ഏഷ്യൻ പാരാ ഗെയിംസ് സമാപന ചടങ്ങിൽ മോന അഗര്‍വാൾ ഇന്ത്യന്‍ ദേശീയപതാക കൈയിലേന്തുന്നു.
നഗോയ: 2026 ഏഷ്യന്‍ പാരാ ഗെയിംസിനു വര്‍ണാഭമായ സമാപനം. ഗെയിംസ് ചരിത്രത്തിലെ ഗംഭീര പ്രകടനത്തോടെ ഇന്ത്യന്‍ സംഘം ജപ്പാനില്‍നിന്നു തിരിച്ചു. അഞ്ചാമത് ഏഷ്യന്‍ പാരാ ഗെയിംസില്‍ 30 സ്വര്‍ണം, 35 വെള്ളി, 49 വെങ്കലം എന്നിങ്ങനെ 114 മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്വര്‍ണം, വെള്ളി വേട്ടയില്‍ ഇന്ത്യയുടെ റിക്കാര്‍ഡാണിത്. 2022 ഹ്വാങ്ഷൂ ഗെയിംസിലും ഇന്ത്യ 49 വെങ്കലം നേടിയിരുന്നു. 2022ല്‍ 27 സ്വര്‍ണവും 22 വെള്ളിയും അടക്കം 108 മെഡല്‍ നേടിയതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
207 സ്വര്‍ണം, 117 വെള്ളി, 111 വെങ്കലം എന്നിങ്ങനെ 435 മെഡല്‍ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ജപ്പാന് 64 സ്വര്‍ണം, 60 വെള്ളി, 62 വെങ്കലം എന്നിങ്ങനെ 186 മെഡലുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഉസ്ബക്കിസ്ഥാനു (45 സ്വര്‍ണം, 49 വെള്ളി, 51 വെങ്കലം) പിന്നില്‍ നാലാം സ്ഥാനം ഇന്ത്യ സ്വന്തമാക്കി.
ആഘോഷമായ ചടങ്ങുകളോടെ ഗെയിംസ് കൊടിയിറങ്ങി. ഇരട്ട സ്വര്‍ണ ജേതാക്കളായ നിഷാദ് കുമാറും മോന അഗര്‍വാളും ചേര്‍ന്നാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ദേശീയപതാക കൈയിലേന്തിയത്.
Tags : Colorful Conclusion ParaGames Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash