വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് ട്രംപിന്‍റെ കനേഡിയൻ നയങ്ങളോടും അമേരിക്കൻ ജനതയ്ക്കു മതിപ്പില്ല. വ്യാപാര ചർച്ച പൊളിഞ്ഞതിനു പിന്നാലെ കാനഡയ്ക്കു മേൽ 50 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയ ട്രംപിന്‍റെ നടപടിക്കു തീർത്തും സ്വീകാര്യതയില്ലെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് അഭിപ്രായ സർവേയിൽ തെളിഞ്ഞു. ഒന്‍റാരിയോ തടാകത്തിന്‍റെ പേര് അമേരിക്കൻ തടാകം എന്നാക്കിയ ട്രംപിന്‍റെ നടപടിയും തെറ്റായി എന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.
സഹോദരരാജ്യത്തെപ്പോലെ തുടരുന്ന കാനഡയോട് പ്രസിഡന്‍റ് ട്രംപ് വ്യാപാര കാര്യങ്ങളിൽ സ്വീകരിക്കുന്ന ശത്രുതാ മനോഭാവം അമേരിക്കൻ ജനതയിൽ കട ുത്ത അതൃപ്തിക്കു കാരണമായി എന്നാണ് തെളിയുന്നത്.
സർവേയിൽ, കാനഡയ്ക്കുമേൽ അധികച്ചുങ്കം ചുമത്തുന്നതിനെ പിന്തുണച്ചത് 20 ശതമാനം പേർ മാത്രമാണ്. 57 ശതമാനം പേർ നടപടിയെ എതിർത്തു. 21 ശതമാനത്തിന് ക്യതമായ നിലപാടില്ലായിരുന്നു. കുറച്ചുപേർ ഇക്കാര്യങ്ങളെക്കുറിച്ച് കേട്ടറിവില്ലാത്തവരായിരുന്നു.
വ്യാപാര ചർച്ച പൊളിഞ്ഞതിനു പിന്നാലെയാണ് യുഎസ്-കാനഡ അതിർത്തിയിലെ ഒന്‍റാരിയോ തടാകത്തിന്‍റെ പേരും ട്രംപ് അമേരിക്കൻ തടാകം എന്നാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കാനഡയിലെ ഒന്‍റാരിയോ പ്രവിശ്യയുടെ പേരാണ് തടാകത്തിന്.
തടാകത്തിന്‍റെ പേരുമാറ്റത്തെ സർവേയിൽ പിന്തുണയ്ക്കാൻ തയാറായത് 14 ശതമാനം പേരാണ്.
ട്രംപിന്‍റെ നയങ്ങൾ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് സൂചന. ഇറാൻ യുദ്ധം മൂലം ജീവിതച്ചെലവ് ഉയർന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുന്പൊരു അഭിപ്രായ സർവേയിൽ തെളിഞ്ഞിരുന്നു.