പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള് (എടിഎസ്) സ്ഥാപിക്കുന്നത് വൈകും. വ്യവസ്ഥകളില് വീഴ്ച വരുത്തിയതിനെ തുടര്ന്ന് മെറ്റാഫോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള കരാറുകളും പ്രിലിമിനറി രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകളും മോട്ടോര് വാഹനവകുപ്പ് റദ്ദാക്കിയതാണ് കാരണം.
ഈ വര്ഷം ഡിസംബറോടെ 14 ജില്ലകളിലുമായി 28 എടിഎസുകള് സ്ഥാപിക്കുമെന്നാണ് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി മെറ്റാഫോഴ്സുമായിട്ടാണ് കരാറില് ഏര്പ്പെട്ടിരുന്നത്. നിശ്ചിത സമയപരിധിക്കുള്ളില് പദ്ധതി പൂര്ത്തീകരിക്കുന്നതിലും കമ്മിഷന് ചെയ്യുന്നതിലും കമ്പനി പരാജയപ്പെട്ടതിനെ തുടര്ന്നാണ് കരാര് റദ്ദാക്കിയത്. റദ്ദാക്കിയ എടിഎസ് പ്രോജക്ടുകള് യാഥാര്ഥ്യമാക്കുന്നതിനായി മോട്ടോര് വാഹന വകുപ്പ് പുതിയ ടെന്ഡര് നടപടികള് സ്വീകരിക്കും.
നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും യന്ത്രസാമഗ്രികള് സ്ഥാപിക്കുകയോ നിര്മാണ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കുകയോ ചെയ്യാത്തതു സംബന്ധിച്ച് മോട്ടോര് വാഹന വകുപ്പ് മെറ്റാഫോഴ്സ് കമ്പനിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തത് കണക്കിലെടുത്താണ് നടപടി.
കമ്പനി നല്കിയിട്ടുള്ള പെര്ഫോമന്സ് ബാങ്ക് ഗ്യാരണ്ടികള് കണ്ടുകെട്ടാനും മോട്ടോര്വാഹന വകുപ്പ് നടപടി ആരംഭിച്ചു. കരാര് വ്യവസ്ഥകള് പ്രകാരം കമ്പനിയില് നിന്ന് പിഴ ഈടാക്കും. കേരളത്തില് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സുതാര്യവും കുറ്റമറ്റതുമാക്കാന് ലക്ഷ്യമിട്ടാണ് എടിഎസുകള് സ്ഥാപിക്കുന്നത്. ഓരോ ജില്ലയിലും രണ്ടുവീതം കേന്ദ്രങ്ങള് സ്ഥാപിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ ആദ്യത്തെ എടിഎസ് കൊല്ലം ജില്ലയിലെ പൂയപ്പള്ളിയില് പ്രവര്ത്തിക്കുന്നുണ്ട്. രണ്ടാമത്തെ കേന്ദ്രം കൊല്ലം ജില്ലയില് ഭരണിക്കാവിലും ആരംഭിച്ചതല്ലാതെ മറ്റൊരിടത്തും എടിഎസുകള് സ്ഥാപിക്കാന് കഴിഞ്ഞിട്ടില്ല.
മനുഷ്യ ഇടപെടലുകളില്ലാതെ സെന്സര് അധിഷ്ഠിത ട്രാക്കുകളിലൂടെയാണ് എടിഎസ് സംവിധാനം ഉപയോഗിച്ച് വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ഹൈ റെസലൂഷന് കാമറകളും സെന്സറുകളും ഉപയോഗിച്ച് വാഹനത്തിന്റെ പുക, ബ്രേക്ക്, ശബ്ദം, എന്ജിന്, സസ്പെന്ഷന് തുടങ്ങിയവ പെട്ടന്ന് പരിശോധിക്കാനാവുമെന്നതാണ് എടിഎസിന്റെ പ്രത്യേകത.
Tags : NewsUpdate Headlines Deepika DeepikaNewspaper DailyNews