ബൽരാജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തുന്നു.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായതായി സമിതി ചെയർമാൻ ബൽരാജ് ജോഷി. റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അഥോറിറ്റിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കുമെന്ന് ബൽരാജ് ജോഷി വ്യക്തമാക്കി. കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടോയെന്ന് ബുധനാഴ്ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പരിശോധനാ റിപ്പോർട്ട് നിഷ്പക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ വിദഗ്ധ സമിതി മുല്ലപ്പെരിയാറിൽ പരിശോധന നടത്തിയത്. ദേശീയ ജലവൈദ്യുത കോർപറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസാണ് കേരളത്തിന്റെ പ്രതിനിധി.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിലാണ് 2022ൽ മുല്ലപ്പെരിയാറിൽ പുതിയതായി സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്. കോടതി നിർദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായാണ് നിലവിലെ വിദഗ്ധ സമിതിയുടെ നടപടികൾ.
Tags : Mullaperiyar MullaperiyarDam Idukki DamSafety DamInspection