Leader Page
ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറി ‘കോക്രോച്ച് ജനതാ പാർട്ടി.’ പാറ്റ പാർട്ടി സോഷ്യൽ മീഡിയയിൽ വൈറലായെന്നു പറഞ്ഞാൽ പോരാ, സൂപ്പർ മെഗാ ഹിറ്റാണ്. കേന്ദ്രസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരേ പുകയുന്ന ജനരോഷത്തിന്റെ പ്രതിഫലനമായ പ്രതിഭാസം. ഏതായാലും പാറ്റാക്കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.
ജെൻസി വൈബിൽ പാറ്റാപ്പട പെരുകിയപ്പോൾ കേന്ദ്രസർക്കാർ പകച്ചു, ഞെട്ടി, ഭയന്നു, വിറച്ചു. സമൂഹമാധ്യങ്ങളിൽ സെൻസേഷൻ ആയ കോക്രോച്ച് ജനതാ പാർട്ടിയെന്ന സിജെപിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതോടെ കേന്ദ്രസർക്കാരിന്റെ വെപ്രാളം വെളിപ്പെട്ടു. പുതുവിസ്മയമായി ചരിത്രം തിരുത്തിയ പാറ്റ പാർട്ടിയെന്ന പ്രതിഭാസത്തിന്റെ വൻകുതിപ്പു തടയാനാകാതെ വെപ്രാളത്തിലാണു കേന്ദ്രം.
ഊരാക്കുടുക്കിൽ കേന്ദ്രം
ആറു ദിവസത്തിൽ രണ്ടു കോടിയോളം പേർ പിന്തുടർന്ന ഇൻസ്റ്റയിലും പാറ്റകളുടെ പടയെ നിരോധിക്കാനുള്ള ആലോചനയിലാണു മോദി സർക്കാർ. 2,00,000ലേറെ പേർ ഫോളോ ചെയ്തു തുടങ്ങിയ എക്സിലെ ഹാൻഡിൽ സുരക്ഷയുടെ പേരിൽ തടഞ്ഞെങ്കിലും പകരം തുടങ്ങിയ എക്സ് അക്കൗണ്ടും കേന്ദ്രത്തെ ഊരാക്കുടുക്കിലാക്കി. കൂടുതൽ ആവേശത്തോടെയാണ് എക്സിലെ പുതിയ സിജെപിയെ യുവത പിന്തുടരുന്നത്.
ഇന്ത്യയിൽ 23 ലക്ഷം വിദ്യാർഥികളുടെ ഭാവി ദുരിതത്തിലും ആശങ്കയിലുമാക്കിയ മെഡിക്കൽ നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സിജെപിയുടെ ആവശ്യത്തിനു ലഭിക്കുന്ന ജനപിന്തുണ സർക്കാരിന് അവഗണിക്കാനാകില്ല. തൊഴിലില്ലായ്മയാണു സിജെപി ഉയർത്തുന്ന മറ്റൊരു പ്രധാന പ്രശ്നം.
പതിവ് വ്യാജപ്രചാരണം
കോക്രോച്ച് ജനതാ പാർട്ടിക്ക് ഫോളോവേഴ്സിന്റെ എണ്ണം ഓരോ മണിക്കൂറിലും കൂടുകയാണ്. നിരോധിക്കുംതോറും ഇന്ത്യയിലെ ചെറുപ്പക്കാർ കൂടുതൽ ആവേശത്തിലും രോഷത്തിലുമാണ്. അതിവേഗം പെരുകുന്ന പാറ്റക്കൂട്ടങ്ങളെപ്പോലെ പാറ്റ പാർട്ടിയും ശരവേഗത്തിൽ മുന്നേറുകയാണ്. നിരോധിച്ചാലും പാറ്റകൾ പെരുകും. രാജ്യസുരക്ഷയല്ല, ബിജെപി സർക്കാരിന്റെ ഭാവിക്കാണു ഭീഷണിയെന്നു സിജെപി ആരാധകർ പറയുന്നു. പതിവുപോലെ ബിജെപി അനുകൂലികൾ വ്യാജപ്രചാരണം തുടങ്ങി.
സിജെപിയുടെ ഫോളോവേഴ്സിൽ 49 ശതമാനം പേരും പാക്കിസ്ഥാനികളാണെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലും എക്സിലും വ്യാപകമായി പ്രചരിപ്പിച്ചു. 14 ശതമാനം യുഎസിൽനിന്നും ബംഗ്ലാദേശിൽനിന്നുമാണെന്നും വെറും ഒന്‍പതു ശതമാനം പേർ മാത്രമേ ഇന്ത്യയിൽനിന്നുള്ളൂവെന്നുമാണു പ്രചരിപ്പിച്ചത്. എന്നാൽ, ഇൻസ്റ്റയിലെ ഫോളോവേഴ്സിൽ 94 ശതമാനം പേരും ഇന്ത്യക്കാരാണെന്നു പേജിന്റെ സ്രഷ്ടാവ് അഭിജീത് ദിപ്കെ അറിയിച്ചു. ഇൻസ്റ്റഗ്രാമിന്റെ മാതൃകന്പനിയായ മെറ്റ ഡേറ്റ നൽകിയിട്ടുമില്ല.
ഓർവെലിന്റെ ആനിമൽ ഫാം
വിഖ്യാത ആംഗലേയ സാഹിത്യകാരൻ ജോർജ് ഓർവെലിന്റെ ആക്ഷേപഹാസ്യ നോവലായ ‘ആനിമൽ ഫാം’ ഓർക്കാതിരിക്കില്ല. മോശമായി പെരുമാറുന്ന കാർഷികമൃഗങ്ങൾ തുല്യവും സ്വതന്ത്രവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അവയുടെ മനുഷ്യ യജമാനനെ അട്ടിമറിക്കുന്നതാണ് ഇതിവൃത്തം. എങ്കിലും, വിപ്ലവം വഞ്ചിക്കപ്പെടുന്നു. പന്നികൾ ചരിത്രം കൈകാര്യം ചെയ്യുന്നു. കൽപ്പനകൾ മാറ്റിയെഴുതുന്നു, വിദ്യാഭ്യാസം കുറഞ്ഞ മൃഗങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാൻ പ്രചാരണം ഉപയോഗിക്കുന്നു!
മനുഷ്യവസ്ത്രം ധരിച്ച് പന്നികൾ കർഷകരുമായി ഇടപഴകാൻ തുടങ്ങുന്നു. പന്നികളെയും മനുഷ്യരെയും വേർതിരിച്ചറിയാൻ മറ്റു മൃഗങ്ങൾക്കു കഴിയുന്നില്ല. എല്ലാ മൃഗങ്ങളും തുല്യരാണ്, പക്ഷേ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കേമമാണെന്ന പരിഹാസമാണു ശ്രദ്ധേയം. പന്നികളുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, ഫാം ഒടുവിൽ മറ്റുള്ളവരെ അടിച്ചമർത്തുന്ന പൂർണ ഏകാധിപത്യ അവസ്ഥയിലേക്കു വഴുതിവീഴുന്നു.
വെട്ടിലായി ചീഫ് ജസ്റ്റീസ്
സന്പൂർണ നിയന്ത്രണത്തിലൂടെ ആദർശവാദികളെ എങ്ങനെ ദുഷിപ്പിക്കാമെന്ന് ഓർവെലിന്റെ നോവലിൽ തെളിയുന്നു. സിജെപിയുടെ എക്സ് ഹാൻഡിൽ തടഞ്ഞതുമായി ഇതിനു നേരിട്ടു ബന്ധമില്ലായിരിക്കാം. വിപ്ലവകാരികൾ പലപ്പോഴും അവർ ഒരിക്കൽ പോരാടിയ സ്വേച്ഛാധിപതികളായി മാറുന്നതെങ്ങനെയെന്നു നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. ആഡംബരത്തിൽ ജീവിച്ചുകൊണ്ടു ഭരണവർഗം തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നു. 1945ൽ പ്രസിദ്ധീകരിച്ച ആനിമൽ ഫാമിന്റെ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചെറുപ്പക്കാരെക്കുറിച്ചു നടത്തിയ പരാമർശത്തോടുള്ള രോഷമാണ് കോക്രോച്ച് പാർട്ടിക്കു ലഭിച്ച സ്വീകാര്യത. മേയ് 15ലെ ചീഫ് ജസ്റ്റീസിന്റെ ‘പരാന്നഭോജികൾ’, ‘കോക്രോച്ച്സ്’ എന്നീ അനുചിത പരാമർശങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകി. വ്യാജ ബിരുദധാരികളെ ഉദ്ദേശിച്ചാണു പരാമർശമെന്നും ഇന്ത്യയിലെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും സൂര്യകാന്ത് പറഞ്ഞു. ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യവും വിമർശിക്കാനും തിരുത്തിക്കാനുമുള്ള ജനങ്ങളുടെ അവകാശവും സംരക്ഷിക്കേണ്ട ചീഫ് ജസ്റ്റീസ് തമാശയായിപ്പോലും കോടതിയിൽ പറയരുതാത്ത ആക്ഷേപമാണ് ഉണ്ടായതെന്നു യുവത വിശ്വസിക്കുന്നു.
പാറ്റകളും പരാദങ്ങളുമല്ല ജനം
“... സിസ്റ്റത്തെ ആക്രമിക്കുന്ന പരാന്നഭോജികൾ ഇതിനകംതന്നെയുണ്ട്. നിങ്ങൾ അവരോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു. തൊഴിൽ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചെറുപ്പക്കാരുണ്ട്... അവരിൽ ചിലർ മാധ്യമങ്ങളായി മാറുന്നു. ചിലർ സോഷ്യൽ മീഡിയ ആയി മാറുന്നു. ചിലർ വിവരാവകാശ പ്രവർത്തകരായി മാറുന്നു. എല്ലാവരെയും അവർ ആക്രമിക്കാൻ തുടങ്ങുന്നു” എന്ന ചീഫ് ജസ്റ്റീസിന്റെ വായ്മൊഴിയാണു വിവാദമായത്. മുതിർന്ന അഭിഭാഷകരുടെ നിയമനം സംബന്ധിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെ, ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ഒരഭിഭാഷകനെ വിമർശിക്കുന്നതിനിടയിലായിരുന്നു പരാമർശം.
“പൗരന്മാരെ പാറ്റകളും പരാദങ്ങളുമായാണ് അധികാരത്തിലിരിക്കുന്നവർ കരുതുന്നത്. പാറ്റകൾ ചീഞ്ഞ സ്ഥലങ്ങളിലാണു പെരുകുന്നതെന്ന് അവർ അറിയണം. ഇന്നത്തെ ഇന്ത്യ അങ്ങനെയാണ്” -സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ ചിക്കാഗോയിൽ വിശദീകരിച്ചു. കോക്രോച്ച് ജനതാ പാർട്ടിയെ ജെൻസി തലമുറ നെഞ്ചിലേറ്റിയതിൽ അദ്ഭുതമില്ല. എങ്കിലും ഇത്രയധികം രോഷം ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് അഭിജീത് പറഞ്ഞു. എല്ലാ പാറ്റകളും ഒന്നിച്ചു ചേർന്നാൽ എന്തിനെയും ആരെയും തകർക്കും. കോടിക്കണക്കിനു പാറ്റകൾ ഭരണ സംവിധാനങ്ങളിലൂടെ കടന്നുകയറിയാൽ പിടിച്ചുനിൽക്കാനാകില്ലെന്ന് അഭിജീത് ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി)’ ആദ്യ എക്സ് അക്കൗണ്ട് റദ്ദാക്കിയത് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം.
സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഐടി ആക്ടിലെ സെക്ഷൻ 69(എ) പ്രകാരമാണ് അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ എക്സിന് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
സിജെപിയുടെ ആദ്യ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിയെങ്കിലും രണ്ടാമത് തുടങ്ങിയ അക്കൗണ്ട് പതിനായിരങ്ങളാണ് ഫോളോ ചെയ്യുന്നത്. അതേസമയം, രണ്ടു ദിവസത്തിനുള്ളിൽ രണ്ടു കോടിയോളം ഫോളോവേഴ്സിലെത്തിയ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരേ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, വരും ദിവസങ്ങളിൽ ഇതിനായുള്ള നടപടിയുണ്ടാകുമെന്നാണു സൂചന.
തൊഴിലില്ലാത്ത യുവാക്കളെ വിമർശിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോസ്റ്റണ്‍ സർവകലാശാലാ വിദ്യാർഥിയായ അഭിജീത് ദിപ്കെയായിരുന്നു ഈ ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്കു പിന്നിൽ.
പാക്കിസ്ഥാനിലും പാറ്റാ പാർട്ടി
ഇന്ത്യയിലെ പാറ്റാ പാർട്ടിക്കു സമാനമായ ആക്ഷേപഹാസ്യ ഓണ്‍ലൈൻ രാഷ്ട്രീയ കൂട്ടായ്മ പാക്കിസ്ഥാനിലും പ്രചരിക്കുന്നുണ്ട്. കോക്രോച്ച് അവാമി ലീഗ് (സിഎഎൽ), കോക്രോച്ച് അവാമി പാർട്ടി (സിഎപി) തുടങ്ങിയ പേരുകളിലാണ് ഓണ്‍ലൈൻ രാഷ്ട്രീയകൂട്ടായ്മ പാക്കിസ്ഥാനിൽ പ്രചരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ നീക്കവുമായി ഇതിനു ബന്ധമില്ല.
National
ന്യൂഡൽഹി: ക്രോക്രോച്ച് ജനതാ പാർട്ടിയുടെ ഫോളോവേഴ്സ് അനുനിമിഷം വർധിക്കുമ്പോൾ പാർട്ടി ‘ക്രിയേറ്ററുടെ’ മാതാപിതാക്കൾക്ക് ഉറക്കം നഷ്ടപ്പെട്ടു.
മകൻ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മാതാപിതാക്കൾ. തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടതായി ദിപ്കെയുടെ മാതാപിതാക്കളായ ഭഗ്വാനും അനിതയും പറയുന്നു.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം ദിപ്കെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം വാർത്തകൾ പത്രങ്ങളിൽ വായിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗർ സ്വദേശിയായ ഭഗ്വൻ ദിപ്കെ പറഞ്ഞു.
മകൻ രാഷ്ട്രീയത്തിൽനിന്നും മാറി ജോലി നേടുന്നതിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അനിത പ്രതികരിച്ചു. അവൻ സുരക്ഷിതനായി വീട്ടിലെത്തണമെന്നാണ് ആഗ്രഹം. രാഷ്ട്രീയത്തിൽ തുടരണമോയെന്നത് അവന്റെ തീരുമാനമാണ്. പക്ഷേ അവൻ രാഷ്ട്രീയത്തിൽ തുടരുന്നത് ഞങ്ങളാഗ്രഹിക്കുന്നില്ല. ദീപ്കെയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും അമ്മ പറഞ്ഞു.
ഛത്രപതി സംഭാജിനഗറിലാണ് ദിപ്കെ സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. തുടർപഠനത്തിനായി പൂനയിലേക്കു പോയി. എന്നാൽ എൻജിനിയറിംഗ് ബുദ്ധിമുട്ടായതിനാൽ വിദേശത്തു ജേർണലിസം പഠിക്കാൻ തീരുമാനിച്ചെന്നും അനിത കൂട്ടിച്ചേർത്തു.
സിജെപിയെക്കുറിച്ച് ആദ്യം അറിഞ്ഞത് അയൽക്കാരിൽനിന്നാണെന്നും മാതാപിതാക്കൾ പറഞ്ഞു. അവൻ പ്രശസ്തനായതോടെ തങ്ങൾ ആശങ്കയിലായി. ഇത്തരം ആളുകൾ അറസ്റ്റ് ചെയ്യപ്പെടാറുണ്ട്. അവന് ഇനി എന്തു സംഭവിക്കുമെന്നോർത്ത് തങ്ങൾ രണ്ടു ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ഭഗ്വൻ ദിപ്കെ പറയുന്നു.
Kerala
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ(സിജെപി) എക്സ് ഹാൻഡിൽ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്നെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും 2000 -ലെ ഐടി ആക്ട് സെക്ഷൻ 69 A അനുസരിച്ചാണ് നടപടിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സിജെപിക്കെതിരെ കൂടുതൽ നടപടികൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന ആക്ഷേപഹാസ്യ കൂട്ടായ്മായാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ അഭിജീത് ദിപ്കെയാണ് സിജെപിയുടെ സ്ഥാപകൻ.
ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിലെ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് മണിക്കൂറുകൾക്കുള്ളിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു.
National
@cockroachjantaparty എന്ന ഹാൻഡിലിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റ അക്കൗണ്ട് ഇന്നലെ പത്തു ദശലക്ഷം കടന്നു.
ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടായ @bjp4indiaയ്ക്ക് 8.7 ദശലക്ഷം ഫോളോവേഴ്സുണ്ട്.
കോണ്‍ഗ്രസിന്റെ @incindia അക്കൗണ്ടാണ് 13.2 ദശലക്ഷം ഫോളോവേഴ്സുമായി മുന്നിൽ. 2012 ൽ സ്ഥാപിതമായ ആം ആദ്മി പാർട്ടിക്ക് 1.9 ദശലക്ഷം ഫോളോവേഴ്സാണുള്ളത്.
പതിറ്റാണ്ടുകളായുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടികളെ മറികടക്കാൻ ഒരു ആക്ഷേപഹാസ്യ പ്രചാരണത്തിനു കഴിഞ്ഞത് ജനങ്ങളെ ദുരിതത്തിലാക്കുന്ന ഭരണാധികാരികൾക്കുള്ള യുവതലമുറയുടെ മുന്നറിയിപ്പായാണു കരുതുന്നത്.
National
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അസാധാരണ ഭാഗ്യചിഹ്നമായി പാറ്റ മാറി. ബിജെപിക്കെതിരേയെന്നു തെളിയിക്കുന്ന ആശയങ്ങളോടെ തുടങ്ങിയ രാഷ്ട്രീയ അക്ഷേപഹാസ്യമായ "കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) സമൂഹമാധ്യമങ്ങളിലെ വൻ കുതിപ്പിനു സമാനതകളില്ല.
അംഗീകൃത രാഷ്ട്രീയപാർട്ടിയല്ലെങ്കിലും ആക്ഷേപഹാസ്യം നിറഞ്ഞ ഓണ്‍ലൈൻ കൂട്ടായ്മയായി സിജെപി വളർന്നുകഴിഞ്ഞു. നരേന്ദ്ര മോദി ഭരണത്തിനെതിരായ പുതുതലമുറയായ ജെൻസിയുടെ പ്രതിഷേധവും രോഷവും സിജെപിയുടെ വെബ്സൈറ്റിലെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നു,
സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളുമാണ്. യുപിഎ സർക്കാരിനെ താഴെയിറക്കിയ 2013ലെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ കൂടെയുണ്ടായിരുന്നു.
പിന്നീട് അമേരിക്കയിലേക്കു മാറിയെങ്കിലും അഭിജീത് ഇന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം പിന്തുടരുന്നുണ്ട്. നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം.
National
ന്യൂഡൽഹി: “സിസ്റ്റം കണക്കാക്കാൻ മറന്നുപോയ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയ പാർട്ടി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്നാണു കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സ്ഥാപകനായ അഭിജീത് ദിപ്കെയുടെ പരിഹാസം.
മറ്റൊരു പിഎം കെയേഴ്സ് സ്ഥാപിക്കാനോ നികുതിദായകരുടെ ശന്പളസ്ലിപ്പിൽ ദാവോസിൽ അവധിക്കു പോകാനോ അഴിമതിയെ “തന്ത്രപരമായ ചെലവ് ”എന്ന് പുനർനാമകരണം ചെയ്യാനോ അല്ല. പണം എവിടേക്കാണു പോയതെന്ന് ഉറക്കെ ആവർത്തിച്ച് എഴുത്തിലൂടെ ചോദിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. സിജെപിക്ക് അഞ്ച് ആവശ്യങ്ങൾ. സ്പോണ്‍സർമാർ പൂജ്യം. ഒരു വലിയ, ശാഠ്യക്കാരായ കൂട്ടം’’- അഭിജീത് വിശദീകരിക്കുന്നു.
“മടിയന്മാരെന്നു വിളിക്കപ്പെടുന്ന, ഓണ്‍ലൈനിൽ നിരന്തരം വിളിക്കപ്പെടുന്ന, അടുത്തിടെ പാറ്റകൾ എന്നു വിളിക്കപ്പെടുന്ന യുവാക്കൾക്കായി ഒരു പാർട്ടി കെട്ടിപ്പടുക്കുക. അത്രമാത്രം. അതാണു ദൗത്യം. ബാക്കിയെല്ലാം ആക്ഷേപഹാസ്യമാണ്.’’ -അഭിജീത് വ്യക്തമാക്കി. ഒരിക്കൽ വായിക്കുക. രണ്ടുതവണ വായിക്കുക. തുടർന്ന് വായിക്കേണ്ട ഒരാൾക്ക് അയയ്ക്കുക എന്ന് സിജെപിയുടെ വെബ്സൈറ്റിലുണ്ട്.
സിജെപിയിൽ ചേരുന്നവരുടെ മതം, ജാതി, ലിംഗഭേദം എന്നിവ പരിശോധിക്കുന്നില്ല. എന്നാലും നാല് മാനദണ്ഡങ്ങളുണ്ട്. തൊഴിലില്ലാത്തവരായിരിക്കുക, മടിയനായിരിക്കുക, ഓണ്‍ലൈനിൽ നിരന്തരം സംസാരിക്കുക, പ്രൊഫഷണലായി സംസാരിക്കുക എന്നിവ.
അംഗത്വം സൗജന്യമാണ്, ആജീവനാന്തം. നിങ്ങൾക്കു മാത്രമേ റദ്ദാക്കാൻ കഴിയൂ. ഫീസില്ല. രജിസ്റ്റർ ചെയ്യാൻ മിസ്ഡ് കോൾ ഇല്ലെന്നും വെബ്സൈറ്റിൽ പരിഹാസമുണ്ട്.
Leader Page
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഏതാണ്ട് അതേ രീതിയാണ് ആസാമിലെ ജോര്‍ഹട്ട് മേഖല. ലോകപ്രശസ്തമായ ആസാം തേയിലയിലൂടെ ഇന്ത്യയുടെ തേയില തലസ്ഥാനമായ ജോര്‍ഹട്ടില്‍ സമൃദ്ധമായ 130ലധികം തേയിലത്തോട്ടങ്ങളുണ്ട്. സായിപ്പന്മാര് 1870കളില്‍ മൂന്നാറില്‍ തേയിലകൃഷി ആരംഭിച്ചെങ്കില്‍, ആസാമിലെ സിന്നമോറ ടീ എസ്റ്റേറ്റ് 1850കളിലാണു സ്ഥാപിതമായത്. മൂന്നാറിലെ 7,900 അടി ഉയരത്തിലുള്ള കൊളുക്കുമലയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം.
കേരളത്തിലും ആസാമിലും ഒരുമിച്ചാണു നിയമസഭാ തെരഞ്ഞെടുപ്പ്. ആസാമില്‍ പക്ഷേ കേരളത്തിലേതുപോലെ വമ്പന്‍ തെരഞ്ഞെടുപ്പു പ്രചാരണമില്ല. രാഷ്ട്രീയവും ചൂടുപിടിച്ചിട്ടില്ല. കേരളത്തില്‍ പ്രചാരണം കൊഴുത്തിട്ടും ആസാമില്‍ തണുപ്പാണ്. ഉള്‍ഗ്രാമങ്ങളില്‍ പേരിനുപോലും പ്രചാരണകോലാഹലമില്ല. കേരളത്തിലേതുപോലുള്ള വീറും വാശിയും ആസാമിലെ തെരഞ്ഞെടുപ്പില്‍ പതിവില്ല.
കേരളവും ആസാമും ഒരുമിച്ച്
ഏപ്രില്‍ ഒമ്പതിനാണ് കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിധിയെഴുത്ത്. തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും പശ്ചിമബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലുമാണ് പോളിംഗ്. അഞ്ചു സംസ്ഥാനങ്ങളും വോട്ടണ്ണലിനു മേയ് നാലുവരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും ബംഗാളിലും അടക്കം 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ആസാമില്‍ ഒഴിവാക്കിയിരുന്നു.
അനധികൃത ബംഗ്ലാദേശികളെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കിയതിനാലാണ് ആസാമില്‍ എസ്ഐആര്‍ ഒഴിവാക്കിയതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. ആസാമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്ക് 798 സ്ഥാനാര്‍ഥികളുണ്ട്. ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു പ്രധാന മത്സരം. എഐയുഡിഎഫ്, എജിപി, എജെപി, യുപിപിഎല്‍, ബിപിഎഫ് തുടങ്ങിയ പാര്‍ട്ടികളുമുണ്ട്.
» ഹാട്രിക് നേടാന്‍ ബിജെപി
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഭരണത്തുടര്‍ച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഹാട്രിക് ജയത്തിനായാണു ബിജെപി കോപ്പുകൂട്ടുന്നത്. പത്തു വര്‍ഷമായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന്, കേരളത്തിന്റെ അത്ര പ്രതീക്ഷ ആസാമിലില്ല. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനും കോണ്‍ഗ്രസിലെ യുവനേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചുവരവു നടത്താന്‍ കഴിഞ്ഞിട്ടില്ല.
ദുര്‍ബല പ്രതിപക്ഷമെന്നതാണു ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസില്‍നിന്നുള്ള കാലുമാറ്റങ്ങള്‍ക്ക് അറുതിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും മണി, മസില് പവറുമെല്ലാം ബിജെപിക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ സഹായങ്ങളും ബിജെപിക്കുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
» അവസരവാദ രാഷ്ട്രീയക്കളി
കേരളത്തിലെ ‘സിജെപി’ പ്രയോഗം ആസാമിലുമുണ്ട്. കേരളത്തില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസിന്റെ ആരോപണം ആണെങ്കില്‍ ആസാമില്‍ സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസില്‍നിന്നു കാലുവാരിയെത്തിയവരുടെ പാര്‍ട്ടിയെന്ന നിലയില്‍ ആസാമില്‍ ബിജെപി ആണ് സിജെപി! എന്തൊരു വിരോധാഭാസം. മുന്‍ കോണ്‍ഗ്രസുകാരെ കുത്തിനിറച്ചതില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷവും അതൃപ്തിയും ഉണ്ടെങ്കിലും ആരും കാര്യമാക്കുന്നില്ല. പഴയ ബിജെപിക്കാർക്കു സീറ്റില്ലെന്നതാണു പ്രശ്നം.
ആശയാധിഷ്ഠിത രാഷ്ട്രീയത്തില്‍നിന്ന് അവസരവാദ രാഷ്ട്രീയത്തിലേക്കു രാജ്യം മാറുന്നതിന്റെ നേര്‍സാക്ഷ്യംകൂടിയാണ് ആസാം. തെരഞ്ഞെടുപ്പിനു മുമ്പായി എംഎല്‍എമാരും പാര്‍ട്ടി മാറുന്നത് ഇപ്പോള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇരുനൂറിലധികം എംഎല്‍എമാരും എംപിമാരും ബിജെപിയില്‍ ചേര്‍ന്നു. കൂറുമാറിയവരില്‍ 40 ശതമാനം കോണ്ഗ്രസുകരാണ്.
» ഉളുപ്പില്ലാതെ മാറി പ്രദ്യുത്
ആസാമിലെ കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്‍ഡോലോയ് ആണ് ഒടുവിലത്തേയാള്. മുഖ്യമന്ത്രി ഹിമന്ത ശര്‍മയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്ന ആളായിരുന്നു പ്രദ്യുത്. മുസ്ലിം വസ്ത്രം ധരിച്ച ഒരാളെ മുഖ്യമന്ത്രി ഹിമന്ത വെടിവയ്ക്കുന്നതിന്റെ വിവാദ വീഡിയോ പുറത്തുവന്നതു ഫെബ്രുവരി പത്തിനാണ്. “ഹിമന്തയെ ഓര്‍ത്തു നാണക്കേട് തോന്നുന്നു. ആസാമിന്റെ സാമൂഹിക ഘടനയെ ഒറ്റയ്ക്കു നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ ഇത്രയും ഭ്രാന്തമായ പുനര്‍നിര്‍മാണം മുമ്പൊരിക്കലും കണ്ടിട്ടില്ല” എന്നായിരുന്ന പ്രദ്യുത് ട്വീറ്റ് ചെയ്തത്.
ഇതേ പ്രദ്യുത് ബോര്ഡലോയി ആണ് കഴിഞ്ഞ 18ന് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്കാര്‍ഫും തൊപ്പിയും ധരിച്ച് നാണംകെട്ട പുഞ്ചിരിയോടെ ഹിമന്തയോടൊപ്പം നില്ക്കുന്ന പ്രദ്യുതിന്റെ ഫോട്ടോയാണു പിറ്റേന്നു പത്രങ്ങളില്‍ വന്നത്. ആസാം കണ്ട ഏറ്റവും അഴിമതിക്കാരനായ അധികാര ദല്ലാളന്മാരില് ഒരാളെന്നാണ് പ്രദ്യുതിനെ നേരത്തേ സംസ്ഥാന ബിജെപി വിശേഷിപ്പിച്ചത്. കൂറുമാറിയതോടെ ‘വിലപ്പെട്ട കാര്യകര്‍ത്താ’ ആയി സ്വാഗതം ചെയ്തു. ഏറ്റവും വലിയ അഴിമതിക്കാരനെന്നു ബിജെപി ആരോപിച്ച ഹിമന്ത ശര്‍മയാണ് ഇപ്പോള്‍ ബിജെപിയുടെ ആസാം മുഖ്യമന്ത്രി!
» അഴിമതിക്കാരന് പുണ്യാളന്!
ശതകോടികളുടെ ശാരദ ചിട്ടിഫണ്ട് അഴിമതിയിലെ നേരിട്ടുള്ള പങ്കു മുതല്‍ ദശലക്ഷക്കണക്കിനു കോടിയുടെ ലൂയി ബര്‍ഗര്‍, കോവിഡ് കാലത്തെ പിപിഇ കിറ്റ്, ഫ്ളൈ ഓവര്‍ പദ്ധതി അഴിമതികള്‍, ഉള്‍ഫ തീവ്രവാദികളെ സഹായിക്കല്‍ തുടങ്ങി ഹിമന്തയ്ക്കെതിരേ ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ വേഗം ആവിയായി. ബിജെപി വാഷിംഗ് മെഷിനീലെത്തിയതോടെ പുണ്യാളനായ അഴിമതിവീരനാണ് ഇപ്പോള്‍ നായകന്.
