പാർലമെന്റ് (ഫയൽ ചിത്രം)
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിഷേധത്തിൽ മുങ്ങിയതോടെ നടപടികൾ പൂർത്തിയാക്കാതെ പാർലമെന്റിന്റെ ഇരുസഭകളും ആദ്യദിനം പിരിഞ്ഞു. രാവിലെ 11ന് ഇരുസഭകളിലും അന്തരിച്ച മുൻ പാർലമെന്റ് സാമാജികരെ അനുസ്മരിച്ചു.
പിന്നീട് ചോദ്യോത്തരവേളയിലേക്കു ലോക്സഭാ സ്പീക്കർ ഓം ബിർള കടന്നെങ്കിലും കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അയോധ്യ രാമക്ഷേത്ര കൊള്ളയും കോൺഗ്രസ് ഉന്നയിച്ചപ്പോൾ, തമിഴ്നാട്-കർണാടക അതിർത്തിയിലെ മേക്കാദാട്ടു അണക്കെട്ട് വിഷയത്തിൽ ഡിഎംകെയും സഭയിൽ പ്രതിഷേധമുയർത്തി.
പ്രതിപക്ഷ ഇന്ത്യാ മുന്നണിയിൽനിന്നു ഡിഎംകെ അകലം പാലിക്കുന്നതിനാൽ പരസ്പരം സഹകരിക്കാതെയായിരുന്നു പാർട്ടിയുടെ പ്രതിഷേധം. ബഹളത്തെത്തുടർന്ന് ഉച്ചവരെ ഒന്നിലധികം തവണ ഇരുസഭകളും പിരിച്ചുവിട്ടു. ഉച്ചകഴിഞ്ഞും പ്രതിഷേധത്തിനു മാറ്റമില്ലാതെവന്നതോടെ മൂന്നിന് സഭ പിരിയുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായാണു സഭാനടപടികളിൽ പങ്കെടുത്തത്.
സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിലെത്തിയ ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംപിമാർ പ്രതിപക്ഷ ഇരിപ്പിടത്തിൽനിന്നും മാറി ഭരണപക്ഷത്തിനൊപ്പം സഭാ നടപടികളിൽ പങ്കെടുത്തു.
രാജ്യസഭയിലും സമാനമായി പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനാൽ നടപടികൾ പൂർണമായി സ്തംഭിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ ഉന്നയിച്ചു. പതിനായിരത്തോളം
വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ പോലീസ് ലാത്തിച്ചാർജുകൊണ്ട് നേരിട്ടെന്നും പ്രതിഷേധത്തെ സർക്കാർ കായികമായി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷനേതാവിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ സഭാനടപടികൾ നിർത്തിവച്ചു.
Tags : Monsoon conference protests Parli monsoonsession Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash