അഖണ്ഡ ജപമാല മഹാറാലി അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേർന്നപ്പോൾ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ ആമുഖസന്ദേശം നല്കുന്നു.
ചേര്‍ത്തല: ലോക സമാധാനത്തിനായും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം നിലനിർത്താനും പ്രാർഥിച്ചു കൊണ്ട് കൃപാസനത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖണ്ഡ ജപമാല മഹാറാലി ചരിത്രസംഭവമായി.
വിശ്വാസവും പ്രാര്‍ഥനയും മുറുകെപ്പിടിച്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ അണിനിരന്ന ജപമാല മഹാറാലി ആത്മീയ ഐക്യത്തിന്റെ മഹാസംഗമമായി മാറി. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കൃപാസനം മരിയന്‍ സന്നിധാനത്തില്‍ നിന്നും അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് ആരംഭിച്ച മഹാറാലിയില്‍ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.
ബ്രദര്‍ ആർ. വിജയകുമാർ കോയമ്പത്തൂർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കൃപാസനം ഡയറക്ടർ ഫാ.ഡോ.വി.പി. ജോസഫ് വലിയവീട്ടിൽ റാലിക്ക് നേതൃത്വം നല്കി. തീരദേശപാതയിലൂടെ സഞ്ചരിച്ച് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബസിലിക്ക റെക് ടര്‍ ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ ആമുഖസന്ദേശം നല്കി.
മനുഷ്യര്‍ തങ്ങളുടെ പാപങ്ങള്‍ ക്രിസ്തുവാകുന്ന കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകി വെളുപ്പിക്കുന്നതുകൊണ്ടാണ് രക്ഷ നമുക്ക് സാധ്യമാകുന്നതെന്ന് ബിഷപ് പറഞ്ഞു. ഇത്രയും വിശ്വാസിലക്ഷങ്ങള്‍ ജപമാല ചൊല്ലി ത്യാഗമെടുത്ത് ഈ മണ്ണിലെത്തിച്ചേരുന്നത് കൃപാസനം മാതാവിന്റെ സാന്നിധ്യവും ഇടപെടലുമാണെന്നും ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ പറഞ്ഞു.
വിശ്വാസത്തെ ഏറ്റുപറയുന്നതിന് ഒരു മനുഷ്യന് അവനെ സഹായിക്കുന്ന അനുയോജ്യമായ ഏറ്റവും വലിയ ഘടകം പരിശുദ്ധ ജപമാലയാണെന്നും ജപമാല ദൈവവചനത്തിന്റെ പ്രാര്ഥനാരൂപങ്ങളാണെന്നും സ്വീകരണത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ട് ഫാ.ഡോ.വി.പി. ജോസഫ് വലിയവീട്ടിൽ പറഞ്ഞു.
അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ.ഡോ.യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ സ്വാഗതം പറഞ്ഞു. ആഘോഷമായ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ നേതൃത്വം നല്കി. രൂപത വികാരി ജനറല്‍ മോണ്‍.ജോയ് പുത്തന്‍വീട്ടില്‍, ഫാ. പോള്‍ ജെ. അറയ്ക്കല്‍, ഫാ.അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍, ഫാ.അലക്സാണ്ടര്‍ കൊച്ചീക്കാരന്‍വീട്ടില്‍ എന്നിവര്‍ ആരാധനാസന്ദേശം നല്കി.
Tags : Kripasanam RosaryRally WorldPeace Steadfast Faith MarianShrine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash