ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഇന്നലെ നടന്ന പ്രതിഷേധപ്രകടനം.
പാരീസ്: കനത്ത സന്നാഹത്തോടെ ഫ്രാൻസ് വീണ്ടുമൊരു വാരാന്ത്യ പ്രതിഷേധത്തെ നേരിട്ടു. പ്രാദേശികസമയം ഇന്നലെ ഉച്ചവരെ 135 പേർ അറസ്റ്റിലായെങ്കിലും കാര്യമായ അക്രമസംഭവങ്ങളുണ്ടായില്ല.
കഴിഞ്ഞ ശനിയാഴ്ചത്തെ തെരുവുയുദ്ധത്തിന്റെയും കൊള്ളയുടെയും പശ്ചാത്തലത്തിൽ ഇന്നലെ രാജ്യത്തുടനീളം കർശന നിയന്ത്രണങ്ങളും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
ഒട്ടേറെ സ്ഥലങ്ങളിൽ പ്രകടനങ്ങൾ നിരോധിച്ചിരുന്നു. തലസ്ഥാനമായ പാരീസ്, ലില്ലി, സ്ട്രാസ്ബർഗ്, മാഴ്സെ, ടുളൗസ്, ആമിയൻസ് തുടങ്ങി കുറച്ചു നഗരങ്ങളിൽ മാത്രമാണ് പ്രകടനങ്ങൾ അനുവദിച്ചത്.
പാരീസിൽ ഒരു പ്രകടനത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. നഗരത്തിൽ സർവം ശാന്തമാണെന്ന് പൊലിസ് ഇന്നലെ ഉച്ചയ്ക്കു പറഞ്ഞു. പ്രകടനക്കാർ പൊലിസിനും സർക്കാരിനും എതിരേ മുദ്രാവാക്യം മുഴക്കി.
നാന്റസ് നഗരത്തിൽ പ്രതിഷേധക്കാർ നിരോധിത മേഖലയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ പൊലിസിന് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടിവന്നു.
ദുഃസഹമായ ജീവിതച്ചെലവിനും ഇന്ധന വിലവർധനയ്ക്കും എതിരേ രാജ്യത്തുടനീളം എഴുന്നൂറിലധികം പ്രകടനങ്ങൾ നടത്തുമെന്നാണ് ജനകീയ പ്രതിഷേധ കൂട്ടായ്മയായ മഞ്ഞക്കുപ്പായക്കാർ അറിയിച്ചിരുന്നത്.
എന്നാൽ, ഇന്നലെ രാവിലയോടെ ഏതാണ് 136 പ്രതിഷേധങ്ങളിലായി 35,000 പേരാണ് പങ്കെടുത്തതെന്ന് ആഭ്യന്തരമന്ത്രി ലോറന്റ് നൂനസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 264 പ്രകടനങ്ങളിലായി 60,000 പേർ പങ്കെടുത്തിരുന്നു.
കഴിഞ്ഞയാഴ്ചത്തെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിലുടനീളം 70,000 സുരക്ഷാ ഭടന്മാരെ വിന്യസിച്ചിരുന്നു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെ അഞ്ചര ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കാളികളായിരുന്നു.
Tags : Protests France Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash