പ്രതീകാത്മക ചിത്രം - എഐ
ന്യൂഡല്‍ഹി: രാജ്യത്തെ സുരക്ഷാവെല്ലുവിളികളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ സിവിൽ ഡിഫൻസ് ശൃംഖലയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ.
ആധുനികരീതിയിലുള്ള പ്രതിരോധ നടപടികളിൽ സാധാരണക്കാരായ വോളന്റിയർമാർക്കു പരിശീലനം നൽകുന്നതിനായി സൈന്യവുമായി ചേർന്നുള്ള പുതിയ സംയുക്ത പരിശീലനപദ്ധതിക്ക് തുടക്കമായി.
ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആധുനിക സിവിൽ ഡിഫൻസ് സേനയുടെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഈ നീക്കം.
കേരളമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60,000ത്തോളം വോളന്റിയർമാരെയാണു സജ്ജരാക്കുന്നത്. ഇവര്‍ക്കു പരിശീലനം നല്‍കുന്നത് സൈന്യമായിരിക്കും. ഇതിന്റെ ആദ്യഘട്ടമായുള്ള ജമ്മുകാഷ്മീരിലെ പരിശീലനം പൂർത്തിയായി.
കഴിഞ്ഞ 17 മുതൽ 19 വരെ ജമ്മുകാഷ്മീരിലെ രജൗരിയിലുള്ള സരോൾ കോർപ്സ് ബാറ്റിൽ സ്കൂളിൽ സംഘടിപ്പിച്ച മൂന്നു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിന് സൈന്യത്തിന്റെ ‘വൈറ്റ് നൈറ്റ് കോർപ്സ്’ നേതൃത്വം നൽകി. ക്യാമ്പിൽ 34 സിവിൽ ഡിഫൻസ് വോളന്റിയർമാരും സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) യിലെ 16 ഉദ്യോഗസ്ഥരുമുൾപ്പടെ 50 പേർ പങ്കെടുത്തു.
ഡ്രോൺ ആക്രമണങ്ങൾ, സൈബർ ആക്രമണങ്ങൾ, ഹൈബ്രിഡ് യുദ്ധമുറകൾ, ഇൻഫർമേഷൻ വാർഫെയർ, എയർ റെയ്ഡുകൾ എന്നിവ നേരിടാനുള്ള പരിശീലനവും അടിയന്തര രക്ഷാപ്രവർത്തനങ്ങളും ജീവൻരക്ഷാ മാർഗങ്ങളും പ്രായോഗികമായി പകർന്നുനൽകി.
സൈന്യവും സിവിൽ ഡിഫൻസും ദുരന്തനിവാരണ ഏജൻസികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും. പരിശീലനം ലഭിച്ചവർ മറ്റു വോളന്റിയർമാർക്ക് അറിവുകൾ പകർന്നുനൽകുന്നതിലൂടെ ജില്ലാ-പ്രാദേശിക തലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.
രാജ്യസുരക്ഷയിൽ സാധാരണക്കാരായ പൗരന്മാരുടെ പങ്കാളിത്തവും പ്രാദേശികമായ പ്രതിരോധശേഷിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ പരിശീലകനും അതത് മേഖലകളില്‍ 100 സിവില്‍ ഡിഫന്‍സ് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന രീതിയില്‍ 60,000 പേര്‍ക്കു പരിശീലനം നല്‍കും. കേരളത്തിനുപുറമേ ജമ്മുകാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത്, ഡല്‍ഹി, മേഘാലയ, സിക്കിം, ആസാം, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഫലം വിലയിരുത്തിയശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
Tags : Keralam Centre Member CivilDefence Network Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash