ഡോ. സീമ ഖന്ന
ന്യൂഡൽഹി: കഴിഞ്ഞ ദിവസം മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ രാഹുൽ ഗാന്ധി എടുത്തു പറഞ്ഞ ഒരു പ്രയോഗത്തിനു പിന്നാലെയാണ് ഏതാനും ദിവസമായി സോഷ്യൽ മീഡിയയും രാഷ്ട്രീയ വൃത്തങ്ങളും. എസ്ഐആർ നടപടിയിൽ കള്ളക്കളി നടത്തിയതിന് ഉത്തരവാദികളായവരെയും ജനാധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
"ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ, മിസ്റ്റർ മോദി, മിസ്റ്റർ ഷാ, മിസ്റ്റർ ഗ്യാനേഷ് കുമാർ, ഇപ്പോൾ ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ സ്ത്രീ, മറ്റ് ചിലർ എന്നിവരെ - നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു'- ഇതായിരുന്നു രാഹുലിന്റെ പരാമർശം. ഇതിലെ ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന സ്ത്രീ ആരെന്നായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിലെ അന്വേഷണം. ഗ്യാനേഷ് കുമാറിനെതിരായ ആരോപണത്തിൽ അവർക്കുള്ള പങ്കും പലരും തെരഞ്ഞു.
അത് സീമയോ?
ഒടുവിൽ ഒളിഞ്ഞുംതെളിഞ്ഞും പല പേരുകളും വന്നെങ്കിലും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗം മേധാവി ഡോ. സീമ ഖന്നയാണ് ആ സ്ത്രീയെന്ന നിഗമനത്തിൽ സോഷ്യൽ മീഡിയ എത്തി. എന്നാൽ, ഇവരെക്കുറിച്ചാണോ താൻ പറഞ്ഞതെന്ന് ഇതുവരെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സീമ ഖന്നയുടെ പേര് പറഞ്ഞുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ തുറന്നടിച്ചു. : "ഒരു കുറ്റവാളി. ഒരു രാജ്യദ്രോഹി. ഒരു സൈബർ ഭീകരവാദി. ഇന്ത്യയുടെ ജനാധിപത്യ ഘടനയെ തകർക്കാൻ സോഫ്റ്റ്വെയർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർ. പേര് ഓർമിച്ചുവയ്ക്കുക: സീമ ഖന്ന. മാഡം, ഒളിച്ചിരിക്കാൻ എത്ര ആഴമുള്ള മാളം കണ്ടെത്തിയാലും അവിടെ രക്ഷയുണ്ടാവില്ല.'- ഇതായിരുന്നു മൊയ്ത്രയുടെ കുറിപ്പ്. ഇതോടെ സീമ ഖന്ന ആരാണെന്നും ഈവിവാദത്തിൽ അവർക്കുള്ള പങ്ക് എന്താണെന്നുമായി എല്ലാവരുടെയും അന്വേഷണം.
ആരാണ് ഡോ. സീമ ഖന്ന?
ഡോ.സീമ ഖന്ന ആൾ നിസാരക്കാരിയല്ല.
ചുമതല: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) ഐടി വിഭാഗം മേധാവി. തസ്തിക ഡയറക്ടർ ജനറൽ (ഐടി). തെരഞ്ഞെടുപ്പ് പട്ടിക കൈകാര്യംചെയ്യാനുള്ള സംവിധാനങ്ങൾ, 2026 ജനുവരി 22ന് ആരംഭിച്ച 'ECINET' എന്ന സംയോജിത പ്ലാറ്റ്ഫോം തുടങ്ങി കമ്മീഷന്റെ ഡിജിറ്റൽ സൗകര്യങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും ഇവരുടെ കൈകളിലാണ്.
പശ്ചാത്തലം: നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ (NIC)നിന്നു ഡെപ്യൂട്ടേഷനിലൂടെ 2025-ലാണ് ഇവർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ എത്തിയത്. ഐഐടി ഡൽഹിയിൽനിന്ന് ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇവർ, നേരത്തെ 'ആരോഗ്യ സേതു' (Aarogya Setu) തുടങ്ങിയ പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്.
വിവാദം: വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ പ്രവർത്തനവും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ERO) അധികാരങ്ങളും സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് ഇവരുടെ പങ്ക് ചർച്ചയായത്.
ഇലക്ഷൻ കമ്മീഷൻ വോട്ടർമാരുടെ പേരുകൾ വെട്ടി എന്നതുമായി ബന്ധപ്പെട്ട് 'ഇന്ത്യൻ എക്സ്പ്രസ്' പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ സീമ ഖന്നയുടെ പേര് ആവർത്തിച്ചു പരാമർശിക്കുന്നുണ്ട്. ഈ വിഷയമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധമായി വളർന്നിരിക്കുന്നത്.
നിരവധി ആരോപണങ്ങൾ
സീമ ഖന്നയുടെ നേതൃത്വത്തിലുള്ള ഐടി വിഭാഗത്തെക്കുറിച്ചും അതിന്റെ പ്രവർത്തനരീതിയെ ക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
വോട്ടർ പട്ടിക തയാറാക്കാൻ നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥർക്ക് സോഫ്റ്റ്വേറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ചുമതല നിർവഹിക്കാനാവാതെ വന്നത് കമ്മീഷണർമാരും ചൂണ്ടിക്കാട്ടി. സീമ ഖന്നയുടെ മേൽനോട്ടത്തിലുള്ള ഐടിവിഭാഗമാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇത്തരം കേന്ദ്രീകൃത നിയന്ത്രണത്തിനെതിരേ കമ്മീഷണർമാർ ആശങ്കപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
വോട്ടർ പട്ടിക ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനമായ 'ഇറോനെറ്റ്' (ERONet) പോർട്ടലിലേക്ക് സംസ്ഥാനതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ശരിയായ പ്രവേശനം ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. എന്നാൽ, ചുമതലപ്പെട്ട അധികാരികൾക്കു ലഭ്യമാകേണ്ട ഇത്തരം കാര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സീമ ഖന്നയ്ക്ക് നിയമപരമായി യാതൊരു അധികാരവുമില്ലെന്നു കമ്മീഷണർ ചൂണ്ടിക്കാട്ടിയായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള 'ഫോം 6'-ൽ (Form 6) വരുത്തിയ മാറ്റങ്ങൾക്കും ഐടി വിഭാഗമാണ് ഉത്തരവാദിയെന്നു വിലയിരുത്തപ്പെട്ടു.
സീമ ഖന്ന നോട്ടപ്പുള്ളി
വോട്ടു ചോരിക്കെതിരേ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന്റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് ഇപ്പോൾ സീമ ഖന്ന. ഗ്യാനേഷ്കുമാറിനൊപ്പം ചേർന്ന് ഇവർ നിയമവിരുദ്ധമായി പല കാര്യങ്ങളും ചെയ്തെന്നാണ് ആരോപണം.
കോൺഗ്രസ് നേതാവ് പവൻ ഖേര, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിവർ തങ്ങളുടെ "എക്സ്' പോസ്റ്റുകളിൽ സീമ ഖന്നയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും വോട്ടു തട്ടുപ്പുമായി ചേർത്ത് പരാമർശിക്കുകയുംചെയ്തിരുന്നു. വോട്ടു തട്ടിപ്പിനു പിന്നിലെ ഡിജിറ്റൽ സൂത്രധാര എന്നാണ് സഞ്ജയ് റാവത്ത് ആക്ഷേപിച്ചത്.
Tags : Dr.SeemaKhanna ElectionCommission DelhiProtest BJP Congress CJP VotersList Controversy