പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അധ്യാപകജോലിയോടു പുതുതലമുറയ്ക്ക് വൈമുഖ്യം. അധ്യാപക പഠനത്തിനായുള്ള ഡിഎൽഎഡ്, ബിഎഡ് കോഴ്സുകളോടു കുട്ടികൾക്ക് താത്പര്യം കുറഞ്ഞതോടെ അധ്യാപക പഠനകേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ.
സ്ഥിരം ജോലിസാധ്യത കുറഞ്ഞതും കോഴ്സിന്റെ കാഠിന്യം വർധിപ്പിച്ചതും ടെറ്റ് പരീക്ഷ മറികടക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് അധ്യാപകപഠനത്തിൽനിന്നും കുട്ടികളെ മാറ്റിനിർത്തുന്നതെന്നു പറയുന്നു. പഠനം പൂർത്തീകരിച്ച് യോഗ്യത നേടിയവർ പുറത്തു ജോലിക്കുവേണ്ടി കാത്തിരിക്കുകയുമാണ്.
മുന്പ് ഒരുവർഷം മാത്രമായിരുന്ന ടിടിസി പഠനം പരിഷ്കരിച്ചാണ് ഡിഎൽഎഡ് കോഴ്സാക്കിയത്. ആദ്യം എസ്എസ്എൽസി കഴിഞ്ഞവർക്ക് ടിടിസിയിൽ പ്രവേശനം നൽകിയിരുന്നു. പിന്നീടിത് 12ാം ക്ലാസാക്കി. കോഴ്സ് പൂർത്തിയാകുന്നവർക്ക് പ്രൈമറി സ്കൂൾ അധ്യാപകരാകാൻ യോഗ്യതയുണ്ടായിരുന്നു.
എന്നാൽ ടിടിസി പഠനം പരിഷ്കരിച്ച് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ എന്ന പേരിൽ രണ്ടുവർഷ കോഴ്സാക്കിയതോടെ കുട്ടികളുടെ താത്പര്യം കുറഞ്ഞു. പിന്നാലെ ഡിഎൽഎഡ് പാസായവർ ജോലിയിൽ പ്രവേശിക്കണമെങ്കിൽ കെ ടെറ്റ് പാസാകണമെന്ന നിബന്ധനയുമെത്തി. ജോലിസാധ്യതയും മുന്പത്തെപോലെ ഇല്ലാതായതോടെ കുട്ടികൾ പ്രൈമറി സ്കൂൾ അധ്യാപകരാകുന്നതിൽ വിമുഖത കാട്ടി.
എന്നാൽ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ പാകപ്പിഴകളും ആകർഷണീയത കുറച്ചതായി ടിടിഐ സ്ഥാപനങ്ങളുടെ ചുമതലക്കാർ ചൂണ്ടിക്കാട്ടി. യാതൊരു ആസൂത്രണവുമില്ലാതെയാണ് കോഴ്സിന്റെ ക്രമീകരണം.
പ്ലസ്ടു ഫലം വന്നുകഴിഞ്ഞ് ബിരുദ കോഴ്സുകളിലടക്കം പ്രവേശനം പൂർത്തിയായ ശേഷമേ ഡിഎൽഎഡ് പഠനത്തിന് അപേക്ഷ ക്ഷണിക്കാറുള്ളൂ. സിലബസിൽ പരിഷ്കരണം വന്നിട്ടു നാളുകളായി. പാഠപുസ്തകം പഴയതുതന്നെ തുടരുകയാണ്. പഠനവുമായി ബന്ധപ്പെട്ട പരീക്ഷകൾ, പരിശോധനകൾ, അധ്യാപനം, കലോത്സവം തുടങ്ങിയവയിൽ മുൻകൂട്ടി സമയക്രമമുണ്ടാകുന്നില്ല. ഇതോടെ കുട്ടികളിൽ മാനസിക സമ്മർദവും കടുത്തതായി.
ബിരുദ പഠനത്തിനുശേഷമുള്ള ബിഎഡ് കോഴ്സും സമാനമായ വെല്ലുവിളി നേരിടുകയാണ്. കോഴ്സിസിന്റെ കാലാവധി ഒരു വർഷം ആയിരുന്നത് രണ്ടുവർഷമാക്കിയതോടെ ആകർഷണീയത കുറഞ്ഞു.
കോഴ്സിലേക്ക് ചേരാൻ കുട്ടികൾ മടികാട്ടിയതോടെ പല വിഷയങ്ങളിലും പഠിക്കാൻ ആളില്ലാത്തതു കാരണം സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലായി. പല ബിഎഡ് കോളജുകളിലും നിലവിൽ നാമമാത്രമായി യൂണിറ്റായാണ് പ്രവർത്തിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവു കാരണം ഓരോ വർഷവും അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നതും കോഴ്സുകൾക്ക് വെല്ലുവിളിയാണ്.
സ്ഥിരനിയമനങ്ങൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നിയമനങ്ങളിൽ അംഗീകാരം നേടുന്നതിനടക്കം ബുദ്ധിമുട്ടുകളുമേറെയാണ്. സർക്കാർ, എയ്ഡഡ് മേഖലയിൽ അധ്യാപകരിൽ നല്ലൊരു പങ്കും ഇപ്പോൾ താത്കാലിക വ്യവസ്ഥയിൽ പ്രതിദിന വേതനം കണക്കാക്കി ജോലിയെടുക്കുകയാണ്.
കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്ന വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരാകാൻ കുട്ടികൾക്കും താത്പര്യമില്ലെന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു പുനക്കളം ചൂണ്ടിക്കാട്ടി.
2030-ഓടെ വിദ്യാഭ്യാസ മേഖല അപ്പാടെ മാറ്റം സംഭവിക്കും.കേന്ദ്ര ആവിഷ്കൃത പദ്ധതി പ്രകാരം വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസം തുടർന്ന് മുന്നോട്ടു പോകുവാൻ കഴിയുമോയെന്ന ആശങ്കയുണ്ട്. വിദ്യാഭ്യാസമേഖലയിൽ അധ്യാപക മേഖല പ്രതിസന്ധിയിലാണ്.
ഒഴിവുകൾ ഇല്ലാത്തതാണ് പ്രധാന കാരണം. ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറയുകയാണ്. ഇതു മൂലം ക്ലാസുകൾ ചുരുങ്ങുകയും ഡിവിഷനുകൾ ഇല്ലാതാകുകയും ചെയ്യുന്നു. ഇതാണ് അധ്യാപക മേഖലയിലേക്ക് വിദ്യാർഥികൾ വരാൻ മടിക്കുന്നതിന്റെ കാരണം.
കൂടാതെ മുൻവർഷങ്ങളിൽ ബിഎഡ് കോഴ്സിന്റെ കാലാവധി ഒരു വർഷം ആയിരുന്നത് രണ്ടുവർഷമാക്കി ദീർഘിപ്പിക്കുകയും ചെയ്തത് കുട്ടികളിൽ പ്രയാസം ഉളവാക്കുകയാണെന്ന് ഫാ. മാത്യു ചൂണ്ടിക്കാട്ടി.
Tags : TeacherTraining DLEd BEd Seats Vaccant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash