പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള 20 കുട്ടികൾ സംസ്ഥാന ബാലാവകാശ കമ്മിഷന് സമർപ്പിച്ച ഹർജിയിൽ തങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന നിരവധി അവകാശങ്ങളിൻമേൽ സ്കൂളുകളിന് നിയന്ത്രണമുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്.
നിസഹായരായ അധ്യാപകർ
കുട്ടികളുടെ പരാതികളും അധ്യാപകരുടെ ഭാഗത്തുനിന്നു കമ്മിഷന് അയച്ചു നൽകിയ നിർദേശങ്ങളും കമ്മിഷൻ പരിശോധിച്ചു.
കമ്മിഷന്റെ മുൻകാല ഉത്തരവിൻമേൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഹൈസ്കൂൾ അധ്യാപകൻ തന്റെ അഭിപ്രായം കമ്മിഷന് രേഖാമൂലം നൽകി. ബാഹ്യ സമ്മർദങ്ങളാൽ വലിയ വെല്ലുവിളി നേരിടുന്ന തൊഴിൽ മേഖലയായി അധ്യാപനം മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം, ലഹരി വസ്തുക്കളുടെ സുഗമമായ ലഭ്യത, അധ്യാപകർക്കെതിരേ ഉയർന്നുവരുന്ന പ്രശ്നങ്ങളെ പർവതീകരിക്കാനുള്ള മാധ്യമങ്ങളുടെയും അധികൃതരുടെയും ഉത്സാഹം, കുട്ടികൾ മാറിയിട്ടും മാറാത്ത അധ്യാപന/ആഘോഷ രീതികൾ എന്നിവയെല്ലാം ഈ പ്രതിസന്ധിക്ക് കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചാം ക്ലാസ് കഴിയുമ്പോൾത്തന്നെ ഫോൺ സ്വന്തമാക്കുന്ന കുട്ടികൾ അതിന് പൂർണമായും അടിമയാകുന്നു. ബോധവത്കരണങ്ങളൊന്നും കാര്യക്ഷമമല്ല.
ഫോണിൽ ലഭ്യമാകുന്ന വീഡിയോകൾ പുലർച്ചെ വരെ കാണുന്ന കുട്ടികൾ ബോധമില്ലാതെ ക്ലാസിലെത്തി ഉറങ്ങുന്നു. ചോദ്യം ചെയ്താൽ വഴക്കും കേസും കൂട്ടവുമാകുന്നു. ലഹരി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തിയാൽ രക്ഷിതാവ് പോലും അധ്യാപകർക്കുനേരേ തിരിയുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ജാതിയും മതവും നോക്കി വേർതിരിക്കുന്ന അവസ്ഥ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാകുമ്പോഴും കടമകളെക്കുറിച്ചും മൂല്യബോധത്തെക്കുറിച്ചും കുട്ടികൾ ബോധവാന്മാരല്ലെന്നും ഫോണിന്റെ ഉപയോഗം ഉൾപ്പെടെയുള്ള കാരണങ്ങൾകൊണ്ട് പ്രായത്തിൽ കവിഞ്ഞ കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നുണ്ടെന്നും അത് അവരുടെ പെരുമാറ്റത്തിൽ പ്രകടമാണെന്നും ഇതിനെ അഭിസംബോധന ചെയ്യാനുള്ള ഒരു മെഷണറിയുമില്ലാതെയാണ് അധ്യാപകർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കമ്മിഷനെ ബോധിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഒരു അധ്യാപിക കമ്മിഷന് രേഖാമൂലം നൽകിയ അഭിപ്രായത്തിൽ ലിപ്സ്റ്റിക് ഇടാതെ കുട്ടികൾ സ്കൂളിൽ വരാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടി. എന്നും ലിപ്സ്റ്റിക് ഇട്ടുവന്ന ഒരു കുട്ടിയോട് ഇത്തരത്തിൽ വരാൻ പാടില്ല, ശരീരത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞതിന് അടുത്ത ദിവസം രക്ഷിതാവ് സ്കൂളിൽ വന്ന് ഞങ്ങൾ ബ്രാന്ഡ് ആയിട്ടുള്ള ലിപ്സ്റ്റിക് ആണ് ഉപയോഗിക്കുന്നതെന്നും അത്തരം ലിപ്സ്റ്റിക് ഉപയോഗിച്ചത് കൊണ്ട് സ്കൂളിന് ബുദ്ധിമുട്ടുണ്ടോ എന്നുമാണ് ചോദിച്ചത്. ഇത്തരത്തിൽ ആഡംബര വസ്തുക്കൾ ഉപയോഗിക്കാൻ സാധിക്കാത്ത സാധാരണക്കാരിയായ മറ്റൊരു കുട്ടി ലിപ്സ്റ്റിക്കിനു പകരം സിന്ദൂരം കലക്കി പുരട്ടിയപ്പോൾ ചുണ്ടുകൾ പൊള്ളിപ്പോയെന്നും അധ്യാപിക വിശദീകരിച്ചു.
ആ കുട്ടിയുടെ ചുണ്ടിലെ കറുത്ത പാടുകൾ കണ്ട് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യമറിഞ്ഞത്. പാടുകൾ മാറാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ പാടുകൾ മാറാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് വളരെ വൈകാരികമായി കുട്ടി ചോദിച്ചെന്നും അധ്യാപിക റിപ്പോർട്ട് ചെയ്തു.


സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ, അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾക്ക് അഡ്മിഷൻ നൽകുന്ന സമയത്ത് സ്കൂൾ അച്ചടക്കം സംബന്ധിച്ച് രക്ഷിതാവിൽനിന്നും കുട്ടികളിൽനിന്നും വിവിധങ്ങളായ നിബന്ധനകൾ ഒപ്പിട്ടു വാങ്ങുന്നതും രക്ഷിതാക്കളും കുട്ടികളും പൂർണസമ്മതത്തോടെ ഒപ്പിട്ട് നൽകുന്നതും കമ്മിഷന്റെ ശ്രദ്ധയിൽപെടുന്നു. എന്നാൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തരം നിബന്ധനകൾ ഒന്നും കാണുന്നില്ല എന്നതും കമ്മിഷൻ ഗൗരവത്തോടെ നിരീക്ഷിക്കുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ അച്ചടക്കം സംബന്ധമായ വിഷയങ്ങളിൽനിന്ന് പലവിധ കാരണങ്ങളാൽ ഒരു വിഭാഗം അധ്യാപകർ മാറിനിൽക്കുന്നതായും എന്നാൽ അച്ചടക്കബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം പ്രസ്തുത അധ്യാപകരിൽ നിക്ഷിപ്തമാണ്.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ കുട്ടികളിൽ ഉണ്ടാകേണ്ട കർത്തവ്യബോധവും മൂല്യബോധവും കുട്ടികൾ മറന്നുപോകുന്നുവെന്നും ആധുനിക കാലഘട്ടത്തിൽ ലഹരി വസ്തുക്കളുടെ സ്വാധീനം കുട്ടികളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
രാഷ്ട്രത്തിന്റെ നിയമങ്ങളും കീഴ്വഴക്കങ്ങളും അനുസരിക്കേണ്ട ഒരു തലമുറയെ വാർത്തെടുക്കേണ്ട വിദ്യാലയങ്ങളിൽ നിർബന്ധമായും സ്കൂളിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണ്.
സ്കൂളുകളിൽ യൂണിഫോമിറ്റിയും അച്ചടക്കവും വ്യക്തിശുചിത്വവും നിലനിർത്തുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടെ മുടി വൃത്തിയായും ക്രമമായും പരിപാലിക്കേണ്ടത് ആവശ്യമാണ്.
പ്രസ്തുത വിഷയത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും വിധേയമായി വിദ്യാർഥികളുടെ മുടി വൃത്തിയായി വെട്ടി ക്രമമായി സൂക്ഷിക്കുന്നതിനും മുടിയുടെ പരിപാലനത്തിൽ സ്കൂൾതലത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ സ്കൂൾ അധികൃതർ കുട്ടികൾക്ക് നൽകേണ്ടതാണ്.

സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ കമ്മിഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ചില ഉത്തരവുകൾ പൊതുസമൂഹം തെറ്റായി വ്യാഖ്യാനിച്ചതുമൂലമാണ് ഇത്തരം പരാതികൾ ഉണ്ടാകുന്നതെന്നും കമ്മിഷന് ബോധ്യപ്പെട്ടു.
കമ്മിഷന്റെ മുൻകാല ഉത്തരവ് പ്രകാരം സ്കൂളുകളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതി ഇല്ലാത്തതാണ്. എന്നാൽ ചില പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടുകൂടി കുട്ടികൾ കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾ സ്കൂൾ സമയം കഴിയുന്നതു വരെ സ്വിച്ച് ഓഫാക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തേണ്ടതാണ്. സ്കൂൾ പ്രവൃത്തി സമയങ്ങളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്ക ലംഘനമായി കാണേണ്ടതുണ്ട്. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ടതാണ്.
കുട്ടികളുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിൽ സ്കൂൾ ബാഗ്,ദേഹ പരിശോധന അധ്യാപകർ നടത്തേണ്ടതാണ്. കുട്ടികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചു വരുന്നത് തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ ബാഗുകൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ അന്തസിനും അഭിമാനത്തിനും കോട്ടം വരുത്താതെയുള്ള പരിശോധനയ്ക്ക് കുട്ടികൾ സഹകരിക്കണം. ഈ വിഷയം സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ടതാണ്.
സ്കൂൾ കുട്ടികൾ മുടി വളർത്തുന്നതും പരിപാലിക്കുന്നതും മൊട്ടയടിക്കുന്നതും കളർ ചെയ്യുന്നതും കുട്ടികളുടെ അവകാശങ്ങളാണെങ്കിലും സ്കൂൾ പഠനകാലത്ത് സ്കൂൾ അച്ചടക്കത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. ഈ വിഷയങ്ങൾ സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ടതാണ്.
കോടതി വിധികൾ
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട നിരവധി കോടതി വിധികളും കമ്മിഷൻ പരിശോധിച്ചു.സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികളുടെ അച്ചടക്കത്തിന്റെ ഉത്തരവാദിത്വം പ്രധാനാധ്യാപകനിൽ നിക്ഷിപ്തമാണെന്ന കേരള ഹൈക്കോടതിയുടെ പ്രധാന വിധികളിലുണ്ട്. അച്ചടക്കവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും പ്രധാനാധ്യാപകൻ ഉത്തരവാദിയാണെന്നും ക്ലാസ് മുറിയിലെ അച്ചടക്കം നിലനിർത്തേണ്ടത് അധ്യാപകരുടെ കടമയാണെന്നും പൊതുവായ സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ അധ്യാപകർ പ്രധാനാധ്യാപകനെ സഹായിക്കണമെന്നും വിദ്യാർഥികൾക്കെതിരേ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ പ്രധാനാധ്യാപകന് അധികാരമുണ്ടെന്നും ഹൈക്കോടതിയുടെ നിർണായക വിധിയുണ്ട്.
ഒരു കേസിൽ ഒന്പതാം ക്ലാസിൽ പഠിക്കുന്ന മൈനറായ കുട്ടി സ്കൂൾ അച്ചടക്കത്തിന് വിരുദ്ധമായി തലമുടി വെട്ടിയതിനെതിരേ സ്കൂൾ അധികൃതർ വഴക്ക് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസിൽ അധ്യാപകർക്കെതിരേ ജെജെ ആക്ട് സെക്ഷൻ 75 പ്രകാരം ക്രിമിനൽ കുറ്റം നിലനിൽക്കുമോ എന്നതായിരുന്നു കോടതിയുടെ പരിഗണനാ വിഷയം. സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രസ്തുത കേസിൽ ഈ സെക്ഷൻ ബാധകമല്ല എന്ന കോടതിവിധി ശ്രദ്ധേയമാണ്.
Tags : Protection ChildRights Schools Impose Restrictions Constitution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash