കെഎസ്ബിസിഡിസി
കോഴിക്കോട്: ഒബിസി, മതന്യൂനപക്ഷ (ക്രിസ്ത്യൻ, മുസ്ലിം) വിഭാഗങ്ങളിൽപെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുന്നു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) വഴിയാണ് വിവിധ വായ്പകള്‍ നല്‍കുന്നത്. സ്ത്രീകള്‍ക്ക് വായ്പകളില്‍ പ്രത്യേക ഇളവുകളും നല്‍കും. രണ്ട് ലക്ഷം രൂപവരെയുള്ള സ്വയം തൊഴില്‍ വായ്പകള്‍ക്ക് 5.5 മുതല്‍ 7.5 ശതമാനം വരെയാണ് പലിശയെന്ന് അധികൃതര്‍ അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പുതിയ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങാന്‍ മുപ്പത് ലക്ഷം വരെ വായ്പ നല്‍കും. ആറുമുതല്‍ എട്ടുവരെയാണ് പലിശ. താഴ്ന്ന വരുമാനക്കാരായവര്‍ക്ക് വിവിധോദ്ദേശ്യ വായ്പയായി പരമാവധി മൂന്ന് ലക്ഷം രൂപ വരെ നല്കുന്ന സുവര്‍ണ ശ്രീ വായ്പയാണ് മറ്റൊന്ന്. 8.5 ശതമാനമാണ് പലിശ. ആറ് ശതമാനം പലിശ നിരക്കില്‍ വിവാഹ ധനസഹായ വായ്പയും നല്‍കുന്നുണ്ട്.
പെണ്മക്കളുടെ വിവാഹത്തിനായാണ് രണ്ട് ലക്ഷം വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. കെഎസ്ബിസിഡിസിയില് നിന്നും സ്വയം തൊഴില്‍ വായ്പയെടുത്ത് സംരംഭം ആരംഭിച്ചവര്‍ക്ക് തിരിച്ചടവ് കാലാവധി കഴിഞ്ഞതിന് ശേഷം പ്രസ്തുത സംരംഭത്തിന് പ്രവര്‍ത്തന മൂലധനം ആവശ്യാര്‍ഥം മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കും. എട്ട് ശതമാനമാണ് പലിശ നിരക്ക്.
മൈക്രോഫിനാന്‍സ് മഹിള സമൃദ്ധി യോജന വായ്പാ പദ്ധതിയാണ് മറ്റൊന്ന്. എന്‍ജിഒ, കുടുംബശ്രീ സിഡിഎസുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് കോടി രൂപ വരെ അനുവദിക്കും. അറുപത് ശതമാനമെങ്കിലും ഒബിസി, അല്ലെങ്കില്‍ മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍, ജെഎല്‍ജി എസ്എച്ച്ജികള് എന്നിവയ്ക്കാണ് വായ്പ അനുവദിക്കുക. വരുമാനദായകമായ നിയമാനുസൃത സംരംഭങ്ങള്‍ക്കാണ് വായ്പ.
അഞ്ച് ലക്ഷം രൂപവരെ പരമാവധി വായ്പ നല്കുന്ന പുനര്‍ജനി പദ്ധതിയില്‍ വിധവകള്‍, നാല്പത് വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതര്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍ എന്നിവര്‍ക്ക് സംരംഭം തുടങ്ങാനായി പണം നല്‍കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ വരെ നല്കുന്ന സ്റ്റാര്‍ട്ടപ്പ് വായ്പയും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനും നിലവിലുള്ള വാഹനം സിഎന്‍ജിയിലേക്ക് മാറ്റാനും വീല്‍ വായ്പ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വാഹന വായ്പകള്‍ എന്നിവയും നല്‍കും.
15 മുതല്‍ 30 ലക്ഷം രൂപ വരെ ലഭിക്കുന്ന വിദ്യാഭ്യാസ വായ്പയും ദേശീയ ഏജന്‍സിയുടെ പദ്ധതി പ്രകാരം വായ്പ അനുവദിക്കാന്‍ സാധിക്കാത്ത തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിദ്യാശ്രീ വായ്പയും അനുവദിക്കും. മൂന്നുലക്ഷം രൂപ വരെയാണ് നല്‍കുക. 30 ലക്ഷം രൂപ വരെ നല്കുന്ന പ്രവാസി സുരക്ഷാ വായ്പയും എട്ട് ലക്ഷം രൂപ വരെ വരുമാന പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭവനവായ്പയായി 10 ലക്ഷം രൂപയും കെഎസ്ബിസിഡിസി വഴി നല്‍കുന്നുണ്ട്.
Tags : BackwardClasses DevelopmentCorporation Extends OBC ReligiousMinorityCommunities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash