സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും കേംബ്രിജിലെ പഠനകാലത്ത് (ഫയൽ ചിത്രം)
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള പ്രണയകാലം ഓർത്തെടുത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച ആദ്യ പോസ്റ്റിലാണ് സോണിയ ഗാന്ധി തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.
1965ൽ ഇംഗ്ലണ്ടിലെ കേംബ്രിജിൽ വച്ചാണ് രാജീവ് ഗാന്ധിയുമായി താൻ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോണിയ ഗാന്ധി പറയുന്നു. “കേംബ്രിജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്ററന്റിലാണ് എന്റെ പ്രണയയാത്ര ആരംഭിക്കുന്നത്. രാജീവും ഞാനും സ്നേഹവും ചിരിയും ഓർമകളും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുത്തു. നവംബർ പത്തിന് ഞാൻ ആ ലോകം നിങ്ങളുമായി പങ്കുവയ്ക്കുന്നു’’-സോണിയ കുറിച്ചു.
രാജീവ് ഗാന്ധിയുടെ സൗന്ദര്യത്തിനപ്പുറം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ സൗമ്യതയും കാരുണ്യവുമാണ് തന്നെ ആദ്യ കാഴ്ചയിൽത്തന്നെ ആകർഷിച്ചതെന്ന് സോണിയ ഗാന്ധി ഓർക്കുന്നു. ”തീർച്ചയായും അദ്ദേഹം കാണാൻ വളരെ സുന്ദരനായിരുന്നു, എന്നാൽ അതിലുപരി അദ്ദേഹത്തിന്റെ സൗമ്യതയാണ് എന്നെ സ്പർശിച്ചത്’’-സോണിയ ഗാന്ധി എഴുതി. കേംബ്രിജിലെ വിദ്യാർഥിജീവിതകാലത്തു പാർട്ടികളിലും കാഴ്ചകളിലും ഒന്നിച്ചു സമയം ചെലവഴിച്ച ഇരുവരും സൗഹൃദത്തിലൂടെയാണ് പ്രണയത്തിലായത്. 1968ൽ വിവാഹിതരായി.
തന്റെ വരാനിരിക്കുന്ന ആത്മകഥയായ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണു സോണിയ ഗാന്ധി സമൂഹമാധ്യമത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.
വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിലും ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ച സോണിയ ഗാന്ധി, പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്നതിന്റെയും മകളും കോൺഗ്രസ് എംപിയുമായ പ്രിയങ്ക ഗാന്ധി വദ്രയുമായി മധുരം പങ്കിട്ട് കെട്ടിപ്പിടിക്കുന്നതിന്റെയും വീഡിയോയും പങ്കുവച്ചിരുന്നു.
നവംബർ പത്തിന് പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രീ ഓർഡറുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 544 പേജുകളുള്ള ഈ പുസ്തകം ഇറ്റലിയിലെ സോണിയയുടെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും വരെയുള്ള കാര്യങ്ങൾ വിവരിക്കുന്നു.
കൂടാതെ, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം ഉൾപ്പടെയുള്ള ദുരന്തങ്ങളും തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആൽഫ്രഡ് എ. നോപ് ആഗോളതലത്തിലും ഹാർപ്പർകോളിൻസ് ഇന്ത്യ രാജ്യത്തുമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Tags : Romance RajivGandhi XAccount Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash