District News
തൊടുപുഴ: കുമളി പഞ്ചായത്തിലെ വള്ളക്കടവ് ഫോറസ്റ്റ് ക്വാര്ട്ടേഴ്സില് താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്പ്പെട്ട നാലു വയസുകാരന് ആദിദേവിന്റെ ആരോഗ്യപരിചരണവും സംരക്ഷണവും ഇടുക്കി ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ഏറ്റെടുത്തു.
ജൂലൈ 13ന് വള്ളക്കടവില് നടന്ന മെഡിക്കല് ക്യാമ്പിനിടെ കുട്ടിയില് പോഷകാഹാരക്കുറവുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള് ശ്രദ്ധയില്പ്പെടുകയായിരുന്നു. തുടര്ന്ന് പട്ടികവര്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില് കോട്ടയം മെഡിക്കല് കോളജിലെ കുട്ടികളുടെ ആശുപത്രിയില് പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തുടര്ന്ന് ഒരു മാസം നീണ്ടുനില്ക്കുന്ന തുടര്ചികിത്സയും ആരോഗ്യപരിചരണവും ഉറപ്പാക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു.
പിതാവിന്റെ മരണത്തെത്തുടര്ന്ന് കുട്ടിക്ക് ആവശ്യമായ പരിചരണവും സംരക്ഷണവും വീട്ടില്നിന്ന് പൂര്ണമായി ലഭ്യമാകാത്ത സാഹചര്യം കമ്മിറ്റിയുടെ ശ്രദ്ധയില്പ്പെട്ടു. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, സുരക്ഷ, ദീര്ഘകാല വളര്ച്ച എന്നിവ മുന്നിര്ത്തി സിഡബ്ല്യുസിയും ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് ഓഫീസറും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തുടര്നടപടികള് സ്വീകരിച്ചു.
ഇതിന്റെ ഭാഗമായി കുട്ടിയെ തൊടുപുഴയിലെ മദര് ആൻഡ് ചൈല്ഡ് ഫൗണ്ടേഷനില് സംരക്ഷണത്തിനായി പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ, പോഷകാഹാരം, പരിചരണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുകയും ചെയ്തു.
കുട്ടിയുടെ ആരോഗ്യനിലയും പുനരധിവാസവും ചൈല്ഡ് വെല്ഫെയര് കമ്മിറ്റി നിരന്തരം നിരീക്ഷിക്കും. കുട്ടിക്ക് ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരമുള്ള എല്ലാ സംരക്ഷണവും തുടര്ന്നും ഉറപ്പാക്കുമെന്ന് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാന് സെബാസ്റ്റ്യന് മാത്യു അറിയിച്ചു.
Kerala
കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് തുറന്നു പ്രവര്ത്തിക്കാന് ഹൈക്കോടതിയുടെ അനുമതി. സ്ഥാപാനം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ നടപടി സ്റ്റേ ചെയ്ത ഉത്തരവ് നടപടി കോടതി നീട്ടി. മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്.
ആവശ്യമെങ്കില് പോലീസ് സംരക്ഷണം നല്കാനും കോടതി ഉത്തരവിട്ടു. കേസില് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്ഡ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയുടെ റിപ്പോര്ട്ട് സര്ക്കാര് ഇന്ന് കോടതിയില് ഹാജരാക്കിയിരുന്നു.
എന്നാല്, നിലവില് സ്ഥാപനം പ്രവര്ത്തിക്കാത്ത സാഹചര്യം ആയതിനാല് പരിശോധനയില് കാര്യമായ മലിനീകരണ പ്രശ്നങ്ങള് കണ്ടെത്താന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്ട്ടിലുള്ളത്. സ്ഥാപനത്തിന്റെ പ്രവര്ത്തനം പൂര്ണതോതിലാക്കിയ ശേഷം വീണ്ടും പരിശോധന നടത്തി പുതിയ റിപ്പോര്ട്ട് സമര്പ്പിക്കാന് കോടതി നിര്ദേശിച്ചു.
സ്ഥാപനം പ്രവര്ത്തിക്കുമ്പോള് പാലിക്കേണ്ട കര്ശന വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചു. ഫ്രീസര് സംവിധാനമുള്ള പ്രത്യേക വാഹനങ്ങളില് മാത്രമേ മാലിന്യങ്ങള് പ്ലാന്റിലേക്ക് കൊണ്ടുവരാന് പാടുള്ളൂ എന്നതടക്കമുള്ള ഉത്തരവുകള് പാലിക്കണമെന്ന് കോടതി നിര്ദേശിച്ചു.
Kerala
താമരശേരി: 2026 ജൂലൈയില് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിര്ത്തിനിര്ണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ആറു സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തില് 56,825.7 ചതുരശ്ര കിലോമീറ്റര് പ്രദേശം പരിസ്ഥിതിലോല മേഖലയായി നിര്ദേശിക്കുന്ന കരട് വിജ്ഞാപനത്തില് കേരളത്തിലെ 131 ഗ്രാമങ്ങളിലായി 9,993.7 ചതുരശ്ര കിലോമീറ്റര് പ്രദേശമാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഒരു റവന്യു വില്ലേജ് എന്നത് ഒരു ഭരണപരമായ യൂണിറ്റാണ്. അത് ഒരു ഏകതാനമായ പരിസ്ഥിതി യൂണിറ്റല്ല.
ഒരു ഗ്രാമത്തിനുള്ളില് വനപ്രദേശം, സംരക്ഷിത പ്രദേശം, കൃഷിഭൂമി, തോട്ടങ്ങള്, ജനവാസ കേന്ദ്രങ്ങള്, റോഡുകള്, ജലാശയങ്ങള് തുടങ്ങിയ വ്യത്യസ്ത ഭൂവിനിയോഗ മേഖലകളുണ്ടാകും. അതിനാല് ഒരു ഗ്രാമത്തെ മുഴുവനായി ഇഎസ്എയില് ഉള്പ്പെടുത്തുന്ന രീതിയല്ല, യഥാര്ഥ പാരിസ്ഥിതിക പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള ഭൂവിനിയോഗ മാപ്പിംഗാണ് വേണ്ടതെന്നു സമിതി ചൂണ്ടിക്കാട്ടി.
ജനവാസ മേഖലകളും കൃഷിഭൂമിയും ഉള്പ്പെടുന്ന റവന്യു ഭൂമിയില് വനനിയമങ്ങള് ബാധകമാകുന്ന ഇഎസ്എ പരിധിയില്നിന്ന് ഒഴിവാക്കണം. മതിയായ രേഖകളോടെ ദീര്ഘകാലമായി മനുഷ്യര് കൈവശം വച്ച് അനുഭവിക്കുകയും താമസിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ജനവാസ മേഖലകള്, കാര്ഷിക ഭൂമികള്, തോട്ടങ്ങള്, ടൗണ്ഷിപ്പുകള്, സര്ക്കാര്, അര്ധസര്ക്കാര്, സ്വകാര്യ പൊതു സ്ഥാപനങ്ങള് മറ്റ് പരമ്പരാഗത മനുഷ്യവിനിയോഗ പ്രദേശങ്ങള് എന്നിവ ഇഎസ്എ ആയി പ്രഖ്യാപിക്കരുത്.
വനത്തെയും തലമുറകളായി കൃഷി ചെയ്തുവരുന്ന കൃഷിഭൂമിയെയും ഒരു പോലെ കാണാന് കഴിയില്ല. വനസംരക്ഷണത്തിന്റെ പേരില് തലമുറകളായി കൃഷി ചെയ്തു ജീവിക്കുന്ന ജനങ്ങളെ വനനിയമം അടിച്ചേല്പ്പിച്ച് അനാവശ്യ നിയന്ത്രണങ്ങള്ക്കു വിധേയരാക്കുന്നതു നീതിയുക്തമല്ലെന്നു സമിതി വ്യക്തമാക്കി. ഇപ്പോഴത്തെ കരടു വിജ്ഞാപനത്തോടൊപ്പം സാധാരണക്കാര്ക്ക് മനസിലാകുന്ന ഭൂപടം പ്രസിദ്ധീകരിക്കണം.
തിരുത്തിയതും കൃത്യവുമായ ഇഎസ്എ ഭൂപടങ്ങള് പൊതുജനങ്ങള്ക്കു ലഭ്യമാക്കണം. ബാധിക്കപ്പെടുന്ന ഗ്രാമങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അര്ഥവത്തായ പൊതുജനാഭിപ്രായ ശേഖരണം നടത്തണം. കൃത്യമായ ഭൂപടങ്ങള് അടക്കം തിരുത്തിയ രേഖകള് ലഭ്യമാക്കിയ ശേഷം എതിര്പ്പുകള് സമര്പ്പിക്കാന് മതിയായ സമയം നല്കണം.
നിലവിലെ കരട് വിജ്ഞാപനപ്രകാരം പൊതുജനങ്ങള്ക്ക് എതിര്പ്പുകളും നിര്ദേശങ്ങളും സമര്പ്പിക്കാന് ജൂലൈ 27 മുതല് 60 ദിവസമാണ് സമയപരിധി. എന്നാല് കൃത്യമായി തിരുത്തിയ ഭൂപടങ്ങളും മലയാളത്തിലുള്ള രേഖകളും പൊതുജനങ്ങള്ക്ക് ലഭ്യമാകുന്നതിനു മുമ്പ് ഈ കാലയളവ് പ്രായോഗികമായി അവസാനിക്കരുത്.
അടിസ്ഥാന വിഷയങ്ങള് പരിഹരിച്ച ശേഷമേ ഇഎസ്എ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നും സമിതി നേതാക്കള് ആവശ്യപ്പെട്ടു. യോഗത്തില് രക്ഷാധികാരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില്, ചെയര്മാന് മോണ്. ജോയ്സ് വയലില്, ജനറല് കണ്വീനര് ഡോ. ചാക്കോ കാളംപറമ്പില്, കോ- ഓര്ഡിനേറ്റര് ഫാ. സുബിന് കവളക്കാട്ട്, ഭാരവാഹികളായ ജോയി കണ്ണഞ്ചിറ, ടെന്നിസണ് ചാത്തന്കണ്ടം എന്നിവര് സംസാരിച്ചു.
International
റോം: പരിസ്ഥിതിസംരക്ഷണ രംഗത്തും സാമൂഹികക്ഷേമത്തിലും വേറിട്ട സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിൽ അന്താരാഷ്ട്ര ബഹുമതി പ്രഖ്യാപിച്ചു.
അമേരിക്കയിലെ പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാല ഏർപ്പെടുത്തിയ "പോപ്പ് ലെയോ പതിനാലാമൻ സസ്റ്റൈനബിലിറ്റി മെഡൽ' അടുത്ത ഒക്ടോബറിൽ റോമിൽ നടക്കുന്ന ചടങ്ങിൽ മാർപാപ്പതന്നെ നേരിട്ട് വിജയിക്കു സമ്മാനിക്കും.
ഒക്ടോബർ 12 മുതൽ 15 വരെ റോമിലെ പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് അഗസ്റ്റീനിയാനത്തിലും മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗാണ്ടാൾഫോയിലെ ലൗദാത്തോ സീ ഉദ്യാനത്തിലുമായാണ് അന്താരാഷ്ട്ര പരിസ്ഥിതിസമ്മേളനം നടക്കുന്നത്. ഒക്ടോബർ 13ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
ലെയോ പതിനാലാമൻ മാർപാപ്പ അംഗമായ അഗസ്റ്റീനിയൻ സന്യാസസഭ 1842ൽ സ്ഥാപിച്ചതാണ് വില്ലനോവ സർവകലാശാല. ലെയോ മാർപാപ്പ പഠിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനംകൂടിയാണിത്.
1977ൽ ഇവിടെനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് 2014ൽ സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകിയിരുന്നു. സർവകലാശാലയുടെ ഈ മുൻ വിദ്യാർഥിയോടുള്ള ആദരസൂചകമായാണ് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ആദ്യ പുരസ്കാരജേതാവിനെ സെപ്റ്റംബറിൽ പ്രഖ്യാപിക്കും. ഏതു മേഖലയിലുള്ളവർക്കും പരിസ്ഥിതി-സാമൂഹിക സുസ്ഥിരതയ്ക്കായി നൽകിയ സംഭാവനകൾ മുൻനിർത്തി പുരസ്കാരത്തിന് അർഹതയുണ്ടായിരിക്കും.
Kerala
കൊച്ചി: കുംഭമേള വൈറല് പെണ്കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. പെണ്കുട്ടിക്ക് സംരക്ഷണം ഒരുക്കാന് പാലാരിവട്ടം പോലീസിന് കോടതി നിര്ദേശം നല്കി. ഹര്ജിയില് പാലാരിവട്ടം പോലീസിനെ കോടതി സ്വമേധയാ കക്ഷി ചേര്ത്തു.
തന്റെ ജീവന് സുരക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് പെണ്കുട്ടി നേരത്തെ നല്കിയ ഹര്ജിയില് സുരക്ഷ നല്കാന് എറണാകുളം സെന്ട്രല് പോലീസിന് കോടതി നിര്ദേശം നല്കിയിരുന്നു. എന്നാല് പെണ്കുട്ടിയെയും ഭര്ത്താവിനെയും കണ്ടെത്താന് കഴിയുന്നില്ലെന്ന് കാട്ടി പോലീസ് സുരക്ഷ പിന്വലിച്ചിരുന്നു.
പെണ്കുട്ടിയും ഭര്ത്താവും നല്കിയ മേല്വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന് കഴിയുന്നില്ലെന്നും പെണ്കുട്ടിയുടെ പതിവ് രീതിയാണിതെന്നുമായിരുന്നു സര്ക്കാര് കോടതിയെ അറിയിച്ചത്. പിന്നാലെ പെണ്കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല് മാത്രം നല്കിയാല് മതിയെന്ന് പോലീസിനോട് കോടതി നിര്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംരക്ഷണം ആവശ്യപ്പെട്ട് പെണ്കുട്ടി വീണ്ടും സെൻട്രല് പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പാസ്പോര്ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്കുട്ടി പോലീസിനെ അറിയിച്ചു.
അതേസമയം മധ്യപ്രദേശ് പോലീസില് പെണ്കുട്ടിയുടെ പിതാവ് നല്കിയ പോക്സോ കേസ് പരാതിയില് ഭര്ത്താവ് മുഹമ്മദ് ഫര്മാന് പ്രതിയാണ്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ഫര്ഹാന് തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജീവന് ദീപം ഒരുമ ഇന്ഷ്വറന്സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നത് 16.7 ലക്ഷം അയല്ക്കൂട്ട അംഗങ്ങള്ക്ക്. മികച്ച ഇന്ഷ്വറന്സ് പരിരക്ഷ അംഗങ്ങള്ക്ക് ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതിയാണിത്.
കുടുംബശ്രീയുടെ നേതൃത്വത്തില് ഈ വര്ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്റ് കാമ്പയിന് വഴിയാണ് ഇത്രയും പേരെ പദ്ധതിയില് ഉള്പ്പെടുത്തിയത്. 2027 മാര്ച്ച് 31 വരെയാണു പോളിസി കാലാവധി.
സംസ്ഥാന ഇന്ഷ്വറന്സ് വകുപ്പും എല്ഐസിയും സംയുക്തമായാണു പദ്ധതി നടത്തിപ്പ്. 200 രൂപയാണ് വാര്ഷിക പ്രീമിയം. അയല്ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല് ഇന്ഷ്വറന്സ് ആനുകൂല്യം ലഭിക്കും. 18 മുതല് 74 വയസ് വരെയുള്ളവര്ക്ക് പദ്ധതിയില് അംഗമാകാം.
18നും 50നും ഇടയില് പ്രായമുള്ള അയല്ക്കൂട്ട അംഗത്തിന് സ്വാഭാവികമരണം സംഭവിക്കുകയാണെങ്കില് പോളിസിയില് പറഞ്ഞിട്ടുള്ളപ്രകാരം അവകാശിക്ക് രണ്ടു ലക്ഷം ലഭിക്കും. 51-60 വയസ് വരെയുള്ള പോളിസി ഉടമയ്ക്കു മരണം സംഭവിച്ചാല് 80,000 രൂപയും 61-70 വയസ് വരെ 30,000 രൂപയും 71 -74 വയസ് വരെ 25,000 രൂപയുമാണ് അവകാശിക്കു ലഭിക്കുക.
അപകടമരണം സംഭവിച്ചാല് ഈ തുകയ്ക്കുപുറമെ 18 - 50 വയസ് വരെയുള്ള അംഗങ്ങള്ക്ക് 1,20,000 രൂപയും 51 - 60 വയസ് വരെ ഒരു ലക്ഷം രൂപയും 61 - 74 വയസ് വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്കു ലഭിക്കും.
അയല്ക്കൂട്ട അംഗങ്ങള് ചേര്ന്ന് ലിങ്കേജ് വായ്പയെടുത്തശേഷം ഏതെങ്കിലും ഒരംഗത്തിനു മരണം സംഭവിച്ചാല് ആ വ്യക്തിയുടെ വായ്പാബാധ്യത മറ്റ് അംഗങ്ങള് ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്ഷ്വറന്സ് പദ്ധതി നടപ്പാക്കുന്നതുവഴി ഈ സാഹചര്യം ഒഴിവാകും.
മരിച്ച അംഗത്തിന്റെ പേരില് ഉണ്ടായിരുന്ന വായ്പാത്തുക ഇന്ഷ്വറന്സ് തുകയില്നിന്നും അയല്ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്കും. ബാക്കി തുക മരിച്ച വ്യക്തിയുടെ അവകാശിക്കും ലഭിക്കും.
Kerala
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകാൻ സർക്കാർ നീക്കം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാനെയും പോലീസുകാരെയും രക്ഷിക്കുന്നതിന് എഡിജിപി എം.ആർ. അജിത്ത് കുമാർ ഇടപെട്ടെന്ന ആരോപണം യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ അന്വേഷിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയോടു പോലീസുകാർ അജിത്തിന്റെ ഇടപെടലിനെക്കുറിച്ച് മൊഴി നൽകിയിരുന്നു.
കേസ് ഡയറി തിരുത്താൻ ഉൾപ്പെടെ അജിത്കുമാർ ശ്രമിച്ചെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. ഈ സംഭവത്തിൽ ഉന്നതതലത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നുകാട്ടിയുള്ള റിപ്പോർട്ട് എസ്പി ഷൗക്കത്തലി സംസ്ഥാന പോലീസ് മേധാവിക്കു നൽകിയിരുന്നു.
കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയായിരുന്നു റിപ്പോർട്ട് നൽകിയത്. എന്നാൽ, ഈ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും ഡിജിപി കൈക്കൊണ്ടില്ല. ആഭ്യന്തര സെക്രട്ടറിക്കോ സർക്കാരിനോ റിപ്പോർട്ടിന്മേൽ നടപടിക്കു ശിപാർശ നൽകാതെ കാലതാമസം വരുത്തി.
എം.ആർ. അജിത്കുമാറിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി ചേരുന്ന വേളയിൽ അജിത്ത് കുമാറിനെതിരേ അച്ചടക്കനടപടി ഉണ്ടായാൽ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതിനാൽ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ കാലതാമസം വരുത്തിയെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഇതെല്ലാം അജിത്കുമാറിനു സ്ഥാനക്കയറ്റം നൽകാൻ വേണ്ട ചരടുവലിയുടെ ഭാഗമാണെന്നാണു വിവിധ കോണുകളിൽനിന്നും ഉയരുന്ന ആക്ഷേപം.
ആലപ്പുഴ രക്ഷാപ്രവർത്തന തുടരന്വേഷണത്തിൽ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കു നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും അജിത്കുമാറിനെതിരേ നടപടിയെടുക്കാൻ സർക്കാർ തയാറാകാത്തത് അജിത്തിനെ സഹായിക്കാൻ വേണ്ടിയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന അജിത്കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് യൂത്ത് കോണ്ഗ്രസിന്റെ ആവശ്യം.
Kerala
തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനം- വന്യജീവി മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ എഫ്ഡി അക്കൗണ്ട് ആരംഭിച്ച്, നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ അഞ്ചു ലക്ഷം രൂപ അതിൽ നിക്ഷേപിക്കും.
അവരുടെ 18 വയസ് വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, റേഷനിംഗ് എന്നിവയും വനംവകുപ്പ് ഏറ്റെടുക്കും. മറ്റു ചെലവുകൾക്കായി എല്ലാ മാസവും 5000 രൂപ വീതം നൽകും. ഇതുകൂടാതെ ഈ കുട്ടികളുടെ മെന്ററായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വനിതാ ശിശു വികസന വകുപ്പുമായി സംസാരിച്ച് ഈ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച ശേഷം കൈയൊഴിയുകയോ, ആ കുട്ടികളെ നിയമത്തിന്റെ നൂലാമാലകളിലേക്ക് തള്ളിവിടുകയോ അല്ല, അവരുടെ സംരക്ഷണം വകുപ്പ് ഏറ്റെടുത്ത് കരുതലിന്റെ പുതിയ മാതൃക തീർക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്യജീവി പ്രശ്നത്തിൽ ഒരു സമ്പൂർണ പദ്ധതി തയാറാക്കി ജൂലൈ ഒമ്പതിന് കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹ്യ യാഥാർഥ്യങ്ങൾ അവരെ ബോധ്യപ്പെടുത്തും.
ചിന്നക്കനാലിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജനവാസ മേഖലകളിൽത്തന്നെ ആനകളും സഹവസിക്കുന്ന അവസ്ഥയാണുള്ളത്. പല കാലങ്ങളിൽ നടത്തിയിട്ടുള്ള അശാസ്ത്രീയമായ പുനരധിവാസങ്ങൾ അടക്കം ഇതിന്റെ രൂക്ഷത വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനുകളിലൂടെ ഈ പ്രശ്നം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
District News
കല്ലടിക്കോട്: പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാകണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി. ലോക പരിസ്ഥിതിദിനം ജില്ലാതല ഉദ്ഘാടനം കരിന്പ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കാർഷികമേഖലയ്ക്കു പ്രാധാന്യമുള്ള ജില്ലയിൽ കാലാവസ്ഥാവ്യതിയാനംപോലുള്ള പ്രശ്നങ്ങൾ സന്പദ്വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രകൃതിസംരക്ഷണത്തിന് അതീവപ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്.
വിദ്യാർഥികളുടെ ഓരോ വാക്കും പ്രവൃത്തിയും പ്രകൃതിക്കു താങ്ങും തണലുമാകാൻ ശ്രദ്ധിക്കണം. ലഹരി പോലുള്ള സാമൂഹിക വിപത്തുകളിൽനിന്ന് വിട്ടുനിൽക്കാൻ പ്രകൃതിപരിപാലനം പോലുള്ള പ്രവർത്തനങ്ങൾ സഹായിക്കുമെന്നും മന്ത്രി വിദ്യാർഥികളെ ഓർമിപ്പിച്ചു.
വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘പ്രകൃതിയിൽനിന്ന് പ്രചോദനം, കാലാവസ്ഥയ്ക്കുവേണ്ടി നമ്മുടെ ഭാവിക്കുവേണ്ടി’ എന്നാണ് ഈ വർഷത്തെ പ്രമേയം. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾപരിസരത്ത് മന്ത്രി വൃക്ഷത്തൈകൾ നട്ടു.ഫോറസ്ട്രി ക്ലബ് വിദ്യാർഥികൾക്കായുള്ള ’ഗ്രീൻ ബയിംഗ്’പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു.
വിപണിയിൽനിന്ന് സാധനങ്ങൾ വാങ്ങുന്പോഴും വിൽക്കുന്പോഴും പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി തയാറാക്കിയ തുണിസഞ്ചികളുടെ വിതരണോദ്ഘാടനവും കരിന്പ സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു വിന് മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും മന്ത്രി നിർവഹിച്ചു.കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് യൂസഫ് പാലയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ബിനോയ് എൻ. ജോണ്, ജിഎച്ച്എസ് പ്രധാന അധ്യാപകൻ എം. ജമീർ, പിടിഎ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, അസിസ്റ്റന്റ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് സുമു സ്കറിയ, മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. ജിനേഷ്, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി കുംഭമേള വൈറല് പെണ്കുട്ടി. മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്ക്കുമാണ് പെണ്കുട്ടി പരാതി നല്കിയത്. പെണ്കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.
മഹേശ്വര് സിഐ ഗണ്പത് കനയാലും ഒരു വനിതാ എസ്ഐയും ഉള്പ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് തൃക്കാക്കര പോലീസ് സ്റ്റേഷനില് എത്തിയത്. ഭര്ത്താവ് ഫര്മാന് ഖാനെതിരെ പെണ്കുട്ടിയുടെ പിതാവിന്റെ പരാതിയില് മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര് ചെയ്തിരുന്നു.
പോക്സോ കേസും ഫര്മാനെതിരെ രജിസ്റ്റര് ചെയ്തിട്ടുണ്ട്. പെണ്കുട്ടിയും ഫര്മാനും കൊച്ചിയിലുണ്ട് എന്ന വിവരത്തെ തുടര്ന്നാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയില് എത്തിയത്. ഫര്മാനെ മേയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിന്റെ പകര്പ്പ് മധ്യപ്രദേശ് പോലീസിന് നല്കിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര് മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് പോലീസ് എത്തിയതെന്ന് തനിക്ക് അറിയില്ലെന്നും കാളിരാജ് മഹേഷ് കുമാര് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഫര്മാന് ഖാന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാനായി മധ്യപ്രദേശ് പോലീസ് ശ്രമിച്ചെങ്കിലും സുഹൃത്ത് പോലീസിന് മുന്നില് ഹാജരായില്ല. മാര്ച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാര് ക്ഷേത്രത്തില് വച്ച് പെണ്കുട്ടിയും ഫര്മാനുമായുള്ള വിവാഹം നടന്നത്. പെണ്കുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്.
Kerala
കോഴിക്കോട്: ബിജെപിയുടെ ന്യുനപക്ഷ സംരക്ഷണം പ്രചാരവേല മാത്രമാണെന്ന് എല്ഡിഎഫ് കണ്വീനര് ടി.പി. രാമകൃഷ്ണന്.
ബിജെപി സര്ക്കാരിന്റെ നിലപാടുകള് ക്രിസ്ത്യന് ന്യൂനപക്ഷം മനസിലാക്കണം.
ന്യൂനപക്ഷങ്ങള്ക്കെതിരായ നീക്കമാണ് എഫ്സിആര്എ നിയമ ഭേദഗതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
Kerala
കൊച്ചി: പ്രളയസമയത്ത് നിരവധി ജീവനുകള് രക്ഷിച്ച മത്സ്യത്തൊഴിലാളിയായ ജിനീഷ് ജെറോണ് വാഹനാപകടത്തില് മരിച്ചതിനാല് ആശ്രിതര്ക്കു മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടു സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തീര്പ്പാക്കി.
സൗജന്യ പാര്പ്പിടം ഉള്പ്പെടെ സാധ്യമായ എല്ലാ സഹായനടപടികളും എടുത്തിട്ടുള്ളതായി സര്ക്കാര് വ്യക്തമാക്കിയതിനെത്തുടര്ന്നാണു ഹര്ജി തീര്പ്പാക്കിയത്.
കുടുംബത്തോടുള്ള സാമൂഹികബാധ്യത ചൂണ്ടിക്കാട്ടി സമര്പ്പിച്ച ഹര്ജി ചീഫ് ജസ്റ്റീസ് സൗമന് സെന്, ജസ്റ്റീസ് വി.എം.ശ്യാംകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു തീര്പ്പാക്കിയത്.
പ്രളയസമയത്ത് ചെങ്ങന്നൂര് മേഖലയില് നൂറുകണക്കിനാളുകളെ രക്ഷിക്കാന് രംഗത്തുണ്ടായിരുന്ന പൂന്തുറ പള്ളിയിടംപുരയിടത്തില് ജെറോണ്-സെല്വി ദമ്പതികളുടെ മകന് ജിനീഷ് ജെറോണ് (24) പ്രളയം കഴിഞ്ഞ് രണ്ടു മാസത്തിനകമാണ് മരിച്ചത്. ബൈക്കപകടത്തെ തുടര്ന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണു മരിച്ചത്.
Kerala
ചങ്ങനാശേരി: അക്ഷരഭടന്മാരുടെ അതിജീവന പോരാട്ടമായി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് വിദ്യാഭ്യാസ അവകാശസംരക്ഷണ മഹാറാലിയും സമ്മേളനവും. അവകാശപോരാട്ടങ്ങളില് തളരില്ല, തോല്ക്കില്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന മുദ്രാവാക്യങ്ങളുയര്ത്തിയാണ് മലയാളക്കരയിലെ ഏറ്റവുംവലിയ അധ്യാപക സംഘടനയിലെ അംഗങ്ങള് ചങ്ങനാശേരിയിൽ നടന്ന അവകാശറാലിയില് അണിചേര്ന്നത്.
ചുവപ്പും വെള്ളയും മഞ്ഞയും കലര്ന്ന പതാകകള് കൈകളിലുയര്ത്തി തലയില് തൊപ്പികളണിഞ്ഞും വിവിധ അവശ്യങ്ങളെഴുതിയ പ്ലക്കാര്ഡുകള് ഉയര്ത്തിപ്പിടിച്ചുമാണ് കൊടുംചൂടിനെ അവഗണിച്ച് നൂറുകണക്കിന് അധ്യാപകര് അണിനിരന്നത്.
1956ല് ജന്മംകൊണ്ട കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡിന്റെ എഴുപതാംജന്മദിനത്തോടനുബന്ധിച്ചാണ്, സംഘടന പിറന്ന മണ്ണില് മഹാസംഗമവും റാലിയും സംഘടിപ്പിച്ചത്. ചങ്ങനാശേരി ആര്ച്ച്ബിഷപ്സ് ഹൗസ് കവാടത്തില് ആരംഭിച്ച അവകാശസംരക്ഷണറാലി കൊടിക്കുന്നില് സുരേഷ് എംപി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.
അതിരൂപത വികാരിജനറാള് മോണ്. ആന്റണി എത്തയ്ക്കാട്ട് ആമുഖപ്രസംഗം നടത്തി. അതിരൂപത വികാരിജനറാള് മോണ്. സ്കറിയ കന്യാകോണില്, ഗില്ഡ് സംസ്ഥാന ഡയറക്ടര് ഫാ. ആറണി അറയ്ക്കല്, അതിരൂപത കോര്പറേറ്റ് മാനജര് ഫാ. ജോബി ആന്റണി മൂലയില്, അസിസ്റ്റന്റ് കോര്പറേറ്റ് മാനേജര്മാരായ ഫാ. ടോണി ചെത്തിപ്പുഴ, ഫാ. സെബു ചാലയ്ക്കല്, ജനറല് കണ്വീനര് ഫാ. ജോജോ പള്ളിച്ചിറ എന്നിവര് പ്രസംഗിച്ചു.
റാലി സെന്ട്രല് ജംഗ്ഷനിലൂടെ എസ്ബി കോളജില് എത്തിയതിനെതുടര്ന്ന് സംസ്ഥാന സമ്മേളനം ആരംഭിച്ചു. സീറോമലബാര്, മലങ്കര, ലത്തീന് രൂപതകളിലെ വിവിധ സ്കൂളുകളില് നിന്നുള്ള നാലായിരത്തിലധികം അധ്യാപകരാണ് റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
ടീച്ചേഴ്സ് ഗില്ഡ് നേതാക്കളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഈശോ തോമസ്, ഡോ.ജീമോള് അലക്സ്, ജോഗോഷ് വര്ഗീസ്, സിസ്റ്റര് ഷൈനമ്മ ജയിംസ്, പ്രകാശ് കെ. തോമസ്, ഷേര്ളിക്കുട്ടി ആന്റണി, സിസ്റ്റര് സോഫിയാമ്മ ജോര്ജ്, ബിജു ടി. ജോണ്, എം.സി. ബിനു, ബോണി ലിയോ തോമസ്, റിന്സ് വര്ഗീസ് തുടങ്ങിയവര് റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്കി.
Kerala
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലുള്ള പുസ്തകം പ്രകാശനം ചെയ്തു. രാഷ്ടീയ നിരീഷകൻ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
സിപിഎം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്.
വലിയ ജനാവലിയാണ് പുസ്തക പ്രകാശന ചടങ്ങിന് എത്തിയത്. ചടങ്ങിൽ സംസാരിച്ച കുഞ്ഞികൃഷ്ണൻ പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമം നടത്തിയെന്നും നവമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരനാക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
പ്രകാശന ചടങ്ങിന് ശേഷം പുസ്തകം വാങ്ങാനും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളും സൈബർ വിംഗും കുഞ്ഞികൃഷ്ണനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്.
District News
പാരിപ്പള്ളി: പൊതുജനാരോഗ്യമേഖലയെ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ അണിചേരണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷ െ ന്റ ആഭിമുഖ്യത്തിൽ പാരിപ്പള്ളി മെഡിക്കല് കോളജ് ആശുപത്രിക്ക് മുന്വശത്ത് പൊതു ജനാരോഗ്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് വി.എസ്.അനുറാണി അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സേതുമാധവൻ ഉദ്ഘാടനം നിർവഹിച്ചു.സംഘാടക സമിതി രക്ഷാധികാരി പി.വി.സത്യൻ, ചെയർമാൻ കെ.എസ്. ബിനു, വൈസ് ചെയര്മാന്മാരായ ആർ.എം. ഷിബു, എ.സുന്ദരേശന്, മെഡിക്കൽ കോളജ് വാർഡ് മെമ്പര് ആർദ്ര, കേരള എൻജിഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ഷാഹിർ, കെജിഒഎ ജില്ലാ കമ്മിറ്റി അംഗം എസ്.സജീവ്, കെഎസ്ടിഎ ജില്ലാ എക്സികൂട്ടിവ് അംഗം അഞ്ജന, ജനാതിപത്യ മഹിളാ അസോസിയേഷന് ഏരിയ സെക്രട്ടറി. അജിത, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിഎസ്.ശരത്, കെജിഎൻഎ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.ബീവ , ജില്ലാ സെക്രട്ടറി എ.അനീഷ്, ജനറല് കണ്വീനര് എസ്.ജി.ഗംഗ,ഏരിയ സെക്രട്ടറി എ.എസ്.അഫ്സിയ, ജനറല് കണ്വീനര് എസ്.ജി.ഗംഗ,ഏരിയ സെക്രട്ടറി എ.എസ്.അഫ്സിയ എന്നിവര് പ്രസംഗിച്ചു
District News
രാമങ്കരി: ബജറ്റ് ചർച്ചയിൽ നെൽകർഷകരെ പരിഗണിച്ച് ഫണ്ട് അനുവദിക്കുക, 2023-24 ൽ ഉപ്പുവെള്ളവും ഉഷ്ണതരംഗവുംമൂലം കൃഷി നശിച്ചവർക്ക് പ്രഖ്യാപിച്ച നഷ്ട പരിഹാരം ഉടൻ നല്കുക, ഈ സീസണിൽ ഉപ്പുവെള്ളം കയറുന്നത് തടയുവാൻ അടിയന്തര നടപടി സ്വീകരിക്കുക, കേന്ദ്ര എംഎസ്പിയിൽ നിന്നും സംസ്ഥാന സർക്കാർ കവർന്നെടുത്തതടക്കം അർഹമായ നെൽവില 33.21 ഈ സീസൺമുതൽ നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നെൽകർഷക സംരക്ഷണസമിതി ആലപ്പുഴ കളക്ടറേറ്റിലേക്ക് കർഷകമാർച്ചും ധർണ യും നടത്തി.
രക്ഷാധികാരിയും പത്തനംതിട്ട ജില്ലാപഞ്ചായത്തംഗവുമായ സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. നെൽകർഷകരെ തഴഞ്ഞ കർഷക വിരുദ്ധ സംസ്ഥാന ബജറ്റിന്റെ പ്രതിഫലനം പിണറായി സർക്കാർ ജനവിധിയിലൂടെ അനുഭവിക്കുമെന്നും നെൽകർഷക സംരക്ഷണസമിതിയുടെ പോരാട്ടം അന്തിമവിജയം കാണുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷയായി. രക്ഷാധികാരി വി.ജെ ലാലി, ജില്ലാപഞ്ചായത്തംഗം സി. വി. രാജീവ്, ചന്പക്കുളം ബ്ലോക്ക് പ്രസിഡന്റ് റ്റിബിൻ ജോസഫ് വെളിയനാട് പഞ്ചായത്തംഗം ജി. സൂരജ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡന്റുമാരായ പി.ആർ. സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, വേലായുധൻ നായർ, ട്രഷറർ കെ. ബി .മോഹനൻ കോഓഋർഡിനേറ്റർ ജോസ് കാവനാട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി റോയി ഊരാംവേലിൽ, സംസ്ഥാന നേതാക്കളായ ശർമ്മ വാലടി, ഷാജി മുടന്താഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി വി. കുഞ്ഞികൃഷ്ണന് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചിരുന്നു.
ഹർജിയിൽ എതിർ കക്ഷികളായ സിപിഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടാണ് കുഞ്ഞികൃഷ്ണൻ ഹർജി സമർപ്പിച്ചത്.
ചടങ്ങ് തടസപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ഹർജിയിൽ പറയുന്നു.
ജനുവരി 26ന് സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും പടക്കം എറിയുകയും ചെയ്തു.
തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിനു മുന്നിൽ വച്ച് കത്തിച്ചതായും ഹർജിയിൽ കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
Kerala
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്ബാന തര്ക്കവുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണം തേടി അതിരൂപതയുടെ മെത്രാപ്പോലീത്തന് വികാരി ആര്ച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി ഹൈക്കോടതിയില് ഹര്ജി നല്കി.
പോലീസിനെ സമീപിച്ചെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടര്ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്ജിയില് പറയുന്നു.
സീറോമലബാര് സഭയ്ക്കു കീഴിലെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില് കുര്ബാനയടക്കം നടത്താന് തടസങ്ങളുണ്ടെന്നും മതിയായ പോലീസ് സംരക്ഷണം അനുവദിക്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.
കോടതിയുടെയോ കളക്ടറുടെയോ ഉത്തരവില്ലാതെ പോലീസ് സംരക്ഷണം നല്കാനാകില്ലെന്ന മറുപടിയാണു പോലീസ് നല്കിയതെന്ന് ഹര്ജിയില് പറയുന്നു. ഹര്ജി ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തിയേക്കും.
National
ന്യൂഡൽഹി: രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിന്റെ ചുമതല ഉടൻ സ്വകാര്യ ഏജൻസികൾക്ക് തുറന്നുനൽകുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങൾ രണ്ടാഴ്ചയ്ക്കകം കോർപറേറ്റുകൾക്ക് നിക്ഷേപത്തിനായി തുറന്നുനൽകുമെന്ന് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകങ്ങളിൽ നിക്ഷേപം നടത്താൻ കോർപറേറ്റുകളെ അനുവദിക്കുന്നതിലൂടെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം ഇനി സ്വകാര്യ ഏജൻസികൾക്കും നിർവഹിക്കാം.
നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു കീഴിലുള്ള 3500ലധികം സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിനു സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചിരുന്നെങ്കിലും സംരക്ഷണച്ചുമതല പൂർണമായും എഎസ്ഐക്ക് കീഴിലായിരുന്നു.
സ്മാരകങ്ങളുടെ സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുന്നതിലൂടെ സ്മാരകങ്ങളുടെ സംരക്ഷണപ്രവർത്തനം കൂടുതൽ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു.
അടിയന്തര സംരക്ഷണം ആവശ്യമുള്ള 250 സ്മാരകങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപം നടത്താൻ താത്പര്യമുള്ള കോർപറേറ്റുകൾക്ക് ഇതിൽനിന്ന് താത്പര്യമുള്ള സ്മാരകങ്ങൾ തെരഞ്ഞെടുക്കാം.
Kerala
പത്തനംതിട്ട: ശബരിമല സ്വര്ണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ വീടിന് കാവലൊരുക്കി പോലീസ്. ആറന്മുളയിലെ വീടിനാണ് പോലീസ് സുരക്ഷ.
അറസ്റ്റിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് പോലീസ് നടപടി. വീട്ടിലേക്കുള്ള വഴികളെല്ലാം തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞ പോലീസ് വീടിന് പരിസരത്ത് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല സ്വര്ണക്കൊള്ള കേസിൽ എസ്ഐടിയുടെ ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.