ഡല്‍ഹിയില്‍ താനുമായി സംസാരിക്കുമ്പോള്‍ വളര്‍ത്തുനായയ്ക്കു ബിസ്കറ്റ് നല്കിക്കൊണ്ടിരുന്ന് രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണു ബിജെപിയിലേക്കു കൂറുമാറാന്‍ ഹിമന്ത പറഞ്ഞ ന്യായം. ഹിമന്തയുടെ കൂറുമാറ്റത്തോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി. ആസാമിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ മൂന്നിലൊന്നു പേര് മുമ്പു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവരാണ്. ഇതൊരു പാര്‍ട്ടിയുടെ തകര്‍ച്ചയും മറ്റൊരു പാര്‍ട്ടിയുടെ വളര്‍ച്ചയും മാത്രമല്ല, പുതിയൊരു രാഷ്ട്രീയ ആവാസവ്യവസ്ഥയുടെ സ്വാംശീകരണം കൂടിയാണ്.
» വിമര്‍ശിച്ചവര്‍ പ്രതിരോധിക്കുന്നു
അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പണത്തിനും പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ പരക്കം പായാന്‍ തുടങ്ങിയോടെ പ്രത്യയശാസ്ത്രമൊക്കെ ചവറ്റുകൊട്ടയിലായി. ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ മുന്നറിയിപ്പു നല്‍കിയിരുന്ന നേതാക്കള്‍ കൂറുമാറി അതിലേറെ ശക്തിയോടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മതനിരപേക്ഷ നിലപാടുകളിലും വീഴ്ചയുണ്ടായി. മൃദു ഹിന്ദുത്വം മുതല്‍ തീവ്രവാദികളെ ഊട്ടിവളര്ത്തുന്നതുവരെ പലതും മറനീക്കി.
ദേശീയവാദത്തിന്റെ മറവില്‍ ഹിന്ദുത്വവാദം മറയില്ലാതെ ബിജെപി പുറത്തെടുത്തു. ഇതോടെ, പ്രതിപക്ഷ പാര്‍ട്ടികളിലും വര്‍ഗീയതയുടെ പുതുരൂപങ്ങള്‍ തെളിയുന്നുവെന്നാണ് ആക്ഷേപം. അധികാരവും പണവും കേന്ദ്രീകരിച്ചതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിക്കു വേഗത്തില്‍ കഴിയുന്നു. ഇന്ത്യയിലാകെ വലിയ സംഘടനാശക്തി ഉണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ബലം ചോര്‍ന്നതാണ് ആസാമിലും പ്രശ്നം.
» വൈകിയെത്തിയ സഖ്യബോധം
പത്രികാ സമര്‍പ്പണത്തിനു തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചിട്ടുണ്ട്. വൈകിയെത്തിയ സഖ്യംമൂലം പോരാട്ടമെങ്കിലുമുണ്ടെന്നു പറയാം. ആകെയുള്ള 126 സീറ്റുകളില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മത്സരിക്കും. 11 സീറ്റുകള്‍ റൈജോര്‍ ഡോളിന് വിട്ടുകൊടുത്തു, ഗൗരിപുര്‍, ഗോള്‍പാറ ഈസ്റ്റ് സീറ്റുകളില്‍ സൗഹൃദമത്സരമാണ്. ആസാം ജാതിയ പരിഷത്തിന് (എജെപി) പത്ത്, സിപിഎമ്മിനും ഓള് പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സിനും (എപിഎച്ച്എല്‍സി) രണ്ടു വീതം, സിപിഐഎംഎലിന് ഒന്ന് എന്നിങ്ങനെയാണു സീറ്റു വിഭജനം.
ഭരണപക്ഷത്ത് ബിജെപി 90 സീറ്റിലും ആസാം ഗണ പരിഷത്ത് (എജിപി) 26 സീറ്റിലും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) 11 സീറ്റിലുമാണു മത്സരിക്കുന്നത്. മസ്ബത്ത്, ബിശ്വനാഥ്, ഖുംതായ്, ചബുവ, ഗോസൈഗാവ്, രംഗപാര, മാര്‍ഗരിറ്റ, നഹര്‍കതിയ, ടിറ്റാബോര്‍ എന്നിവയുള്‍പ്പെടെ 21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സാന്നിധ്യം ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണിയാണ്.