ജന്തർ മന്തർ പ്രതിഷേധം (ഫയൽ ചിത്രം)
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ഡൽഹി പൊലിസ് ഉപയോഗിച്ച ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വേറിന്റെ കൃത്യത ചോദ്യം ചെയ്യപ്പെടുന്നു.
കാമറവഴി കണ്ടെത്തിയ ക്രിമിനൽപശ്ചാത്തലമുള്ള ചിലർ സമരം നടക്കുമ്പോൾ ജയിലിലായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് സാങ്കേതികവിദ്യയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുയർന്നത്.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ 2,873 പേർക്കെതിരേ നടപടിയെടുക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് അനുമതി നൽകിയിരുന്നു.
എന്നാൽ ഈ പട്ടികയിലുള്ള 205 പേരുടെ പശ്ചാത്തലം പരിശോധിച്ചപ്പോൾ, കുറഞ്ഞത് 25 പേരെങ്കിലും സമരസമയത്തു ജയിലിലായിരുന്നുവെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇവരിൽ 17 പേർ കൊലക്കേസിലും നാലുപേർ ബലാത്സംഗക്കേസിലും നാലുപേർ വധശ്രമക്കേസിലും പ്രതികളുമാണ്.
സമരകാലത്ത് ഇവർ വിവിധ ജയിലുകളിലായിരുന്നുവെന്ന് പോലീസ്, ജയിൽ, കോടതി രേഖകൾ ഉദ്ധരിച്ച് പത്രം വെളിപ്പെടുത്തുന്നു. കാമറയിൽ പതിയുന്ന മുഖങ്ങൾ ശേഖരിച്ചു പൊലിസ് ഡാറ്റാബേസിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് സോഫ്റ്റ്വേർ ആളുകളെ തിരിച്ചറിയുന്നത്.
Tags : JantarMantarProtest Police CameraTechnology Undersuspicion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash