപ്പുറം എസ്പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ കരിപ്പൂർ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
National
ലക്നോ: വിദ്യാർഥിനിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചതിനും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തതിനും ലക്നോ യൂണിവേഴ്സിറ്റിയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ പർമീത് സിംഗ് (40)നെ സസ്പെൻഡ് ചെയ്തു
വൈസ് ചാൻസലർ ജെ.പി. സൈനിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇയാളെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗീകമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും അധ്യാപകരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് മൂന്നംഗ ഉന്നതതല അച്ചടക്ക സമിതി തങ്ങളുടെ ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
സർവകലാശാലയുടെ അന്തസിന് ഭംഗം വരുത്തിയതിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു. കൂടാതെ, തൊഴിലിടത്തിൽ ഗുരുതരമായ ലൈംഗീക-മാനസിക പീഡനങ്ങളും മോശം പെരുമാറ്റവും നടത്തിയതിനും ഇയാൾ ഉത്തരവാദിയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
അധ്യാപകന് എതിരെ കുറ്റപത്രം നൽകിയിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ തെളിവുകൾ സഹിതം രേഖാമൂലമുള്ള മറുപടി നൽകണമെന്നും അല്ലാത്തപക്ഷം പിരിച്ചുവിടൽ നടപടികൾ ആരംഭിക്കാമെന്നും സർവകലാശാല അറിയിച്ചു.
അസിസ്റ്റന്റ് പ്രഫസറും ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം പുറത്തുവന്നത്. ഈ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടതും അധ്യാപകനെതിരെ നടപടിയെടുത്തതും.
യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മേയ് 16 ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: പനങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. സിഐ വിപിൻദാസ്, എസ്ഐ മുനീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പനങ്ങാട് ചേപ്പനത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ടു നൽകിയ കൗണ്ടർ പരാതിയിൽ കേസെടുക്കാത്തതിനെത്തുടർന്നാണു നടപടി.
കഴിഞ്ഞ ജനുവരിയിൽ നടന്ന അടിപിടി കേസിൽ പനങ്ങാട് പോലീസ് ഒരാളെ പിടികൂടിയിരുന്നു. ഇതിനെതിരേ ദളിത് യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Kerala
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ തടവുശിക്ഷ ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മരവിപ്പിച്ചു.
കളമേശരി മൂലേപ്പാടം റോഡില്‍ കാഞ്ഞിരത്തിങ്കല്‍ സുനിത (25) ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് യു.സി. കോളജ് കടേപ്പിള്ളി റോഡില്‍ അറഫ വില്ലയില്‍ അരുണിന് പറവൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച എട്ടു വര്‍ഷത്തെ തടവുശിക്ഷയാണ് ജസ്റ്റീസ് എം.എ. അബ്ദുല്‍ ഹക്കീം മരവിപ്പിച്ചത്.
വിചാരണക്കോടതി വിധിച്ച പിഴത്തുകയും ജാമ്യവ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റു രണ്ടുപേരുടെയും ജാമ്യ ബോണ്ടും കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ഉത്തരവ്.
2014ല്‍ വിവാഹിതയായ സുനിത, കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള ശാരീരിക, മാനസിക പീഡനത്തിനു നിരന്തരം ഇടയായെന്നും തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ ആത്മഹത്യ ചെയ്തുവെന്നുമാണ് കേസ്.
Kerala
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിക്കെതിരെ നടപടിയുമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് നടപടി.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യത്തോടെ പ്രകടനം നടത്തിയതിലാണ് നടപടി.
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു തൊടുപുഴയിൽ പ്രകടനം നടന്നത്. വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായർക്കുമെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയത്. സംഭവം വിവാദമായതോടെയാണ് നടപടി.
Kerala
തൃശൂര്‍: വ്യാജ ബില്‍ നല്കി പണം തട്ടാന്‍ ശ്രമിച്ച മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പന്ഷന്. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്.
വ്യാജ മെഡിക്കല്‍ ബില്‍ നല്കി തുക തട്ടാനായിരുന്നു ശ്രമം. ഇത്തരത്തില്‍ 30,000 രൂപ ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തത്. കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ഇവര്‍ തട്ടിപ്പ് നടത്താനായി നല്‍കിയത്.
ബില്‍ അപ്രൂവ് ചെയ്യണമെന്ന് ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ ബില്‍ അപ്രൂവ് ചെയ്ത് നല്‍കിയില്ല. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ വ്യാജ സീലും വ്യാജ ഒപ്പുമിട്ട് ബില്‍ തയാറാക്കി ഹൈക്കോടതിക്ക് നല്കി.
ബില്ലില്‍ സംശയം തോന്നിയ ഹൈക്കോടതിയിലെ ബന്ധപ്പെട്ട വിഭാഗം പരിശോധന നടത്തിയപ്പോള്‍ ബില്‍ വ്യാജ ബില്ലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ ജുഡീഷ്യറി മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ആറുമാസത്തേക്കാണ് സസ്പെന്ഷന്. ഇതിനിടയില്‍ വിശദമായ അന്വേഷണവും നടത്തും. നെയ്യാറ്റിന് കര മജിസ്ട്രേറ്റായിരിക്കെ എഎസ്ഐയോട് മോശം വാക്കുകള്‍ ഉപയോഗിച്ചതിന് നടപടി നേരിട്ടിരുന്നു.
Kerala
കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപിടിത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
തൃശൂർ: ഇറച്ചിക്കോഴി മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നൽകിയ സംഭവത്തില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തു. മൂന്ന് ദിവസത്തേക്ക് ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തിരിക്കുന്നത്.
കോഴി മാലിന്യം നിക്ഷേപിച്ച ചാലക്കുടി ചൊവ്വരക്കാരന്‍ വീട്ടില്‍ ജെയ്സന്റെ വാഹനത്തിന്റെ രജിസ്ട്രേഷനാണ് സസ്പെന്റ് ചെയ്തത്. ചാലക്കുടി നഗരസഭ സെക്രട്ടറിയുടെ പരാതിയെതുടര്‍ന്നാണ് നടപടി.
ചാലക്കുടിയില്‍ വഴിനീളെ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും ഇത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുന്നിവെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഎംവിഐ നടത്തിയ അന്വേഷണത്തില്‍ സംഭവം വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാഹന ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകി.
പരാതിക്കാരന് നേരിട്ട് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിക്കുകയും ഇനിയാവര്ക്കില്ലെന്നെന്നും അറിയിച്ചു. വാഹനത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തെരുവില്‍ നിക്ഷേപിച്ചത് ഡെയ്ഞ്ചര്‍ ടു പബ്ലിക് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ രജിസ്ട്രേഷന് മൂന്ന് ദിവസത്തേക്ക് സസ്പെന്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നൽകുകയും ചെയ്തു.
National
ഇൻഡോർ: അന്വേഷണത്തിന്റെ പേരിൽ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യവസായിയായ ഗൗരവ് ജെയിൻ എന്നയാളുടെ വീട്ടിലാണ് പോലീസുകാർ മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം.
റിട്ട. എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തർക്കത്തിൽ ഗൗരവ് ജെയിൻ ഉൾപ്പെട്ട ഒരു ചെക്ക് ബൗൺസ് കേസ് നില നിന്നിരുന്നു. ഈ കേസിൽ വാറണ്ട് നടപ്പിലാക്കാനാണ് പോലീസ് വ്യവസായിയുടെ വീട്ടിലെത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസുകാർ വീട്ടുകാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്.
പിന്നീട് അന്വേഷണത്തിന്റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ പോലീസുകാരെ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാർ പ്രതീക് പ്രതികരിച്ചു.
കേസ് നിലവിൽ വിജയനഗർ എസിപി അന്വേഷിക്കുന്നുണ്ടെന്നും, വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്സിന് വഴി നല്‍കാത്ത സംഭവത്തില്‍ വാഹനയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില്‍ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം.
മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്കിയ വിശദീകരണം.
സംഭവത്തില്‍ കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തുറവൂര്‍ ആശുപത്രിയിൽ തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്സിനെ കാര്‍ തടഞ്ഞിരുന്നു.
National
മുസഫർനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനിടെ ഡ്യൂട്ടിക്ക് എത്താതെ മദ്യപിച്ച് ലക്കുകെട്ട റോഡരുകിൽ കിടന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.
സുരക്ഷാ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി. സബ് ഇൻസ്പെക്ടർ ചൗബേ സിംഗിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ചൗബേ സിംഗിന് നൽകിയിരുന്നത്. എന്നാൽ നിർദ്ദേശിച്ച സമയത്ത് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാളെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപിച്ച് ലക്കുകെട്ട് ഛർദ്ദിലിൽ മുങ്ങിയ യൂണിഫോമിലാണ് റോഡരികിൽ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്നു ചൗബേ സിംഗ്.
Kerala
തിരുവനന്തപുരം : ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഡ് ചെയ്തു. സിപിഒ മാരായ ജെ.ആർ. റിയാസ്, മുഹമ്മദ് ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ സിപിഒ മാരാണ് ഇവർ.
കഴിഞ്ഞ ദിവസം പുത്തൻപാലം രാജേഷിനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയ്ക്ക് വിളിക്കാൻ ഫോൺ കൊടുത്തുവെന്നും പ്രതി ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിച്ചു നൽകിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫോൺ ഉപയോഗിച്ച് പ്രതി സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിസിപിയുടേതാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഡിസിപി ഉത്തരവിട്ടു.
Kerala
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ. പോലീസ് ആസ്ഥാനത്ത് പാറാവ് ഡ്യൂട്ടിലുണ്ടായിരുന്നു കിരണിനെയാണ് സസ്പെൻഡ് ചെയ്തത്.
വാഹനം പാർക്ക് ചെയ്തതിലെ തർക്കത്തെതുടർന്നാണ് ട്രാഫിക് ഡ്യൂട്ടിലുണ്ടായിരുന്ന വിശാഖും കിരണും തമ്മിൽ ഏറ്റമുട്ടിയത്. വിശാഖ് മ്യൂസിയം സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. കിരണ്‍ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ടായിരുന്നു. ഇതേതുടർന്ന് പോലീസ് ആസ്ഥാനത്തുനിന്നു കിരണിനെ മലപ്പുറത്തേക്ക് മടക്കിയിരുന്നു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ സസ്പെൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസിന്റെയും മുഖ്യമന്ത്രിയുടെയും യാത്രകൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ വാടക കഴിഞ്ഞ ഫെബ്രുവരി മുതൽ മുടങ്ങിയതായി വിവരാവകാശ രേഖ.
2026 ഫെബ്രുവരി 20 മുതലുള്ള ഹെലികോപ്റ്റർ വാടകയാണ് ഫണ്ടിന്റെ ലഭ്യതക്കുറവു മൂലം തീർപ്പാക്കാനാകാത്തത്. പോലീസിന്റെ കൈവശം ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതാണ് കുടിശിക വരാൻ കാരണമെന്ന് പോലീസ് ആസ്ഥാനത്തു നൽകിയ മറുപടിയിൽ പറയുന്നു.
ഹെലികോപ്റ്റർ വാടകഇനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായി കെപിസിസി സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. സി.ആർ. പ്രാണകുമാറിനു നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
എന്നാൽ, സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഫെബ്രുവരി- മാർച്ച് മാസത്തിൽ നൽകേണ്ട വാടക നൽകാനായില്ല. നിലവിൽ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനിൽ നിന്നാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
പ്രതിമാസം 25 മണിക്കൂർ പറക്കാനാകും. 25 മണിക്കൂറിൽ കൂടുതൽ പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികമായി നൽകണം.
ആദ്യഘട്ടത്തിൽ പവൻഹാൻസ് ലിമിറ്റഡിൽ നിന്നായിരുന്നു മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്.
Kerala
കൊല്ലം: കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കൊല്ലം - ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി.ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ ജെ.ജോര്‍ജ് ജോസി, സിവില്‍ എക്സൈസ് ഓഫീസര്‍ സിവിന് സജി ചെറിയാന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് എക്സൈസ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.
പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണിച്ച നിലയിൽ കിട്ടിയത്. കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പോലീസിലും പരാതി നൽകിയിരുന്നു.
മണിമല നെല്ലുവേലി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു
കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് ഇന്ന്പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.
Kerala
തിരുവനന്തപുരം: എംഡിഎംഎ കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സീനിയർ സൂപ്രണ്ട് നജീബ് ഖാനെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
മുൻ സന്തോഷ് ട്രോഫി താരം കൂടിയായ നജീബ് ഖാനിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.
Kerala
കണ്ണൂർ: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന പരാതിയിൽ കണ്ണൂര്‍ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി.സുമേഷിന്റെ പരാതി പിആര്‍ഡി വാര്‍ത്താക്കുറിപ്പായി ഇറക്കിയെന്നായിരുന്നു ആരോപണം.
തനിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി ആരോപിച്ച് കെ.വി.സുമേഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സുമേഷ് പരാതി നല്കിയ കാര്യം പിആര്‍ഡിയുടെ വാര്‍ത്താക്കുറിപ്പിലും ഉള്‍പ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്.
ഇൻഫർമേഷൻ ഓഫീസറുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
Kerala
കണ്ണൂര്‍: എൽഡിഎഫ് സ്ഥാനാർഥിക്കായി സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്.
അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.
അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർഥി.
Kerala
തിരുവനന്തപുരം: വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.കെ. മുരളി ജയിക്കുമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട പോലീസുകാരനെ സസ്പെൻഡു ചെയ്തു. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന് സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയുടേതാണ് നടപടി. ഒരു മാധ്യമത്തിന്റെ വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിനാണ് വൈശാഖന് കമന്റിട്ടത്.
ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. വൈശാഖന്റെ പ്രവൃത്തി സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും എസ്പി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡു ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി നോബിൾ മാത്യു രംഗത്തു വന്നിരുന്നു.
തുടർന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടപടിയെടുത്തത്. തന്നെപ്പോലെ വർഷങ്ങളായി വിറക് വെട്ടുന്നവരും വെള്ളം കോരുന്നവരുമായി നിരവധി പ്രവർത്തകർ പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും അവരെയൊന്നും പാർട്ടി പരിഗണിച്ചില്ലെന്നും നോബിൾ പറഞ്ഞു. ജോർജ് കുര്യന് വിജയ സാധ്യതയില്ല.
തനിക്ക് കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ബന്ധങ്ങളുണ്ട്. ജോർജ് കുര്യന് മണ്ഡലത്തിൽ ബന്ധങ്ങളില്ല. അതിനാൽ 20,000 വോട്ട് തികച്ചു കിട്ടില്ലെന്നും നോബിൾ മാത്യു പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: യുഎഇ വിമാനത്താവള അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. ഞായറാഴ്ച നടത്താനിരുന്ന നിരവധി സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
ഇറാൻ, ഇറാഖ് വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാനങ്ങൾക്ക് ദൂരം കൂടുതലുള്ള ബദൽ പാതകൾ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയക്രമത്തിൽ ഇളവ് അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് ഇളവ് ബാധകമാകുക.
നിലവിലെ സാഹചര്യത്തിൽ പുതിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ ഡൽഹിക്കും ദുബായിക്കും ഇടയിൽ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ബാക്കി നാല് വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസും ഡൽഹി - ദുബായ് സെക്ടറിൽ ഒരു സർവീസ് മാത്രമാണ് നിലനിർത്തിയത്. ബാക്കി അഞ്ച് സർവീസുകളും ഒഴിവാക്കിയിരിക്കുകയാണ്.
അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. യാത്ര തടസപ്പെട്ടവർക്ക് ടിക്കറ്റുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ തുക പൂർണമായി തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. അതേസമയം ദോഹയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ഡൽഹി, മുംബൈ എന്നിവയുൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
National
വാരാണസി: പാചകവാതക പ്രതിസന്ധിയെത്തുടർന്ന് വാരാണസിയിലെ അന്നപൂർണ ക്ഷേത്രത്തിൽ പ്രസാദവിതരണം മുടങ്ങി.
വിശ്വാസികൾക്കു പ്രസാദം തയാറാക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ക്ഷേത്രപൂജാരി മഹന്ത് ശങ്കർ ഗിരി മഹാരാജ് പറഞ്ഞു.
ക്ഷേത്രത്തിൽ ഭക്ഷണം തയാറാക്കുന്ന രണ്ട് യൂണിറ്റുകളിൽ ഒന്ന് ഇന്നലെമുതൽ അടച്ചിട്ടിരിക്കുകയാണ്. രണ്ടാമത്തേതും ഏതുസമയവും അടച്ചിടേണ്ട സ്ഥിതിയാണ് -അദ്ദേഹം പറഞ്ഞു.
പാചകവാതക വിതരണത്തിൽ തടസമില്ലെന്നും കരിഞ്ചന്തയ്ക്കെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും ഉത്തർപ്രദേശ് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ക്ഷേത്രം പൂജാരിയുടെ പ്രതികരണം.
പ്രതിദിനം കാൽ ലക്ഷത്തോളം പേർക്കാണു ക്ഷേത്രത്തിൽനിന്ന് പ്രസാദം നൽകുന്നത്. ഇന്നലെയാകട്ടെ 3000 ഭക്തർക്കു മാത്രമാണ് പ്രസാദം നൽകാനായത്.
International
അബുദാബി: യുഎഇയിൽ വീണ്ടും അലർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.
ഇതേതുടർന്നു ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.
Kerala
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള്‍ കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
Sports
മഡ്രിഡ്: റയൽ മഡ്രിഡ് താരം വിനീഷ്യസിനു നേരേ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബെൻഫിക്കയുടെ ജിയാൻലുക്ക പ്രെസ്റ്റിയാനിക്കു സസ്പെൻഷൻ.
അർജന്റീനക്കാരനായ പ്രെസ്റ്റിയാനി തനിക്കുനേരേ വംശീയാധിക്ഷേപം നടത്തിയെന്നു വിനീഷ്യസ്് റഫറിക്കു പരാതി നൽകിയിരുന്നു.
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫ് ആദ്യപാദ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.
താൻ നിരപരാധിയാണെന്ന നിലപാടിലായിരുന്നു പ്രെസ്റ്റിയാനി. എന്നാൽ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ പ്രെസ്റ്റിയാനിയ്ക്ക് ഒരു മത്സരത്തിൽ വിലക്ക് പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര നാൽപ്പതിൽച്ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ സർജറി നടത്തിയ ഡോക്ടർ ഷാഹിദയ്ക്ക് സസ്പെൻഷൻ.
ഷാഹിദയ്ക്കു പുറമേ നഴ്സ് ധന്യയെയും സസ്പെൻഡ് ചെയ്തു. ചികിത്സാപ്പിഴവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021 ലായിരുന്നു ശസ്ത്രക്രിയ. വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.
ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റിനു കീഴിൽ അസിസ്റ്റന്റ് ഡോ.ഷാഹീദയുടെ നേതൃത്വത്തിലുള്ള ടീമിനെ സഹായിക്കാൻ രണ്ട് ഡോക്ടർമാരും മൂന്ന് അനസ്ത്യേഷ്യ ഡോക്ടർമാരും നഴ്സിംഗ് ഓഫീസറും രണ്ട് നഴ്സുമാരും ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘമാണ് 2021 മേയ് 12ന് ഉഷയുടെ ശസ്ത്രക്രിയ നടത്തിയത്.
National
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസപ്പെട്ടെന്ന് റിപ്പോർട്ട്. സാങ്കേതിക തകരാറിനെതുടർന്നാണ് ഡൽഹി, മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിലെ സർവീസുകൾ തടസപ്പെട്ടത്. ബുക്കിംഗിനും ചെക്ക്-ഇൻ ചെയ്യാനും എയർലൈനുകൾ ആശ്രയിക്കുന്ന നാവിറ്റെയർ സംവിധാനമാണ് തകരാറിലായതെന്നാണ് വിവരം. ഇതോടെ ചെക്ക് ഇൻ നടപടികൾ വൈകുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.
ഇന്ന് രാവിലെ 6.45 മുതൽ 7.30 വരെ 45 മിനിറ്റ് നേരമാണ് വിവിധ വിമാനത്താവളങ്ങളിൽ തടസം നേരിട്ടത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ വിമാന സർവീസുകളെ ഇത് ബാധിച്ചു. എന്നാൽ ദ്രുതഗതിയിൽ പരിഹാരം കണ്ട ഇൻഡിഗോ 25 മിനിറ്റിനുള്ളിൽ സംവിധാനം പൂർവസ്ഥിതിയിലാക്കി. രാവിലെ 8.25 ഓടെ പ്രതിസന്ധി പൂർണമായി പരിഹരിച്ചു.
റിസർവേഷനുകൾ, ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവയ്ക്കായാണ് വിമാനക്കമ്പനികൾ നാവിറ്റെയർ സിസ്റ്റത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സമാനമായ നിലയിൽ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം 800 വിമാന സർവീസുകൾ വൈകിയിരുന്നു. എന്നാൽ ഇന്ന് എത്ര വിമാന സർവീസുകൾ വൈകിയെന്ന കണക്ക് പുറത്തുവന്നിട്ടില്ല.
പ്രതിദിനം 1500 ലധികം വിമാന സർവീസുകൾ ഡൽഹി വിമാനത്താവളത്തിലും 1000 ത്തിലേറെ സർവീസുകൾ മുംബൈ വിമാനത്താവളത്തിലും ഓപ്പറേറ്റ് ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്.
Kerala
കൊച്ചി: അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ, എറണാകുളം ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ.
പോലീസുകാർക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കൾ പരാതി നൽകിയിരുന്നു.
വൈപ്പിൻ ബീച്ചിൽ നടക്കാൻ ഇറങ്ങിയ യുവാക്കൾക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.
യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലാണ് നടപടിയെടുത്തിരിക്കുന്നത്.
National
ബംഗുളൂരു: കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് മാണ്ഡ്യ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. നാഗശയനയെ സസ്പെൻഡ് ചെയ്തു.
സിഎൽ-ഏഴ് ലൈസൻസ് അനുവദിക്കുന്നതിന് നാഗശയന 60 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സുന്ദർ എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റിൽ അപേക്ഷകനായ സുന്ദറും നാഗശയനയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്ന് എക്സൈസ് കമീഷണർ നാഗശയനക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
നാഗശയന ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ, കൈക്കൂലി ആവശ്യപ്പെട്ടത് ശരിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തീകരിക്കുന്നതിനുമുന്‍പ് കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അംഗത്തെ പ്രസംഗിക്കാൻ വിളിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. സ്പീക്കറുടെ ചെയറിനു മുന്നിൽ പേപ്പർ കീറി എറിഞ്ഞതിനും ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനും ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുൾപ്പടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
നടപ്പ് സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ രണ്ടുവരെയാണ് സസ്പെൻഷൻ. കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, അമരീന്ദർ സിംഗ് രാജ വാറിംഗ്, സി. കിരണ്‍ കുമാർ റെഡ്ഢി, ഗുർജീത് സിംഗ് ഔജ്ല, സിപിഎമ്മിന്റെ മധുര എംപി എസ്. വെങ്കിടേശൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റുള്ളവർ. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തിയാക്കിയശേഷം മാത്രമേ സഭയിലെ മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാവൂ. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെടുന്നതാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവം രാഹുൽ ഗാന്ധി ഇന്നലെയും സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കറിന്റെ ചെയറിൽ ഉണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നറ്റി അനുമതി നിഷേധിച്ചതോടെയാണു ബഹളം കനത്തത്. സമാജ്വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് രാവിലെ പിരിഞ്ഞ ലോക്സഭ ഉച്ചകഴിഞ്ഞു രണ്ടിനു ചേർന്നപ്പോൾ രാഹുൽ പ്രസംഗിക്കാനെത്തി. നരവനെയുടെ ഓർമക്കുറിപ്പിലെ സംഭവം സംബന്ധിച്ച് തിങ്കളാഴ്ച ഉന്നയിച്ച സമാനവിഷയം ഇന്നലെയും രാഹുൽ ഉന്നയിക്കാൻ ശ്രമിച്ചു. ഇതുസംബന്ധിച്ച രേഖകൾ ആധികാരികമാക്കാൻ സ്പീക്കർക്കു കൈമാറി. റൂളിംഗിലൂടെ അനുമതി നിഷേധിച്ച സമാന വിഷയം വീണ്ടും ഉന്നയിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നൽകാൻ മാത്രമേ സാധിക്കൂവെന്നും വ്യക്തമാക്കി സ്പീക്കർ മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ ക്ഷണിച്ചു.
എന്നാൽ പ്രതിപക്ഷത്തുനിന്ന് ആരും പ്രസംഗിക്കാൻ തയാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുന്നതാണ് പിന്നീടു കണ്ടത്. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കവർ പേജും എംപിമാരുടെ കൈയിലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ പ്രസംഗിക്കാൻ വിസമ്മതിച്ചതോടെ ടിഡിപിയുടെ ജി.എം. ഹരീഷ് ബാലയോഗി സംസാരിച്ചുതുടങ്ങിയപ്പോഴേക്കും സസ്പെൻഷൻ ലഭിച്ച എംപിമാർ ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിലെത്തി സ്പീക്കർക്കു നേരേ മുദ്യാവാക്യങ്ങൾ മുഴക്കി. മാണിക്കം ടാഗോറാണ് ആദ്യം ഇരിപ്പിടത്തിലേക്കു കയറിയത്. പിന്നാലെ ഹൈബി, ഡീൻ തുടങ്ങിയവരുൾപ്പെടെയുള്ള എംപിമാരും കയറി മുദ്രാവാക്യങ്ങൾ മുഴക്കി. അമരീന്ദർ സിംഗ് വാറിംഗ് പേപ്പർ കീറിയെറിഞ്ഞതോടെ ലോക്സഭ മൂന്നുവരെ നിർത്തിവച്ചു.
സഭ വീണ്ടും സമ്മേളിച്ചപ്പോൾ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ അറിയിച്ചു. അപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, ആർ. സുധ തുടങ്ങി നാല് എംപിമാർ വീണ്ടും സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം മുഴക്കി. നരവാനെയുടെ പുസ്തകത്തിന്റെ കവർ പേജിന്റെ കോപ്പി കോണ്‍ഗ്രസിന്റെ തമിഴ്നാട്ടിൽനിന്നുള്ള എംപി ആർ. സുധ സ്പീക്കർക്കു നേരേ കീറിയെറിഞ്ഞു. ബഹളം കനത്തതോടെ സഭ പിരിച്ചുവിട്ടു. തുടർന്ന് പാർലമെന്റിനു പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പ്രതിഷേധിച്ചു.
സ്പീക്കറിന്റെ ചെയറിനു നേരേ രണ്ടാമത് പേപ്പർ കീറിയെറിഞ്ഞ ആർ. സുധയ്ക്കെതിരേ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചതിന് ലഭിച്ച സസ്പെൻഷൻ വലിയ അംഗീകാരമാണെന്ന് ഡീനും ഹൈബിയും പ്രതികരിച്ചു.
Kerala
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്പെൻഷൻ.
ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.
സസ്പെൻഷനിൽ പ്രതിഷേധിച്ച് എട്ട് എംപിമാരും പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.
മുൻ കരസേന മേധാവി എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് ലോക്സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ സംഘർഷാവസ്ഥ തുടരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ എംഎൽഎമാർ വീണ്ടും ശ്രമിച്ചു.
അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇവരെ വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. സഭാനടപടികൾ താത്കാലികമായി നിർത്തിവച്ച സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുപോയി.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്ലക്കാർഡും ബാനറും ഉയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധിക്കുന്നത്.
Kerala
തിരുവനന്തപുരം: നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ സിപിഒയ്ക്ക് സസ്പെൻഷൻ. പള്ളിക്കൽ സ്റ്റേഷനിലെ ചന്തുവിനെതിരെയാണ് നടപടിയെടുത്തത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
ഗാനമേളയ്ക്കിടെ നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇവരിൽ പള്ളിക്കൽ സ്റ്റേഷനിലെ സിപിഒ ചന്തുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് നഗരൂർ എസ്ഐ അൻസാറും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്നമുണ്ടാക്കിയവരെ പിരിച്ചുവിട്ടത്.
ഗാനമേളയ്ക്ക് ശേഷം പോലീസുകാർ മടങ്ങിപോകുന്നതിനിടെ ചന്തുവും സഹോദരനും മറ്റ് ചിലരും ചേർന്ന് എസ്ഐയെ മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നുതന്നെ ചന്തുവിനെയും സഹോദരനെയും മറ്റുചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ചന്തുവിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്പെന്ഷന്.
വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
എക്സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര്‍ ഉടമയ്ക്കെതിരേയും നടപടിയുണ്ടാകും.
Kerala
തിരുവനന്തപുരം: യൂണിഫോമിൽ ബാറിലെത്തി മദ്യസൽക്കാരത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ആശ, അഞ്ജന എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലിൽ ആയിരുന്നു മദ്യ സൽക്കാരം നടന്നത്. സംഭവം വിവാദമായതോടെയാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ നടപടി വകുപ്പിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
പിന്നാലെയാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ഉദ്യോഗസ്ഥർ പരസ്യമായി മദ്യപിച്ചത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
Kerala
വയനാട്: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ സസ്പെന്‍ഡ് ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യയുടെ പരാതിയിലാണ് നടപടി. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടാണ് പരാതി.
ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10000 രൂപ ഡെപ്യൂട്ടി കളക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് ഉൾപ്പെടെയാണ് പരാതി. കൃത്യവിലോപവും ചട്ടലംഘനവുമായതിനാൽ അന്വേഷണ വിധേയമായാണ് ഗീതയെ സസ്പെന്‍ഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
നോട്ടീസ് നൽകി വിഷ്ണുവിനെ വിട്ടയച്ചതിനാലാണ് ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, കിളിമാനൂർ വാഹനാപകടത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
National
ഗോഹട്ടി: ആസാമിലെ കൊക്രജാർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം.
ബോഡോ വിഭാഗവും ആദിവാസികളും തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചു. താത്കാലികമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
തിങ്കളാഴ്ച രാത്രി കൊക്രജറിലെ കരിഗാവ് ഔട്ട്പോസ്റ്റിലെ മാൻസിംഗ് റോഡിൽ മൂന്ന് ബോഡോകൾ സഞ്ചരിച്ച വാഹനം രണ്ട് ആദിവാസികളെ ഇടിച്ചിട്ടു.
പിന്നാലെ സമീപത്തെ ആദിവാസി ഗ്രാമത്തിലെ ആളുകൾ ബോഡോകളെ മർദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംഘർഷം വ്യാപിച്ചു.
Kerala
കൊച്ചി: പ്രതിയിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി. ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഞ്ചാവ് കണ്ടെത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന 10,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. തൊഴിലുടമ നൽകിയ പരാതിയിന്മേൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
ബംഗുളൂരു: മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. സംഭവത്തിൽ ആറ് അധ്യാപകരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.
അനുമോൾ റസ്ദാൻ, ഷബാന ബാനു, ഫൈക കോൽക്കർ, ആൽബ ദിനേശ്, സിന്ധു .ആർ, സുഷ്മിനി ഹെഗ്ഡെ എന്നിവർക്കെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്.
ദ് ഓക്സ്ഫോർഡ് ഡെന്റൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ യശസ്വിനി (23)ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
കോളജിൽ യശസ്വിനി കടുത്ത പീഡനമാണ് നേരിട്ടിരുന്നത്. കണ്ണ് വേദന മൂലം യശസ്വിനി ഒരു ദിവസം അവധിയെടുത്തെന്നും പിറ്റേന്ന് കോളജിൽ തിരിച്ചെത്തിയപ്പോൾ ഒരു സെമിനാറിൽ പങ്കെടുക്കാത്തതിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്നും യശസ്വനിയുടെ അമ്മ ഭൂദേവയ്യ ആരോപിക്കുന്നു.
അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് യശസ്വിനി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. യശസ്വിനിയുടെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മോർച്ചറിയുടെ പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കേരള പോലീസിന് നാണക്കേടായി കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷനുകള്. പുതുവർഷത്തിന്റെ ആരംഭത്തില്‍ തന്നെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ ക്രിമിനല്‍ കേസുകളില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് 1: ലഹരിമാഫിയ ബന്ധത്തെ തുടര്‍ന്നാണ് കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുബീറിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂര്‍ ഭായി കോളനിയിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയില്‍ നിന്നും എക്സൈസ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പിന്നാലെ അറസ്റ്റിലായ സെലീന എന്ന സ്ത്രീക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസിൽ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിന് പിന്നാലെയാണ് സൂബീറിനെ സസ്പെൻഡ് ചെയ്തത്.
സസ്പെന്ഷന് 2: കഴിഞ്ഞ ബുധനാഴ്ച തന്നെയാണ് പള്ളുരുത്തി സിപിഒ വിജേഷിനെയും സസ്പെന്‍ഡ് ചെയ്യുന്നത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്ന പള്ളുരുത്തി സ്വദേശിനിയായ സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് വിജേഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച യുവതിയുടെ വീട്ടില്‍ വെരിഫിക്കേഷനായി എത്താതെ തന്നെ വന്നു കാണാന്‍ വിജേഷ് ആവശ്യപ്പെടുകയായിരുന്നു.
തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് യുവതിയോട് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാന്‍ നിര്‍ദേശിച്ചു. പിന്നാലെ കാറില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ജനുവരി അഞ്ചിനാണ് ആണ് സംഭയവം നടന്നത്. യുവതിയുടെ പരാതിയില്‍ ഹാര്‍ബര്‍ പോലീസ് വിജേഷിനെതിരേ കേസെടുത്തിരുന്നു.
സസ്പെന്ഷന് 3: ഓണ്‍ലൈന്‍ തട്ടിപ്പുകേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതാണ് ഏറ്റവും പുതിയ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും റൈറ്ററുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് റൂറല്‍ ജില്ല പോലീസ് മേധാവി കെ ഹേമലത സസ്പെന്‍ഡ് ചെയ്തത്.
കേസ് ഒതുക്കി തീര്‍ക്കാനായി പ്രതികളില്‍ നിന്നും 6.60 ലക്ഷം രൂപ വാങ്ങിയ സംഭവത്തിലെ വിജില്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പള്ളിക്കവല മൗലൂദുപുര സ്വദേശിയില്‍ നിന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്.