ന്യൂഡൽഹി: ആക്ഷേപഹാസ്യ രാഷ്ട്രീയകക്ഷിയിൽനിന്ന് രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ മുന്നേറ്റങ്ങളിലൊന്നായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ പ്രഖ്യാപിച്ച പരസ്യപ്രതിഷേധം ഇന്ന്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ അടുത്തിടെയുണ്ടായ ഗുരുതര വീഴ്ചകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണു സമരം.
സമരത്തെ പിന്തുണയ്ക്കുന്നവർ ഇന്നു രാവിലെ ഒന്പതിന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്താനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. അവിടെനിന്നു സമരത്തിനുള്ള അനുമതി ലഭിച്ചതിനുശേഷമായിരിക്കും ജന്തർ മന്തറിലേക്ക് നീങ്ങുക.
അമേരിക്കയിൽനിന്ന് ഇന്നലെ പുറപ്പെട്ട സിജെപി സ്ഥാപകനായ അഭിജിത് ദീപ്കെ ഇന്നു രാവിലെ എട്ടോടെ ഡൽഹി വിമാനത്താവളത്തിലെത്തും. നേരത്തേ സിജെപിയെ പിന്തുണയ്ക്കുന്നവരോട് വിമാനത്താവളത്തിലേക്ക് നേരിട്ടെത്താനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സുരക്ഷാപ്രശ്നങ്ങളെത്തുടർന്ന് പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്താൻ നിർദേശിക്കുകയായിരുന്നു.
സമാധാനപരമായ പ്രതിഷേധം ലക്ഷ്യമിടുന്ന സിജെപി പ്രതിഷേധത്തിനു വരുന്നവരോട് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കുകയെന്ന സന്ദേശം പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യ ത്തോടെ ദേശീയ പതാകയും പുസ്തകവും കൊണ്ടുവരണം, എല്ലാവരും ഫോണുകളിൽ വീഡിയോകൾ റെക്കോർഡ് ചെയ്യണം, പോലീസുകാർക്ക് പൂക്കൾ നൽകണം, എല്ലാവരും പ്രഭാതഭക്ഷണത്തിനുശേഷം മാത്രമായിരിക്കണം സമരത്തിനെത്തേണ്ടത് തുടങ്ങിയ നിർദേശങ്ങളാണു നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: പ്രതിഷേധത്തിന് അനുമതി തേടി സിജെപി സമീപിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ്. ജന്തർമന്ദിറിൽ ആയിരത്തിലധികം പോലീസുകാരെ നിയോഗിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അനുമതിതേടിയുള്ള അപേക്ഷ ലഭിച്ചാൽ അതു പരിശോധിക്കും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം നടത്തുമെന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തന്ത്രപ്രധാനമേഖലകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനും തീരുമാനിച്ചു.
Tags : Cockroach Janata Party protest CJP