പ്രതീകാത്മക ചിത്രം - എഐ
മുംബൈ: ഇന്ത്യക്കാരിൽ ഡാർക്ക് ചോക്ലേറ്റിനോടുള്ള താത്പര്യം വർധിക്കുന്നു. വേൾഡ് പാനൽ ബൈ ന്യൂമറേറ്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ അവസാനിച്ച വർഷത്തിൽ ഡാർക്ക് ചോക്ലേറ്റ് വാങ്ങുന്ന ഇന്ത്യൻ കുടുംബങ്ങളുടെ എണ്ണം 45 ശതമാനം വർധിച്ചു.
പ്രീമിയം ഉത്പന്നങ്ങളോടുള്ള താത്പര്യം വർധിക്കുന്നതാണ് ഇതിനു കാരണം. 2024ൽ 28.2 ശതമാനവും 2025ൽ 11.3 ശതമാനവും വളർച്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഈ കുതിപ്പുണ്ടായത്. 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുള്ളതാണ് ‘ഡാർക്ക് ചോക്ലേറ്റ് എന്നു നിർവചിക്കപ്പെടുന്നത്. ഇന്ത്യയിൽ ഏകദേശം 15,000 കോടി രൂപ മൂല്യമാണ്് ചോക്ലേറ്റ് വിപണിക്കുള്ളത്.
നഗരകേന്ദ്രീകൃത വളർച്ച
ഡാർക്ക് ചോക്ലേറ്റിന്റെ ഗാർഹിക ഉപഭോഗ നിരക്ക് 8.5 ശതമാനമാണ്. ഇതിൽ 87 ശതമാനം വാങ്ങലുകളും നഗരങ്ങളിലെ ഉപഭോക്താക്കളാണ് നടത്തിയത്. വേഗത്തിലുള്ള വളർച്ചയാണിത് കാണിക്കുന്നത്. എങ്കിലും, പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിൽ മാത്രമായി ഈ വളർച്ച ഒതുങ്ങിനിൽക്കുന്നു. ഉയർന്ന വില, വിതരണത്തിലെ പരിമിതികൾ എന്നിവയാണ് ഗ്രാമപ്രദേശങ്ങളിൽ ഇതിന്റെ വ്യാപനത്തിന് തടസമായി കന്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
ഉപഭോഗം വർധിക്കാൻ കാരണം
സാധാരണ ചോക്ലേറ്റ് വിപണിയേക്കാൾ 3.8 മടങ്ങ് വേഗത്തിലാണ് ഡാർക്ക് ചോക്ലേറ്റ് വിപണി വളരുന്നത്. ആരോഗ്യബോധമുള്ള ഉപഭോക്താക്കളും പുതിയ പരീക്ഷണങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം. വർധിച്ചുവരുന്ന വ്യക്തിഗത വരുമാനം, ആരോഗ്യ അവബോധം, പ്രീമിയം ഉത്പന്നങ്ങളോടുള്ള താത്പര്യം എന്നിവ ഈ വളർച്ചയ്ക്ക് കരുത്താകുന്നു. പ്രാദേശിക കടകളിൽ എളുപ്പത്തിൽ ലഭിക്കാത്ത പ്രീമിയം ഉത്പന്നങ്ങൾ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വേഗത്തിൽ ലഭ്യമാകുന്നതും ഉപഭോഗം വർധിപ്പിച്ചു.
ചോക്ലേറ്റ് ഉപഭോഗം ഇന്ത്യക്കാരിൽ കുറവ്
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യക്കാരുടെ ചോക്ലേറ്റ് ഉപഭോഗം താരതമ്യേന കുറവാണ്. യുകെയിൽ പ്രതിവർഷം ഒരാൾ ഒരു വർഷം 10 കിലോഗ്രാം ചോക്ലേറ്റ് കഴിക്കുന്പോൾ, ഇന്ത്യയിൽ ഇത് പ്രതിവർഷം ഒരാൾക്ക് ഏകദേശം 200 ഗ്രാം മാത്രമാണ്. ഇത് വിപണി വളർച്ചയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഉപഭോഗ ശീലങ്ങളിലെ വലിയ അന്തരം എടുത്തുകാണിക്കുകയും ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റ് വിപണി താരതമ്യേന ചെറുതാണെങ്കിലും അതിന്റെ വളർച്ചയുടെ വേഗത ശ്രദ്ധേയമാണെന്ന് സൗത്ത് ഏഷ്യയിലെ വേൾഡ് പാനൽ ബൈ ന്യൂമറേറ്റർ കൊമേഴ്സ്യൽ ഡയറക്ടർ മനോജ് മോനോൻ പറഞ്ഞു. ഡാർക്ക് ചോക്ലേറ്റ് ഉപഭോഗത്തിന്റെ വളർച്ചാ പ്രവണത തുടരുകയാണെങ്കിൽ മൊത്തത്തിലുള്ള ചോക്ലേറ്റ് വിപണിയുടെ വളർച്ചയിലും ഇത് നിർണായക പങ്ക് വഹിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾക്ക് പുറത്തുള്ള വാങ്ങലുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 19 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ടെന്ന് മേനോൻ കൂട്ടിച്ചേർത്തു.
Tags : Trend Popularity Growing Chocolate Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash