കെ.ടി. ജലീൽ
മലപ്പുറം: കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ. വിഷയത്തിൽ കാന്തപുരത്തിന്റെ നിലപാടിനെ എതിർക്കാനോ പിന്തുണയ്ക്കാനോ കെ.ടി. ജലീൽ തയാറായിട്ടില്ല.
കാന്തപുരം ഉസ്താദ് ഒരു മത പണ്ഡിതനാണ്. അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. അതിൽ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണെന്നും കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതൻമാരും സമൂഹത്തിന്റെ ധാർമ്മിക ഉന്നതി ലക്ഷ്യം വച്ചാണ് അഭിപ്രായങ്ങൾ പറയുക. ആധുനിക സമൂഹത്തിന് അതിൽ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതൻമാരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനുമാവില്ല. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികൾ അതിനെ എതിർക്കും. അത് അവരുടെയും അവകാശമാണെന്നും ജലീൽ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ഉണ്ടാക്കാൻ ശ്രമിക്കരുത്. ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ പ്രസ്താവന ഇറക്കിയതെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.
Tags : KTJaleel APAboobackerMusliyar Kanthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines