തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനം- വന്യജീവി മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ എഫ്ഡി അക്കൗണ്ട് ആരംഭിച്ച്, നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ അഞ്ചു ലക്ഷം രൂപ അതിൽ നിക്ഷേപിക്കും.
അവരുടെ 18 വയസ് വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, റേഷനിംഗ് എന്നിവയും വനംവകുപ്പ് ഏറ്റെടുക്കും. മറ്റു ചെലവുകൾക്കായി എല്ലാ മാസവും 5000 രൂപ വീതം നൽകും. ഇതുകൂടാതെ ഈ കുട്ടികളുടെ മെന്ററായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വനിതാ ശിശു വികസന വകുപ്പുമായി സംസാരിച്ച് ഈ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച ശേഷം കൈയൊഴിയുകയോ, ആ കുട്ടികളെ നിയമത്തിന്റെ നൂലാമാലകളിലേക്ക് തള്ളിവിടുകയോ അല്ല, അവരുടെ സംരക്ഷണം വകുപ്പ് ഏറ്റെടുത്ത് കരുതലിന്റെ പുതിയ മാതൃക തീർക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്യജീവി പ്രശ്നത്തിൽ ഒരു സമ്പൂർണ പദ്ധതി തയാറാക്കി ജൂലൈ ഒമ്പതിന് കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹ്യ യാഥാർഥ്യങ്ങൾ അവരെ ബോധ്യപ്പെടുത്തും.
ചിന്നക്കനാലിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജനവാസ മേഖലകളിൽത്തന്നെ ആനകളും സഹവസിക്കുന്ന അവസ്ഥയാണുള്ളത്. പല കാലങ്ങളിൽ നടത്തിയിട്ടുള്ള അശാസ്ത്രീയമായ പുനരധിവാസങ്ങൾ അടക്കം ഇതിന്റെ രൂക്ഷത വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനുകളിലൂടെ ഈ പ്രശ്നം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗാന്ധിനഗർ: തിങ്കളാഴ്ച രാവിലെ സൂര്യനെല്ലിയിൽ കാട്ടാനയുടെ തട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു.
ചിന്നക്കനാൽ സിങ്കുകണ്ടം അങ്കണവാടി തെരുവിൽ പരേതനായ രാജയുടെ മകൻ രക്ഷൻ (11) ആണ് കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിൽ കഴിയുന്നത്. ഇന്നലെ നാലു തവണ രക്ഷൻ ഛർദിച്ചെങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. രക്ഷന്റെ അമ്മ മാരി ആനയുടെ ചവിട്ടേറ്റ് തിങ്കളാഴ്ച മരിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ കുട്ടികളായ രക്ഷനെയും സഹോദരി രക്ഷണയെയും സ്കൂൾ ബസിൽ കയറ്റുന്നതിനായി അമ്മ മാരി കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് കാട്ടാനയുടെയും കുട്ടിയാനയുടെയും ആക്രമണമുണ്ടായത്.
മാരിക്ക് കാട്ടാനയുടെ ചവിട്ടേറ്റു. രക്ഷന് തുമ്പിക്കൈകൊണ്ട് തട്ടേറ്റു. രക്ഷണ ഓടി രക്ഷപ്പെട്ടു. ഉടനെ നാട്ടുകാർ ഇരുവരെയും സൂര്യനെല്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാരി മരിക്കുകയായിരുന്നു.
മാരി കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിടാൻകൂടെ വരികയായിരുന്നു. മൂടൽമഞ്ഞുണ്ടായിരുന്നതിനാൽ പിടിയാനയും കുട്ടിയാനയും പാഞ്ഞുവരുന്നത് കാണാൻ കഴിഞ്ഞില്ല. മാരിയെ പിടിയാന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തിയ ശേഷം മുൻകാലുകൾ കൊട്ട് ചവിട്ടി.
Tags : Chinnakanal Shibu Baby John children protection Forest Department