ഐഎഎസ് ഉദ്യോഗസ്ഥൻ കുമാർ രാജീവ് രഞ്ജൻ
ശ്രീനഗർ: ഓൺലൈൻ യോഗത്തിനിടെ ജൂനിയറായ വനിതാ ഉദ്യോഗസ്ഥയോട് അസഭ്യവർഷം നടത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജമ്മു കാഷ്മീർ സർക്കാർ. ലേബർ ആൻഡ് എംപ്ലോയ്മെന്റ് വകുപ്പ് സെക്രട്ടറിയായ കുമാർ രാജീവ് രഞ്ജനെതിരെയാണ് നടപടി. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് വകുപ്പ് കമ്മീഷണർ സെക്രട്ടറി മന്ദീപ് കൗറിനാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. 'മിഷൻ യുവ' പദ്ധതിയുമായി ബന്ധപ്പെട്ട റിവ്യൂ മീറ്റിംഗിനിടെയാണ് വിവാദ സംഭവം. അസിസ്റ്റന്റ് ഡയറക്ടറായ ബീനിഷ് വാനി ഏകോപനത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചപ്പോൾ കുമാർ രാജീവ് രഞ്ജൻ ദേഷ്യപ്പെടുകയും അസഭ്യം പറയുകയുമായിരുന്നു.
യോഗത്തിനിടെ തന്നോട് സംസാരിക്കാൻ ശ്രമിച്ച ബീനിഷ് വാനിയോട് "മിണ്ടാതിരിക്കൂ" എന്ന് ആക്രോശിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയായിരുന്നു. തന്നോട് ഇത്തരത്തിൽ സംസാരിക്കരുതെന്ന് വനിതാ ഉദ്യോഗസ്ഥ തിരിച്ചടിച്ചപ്പോൾ "ഞാൻ നിന്റെ ബോസാണ്" എന്ന് പറഞ്ഞ് ഇവരെ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ പ്രതികാര നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash