തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
38 തദ്ദേശ വാർഡുകളിലെ കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും.
കരടു പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്/വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.ker ala.gov.in വെബ്സൈറ്റിലും പരിശോധിക്കാം. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓഗസ്റ്റ് അഞ്ചു വരെ പേരു ചേർക്കാം. കഴിഞ്ഞ ജനുവരി ഒന്നിനകം 18 വയസ് തികഞ്ഞവർക്കു പേരു ചേർക്കാം. കമ്മീഷന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
രണ്ടു കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.