മാണി സി. കാപ്പന് എംഎല്‍എ
മുംബൈ: ചെക്ക് കേസിൽ പ്രതിയായ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവും 5.3 കോടി രൂപ പിഴയും വിധിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പ്രവാസി വ്യവസായിയുടെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് മാണി സി. കാപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മുംബൈ ബോറിവില്ലി കോടതിയുടെതാണ് ഉത്തരവ്.
ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരു വർഷമായതിനാൽ നിലവിലെ നിയമപ്രകാരം എംഎൽഎ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകില്ല. കാബിനറ്റ് പദവിയിലേക്ക് ഉൾപ്പെടെ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പനെതിരായ മുംബൈ കോടതിയുടെ വിധി. 2015 മുതൽ തുടരുന്ന നിയമനടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ വിധി.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് വ്യവസായി ദിനേശ് മേനോന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയിലടക്കം നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസ് ഹൈക്കോടതിയിലെത്തിയതോടെ തുടർനടപടികൾ മുന്നോട്ടുപോയില്ല.
തുടർന്നാണ് ദിനേശ് മേനോൻ ബോറിവില്ലി കോടതിയെ സമീപിച്ചത്. അതേസമയം ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി. കാപ്പന് പറഞ്ഞു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. ഇന്ന് വാദത്തിനാണ് കേസ് വെച്ചത്. താൻ ഹാജരായിരുന്നില്ല. താൻ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി. കാപ്പന് ചോദിച്ചു.
കേസ് ഗൂഢാലോചനയുടെ ഭാഗമാണ്. താൻ ആർക്കും പണം കൊടുക്കാനില്ല. തനിക്ക് ഉടൻ ലഭിക്കുന്ന പദവി തടയുകയാണ് ലക്ഷ്യമെന്നും നിയമനടപടി തുടരുമെന്നും എംഎൽഎ പറഞ്ഞു.
Tags : Mani C. Kappan Cheque Case Mumbai Court Borivali Court