ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: സഭയിലെ യഥാർഥമായ എല്ലാ നവീകരണങ്ങളുടെയും ആരംഭം യേശുവിന്റെ സ്നേഹം ഓരോരുത്തരും വ്യക്തിപരമായി കണ്ടെത്തുന്നതിലാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ദൈവത്തിന്റെ മഹത്തായ പദ്ധതിയുടെ ഭാഗമായിരിക്കുന്നതിനാൽ തങ്ങളുടെ ജീവിതം മഹത്തരവും മനോഹരവുമാണെന്ന് യുവജനങ്ങൾ തിരിച്ചറിയണമെന്നും ജീസസ് യൂത്ത് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രതിനിധികളോടു മാർപാപ്പ പറഞ്ഞു.
യുവജനങ്ങളെ സഭാ ജീവിതത്തിൽ കൂടുതൽ സജീവമായി പങ്കാളികളാക്കുന്നതിനും യേശുക്രിസ്തുവിന്റെ സ്നേഹം വ്യക്തിപരമായി അനുഭവിക്കാൻ അവരെ സഹായിക്കുന്നതിനുമുള്ള ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങളെ മാർപാപ്പ അഭിനന്ദിച്ചു. ഇന്ത്യയിലെ യുവജനങ്ങളുടെ സ്വാഭാവികമായ മുന്നേറ്റത്തിൽനിന്നു കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായി കേരളത്തിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജീസസ് യൂത്ത് എന്ന് മാർപാപ്പ അനുസ്മരിച്ചു.
യുവജനങ്ങളുടെ പ്രേഷിത തീക്ഷ്ണത നിലനിർത്തണം. പുതിയ രാജ്യങ്ങളിലേക്കു സുവിശേഷദൗത്യം വ്യാപിപ്പിക്കണം. ക്രൈസ്തവർ ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ ജീസസ് യൂത്ത് സജീവമാണ്. അത്തരം ഇടങ്ങളിലെ ക്രൈസ്തവ സാക്ഷ്യം, യേശുവിന്റെ സ്നേഹം കണ്ടെത്താനുള്ള ആഴമായ ആഗ്രഹം മറ്റുള്ളവരിൽ ഉണർത്താൻ സഹായിക്കും.
യുവജനങ്ങൾ ദൈവവിളി തിരിച്ചറിയുന്നതിനും വിവാഹജീവിതം, പൗരോഹിത്യം, സന്യാസജീവിതം എന്നിവയിലേക്കുള്ള വിളിയോട് തുറവിയുള്ളവരാകുന്നതിനും ജീസസ് യൂത്ത് പ്രസ്ഥാനം സഹായിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
വിശ്വാസത്തിന്റെ കാര്യത്തിൽ തങ്ങളുടെ യൗവനസഹജമായ പുതുമയും ആവേശവും കാത്തുസൂക്ഷിക്കാനും പാപ്പാ ജീസസ് യൂത്ത് അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. വൈവിധ്യങ്ങൾ ഉൾക്കൊണ്ട് ഐക്യത്തോടെ മുന്നേറാനും ക്രിസ്തുകേന്ദ്രീകൃത വിശ്വാസജീവിതത്തിൽ ഉറച്ചുനിൽക്കാനുമുള്ള ആഹ്വാനത്തോടെയാണ് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
Tags : Pope LeoXIV YoungHearts LoveJesus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash