പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറം: സ്ത്രീകൾക്കെതിരെ നടത്തിയ പരാമർശത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം പറഞ്ഞത് ഒരു പണ്ഡിതന്റെ അഭിപ്രായമാണെന്നും സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാകാം അദ്ദേഹം അത്തരമൊരു പരാമർശം നടത്തിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വിഷയത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുകയാണ് വേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹികവും സാമുദായികവുമായ ഐക്യം പ്രധാനമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ലീഗിനോട് മാത്രം അഭിപ്രായം തേടേണ്ടതില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളോടും അഭിപ്രായം ചോദിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നതിന് പിന്നാലെയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശം വിവാദമായത്.
അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Tags : Kanthapuram Aboobacker Musliyar SadiqAliShihabThangal MuslimLeague