അൾജീരിയയിൽ കഴിഞ്ഞയാഴ്ചയുണ്ടായ കാട്ടുതീയിൽ നശിച്ച കെട്ടിടം.
അൾജിയേഴ്സ്: തീവയ്പ്പു കുറ്റത്തിന് വധശിക്ഷ പുനസ്ഥാപിക്കാൻ അൾജീരിയ. കഴിഞ്ഞയാഴ്ചത്തെ കാട്ടുതീകളിൽ 12 പേർ മരിച്ച പശ്ചാത്തലത്തിലാണിത്.
മനപ്പൂർവം തീവയ്ക്കുന്നവർക്ക് വധശിക്ഷ പുനസ്ഥാപിക്കാൻ വേണ്ട നിയമഭേദഗതികൾ സെപ്റ്റംബർ 15നകം നടപ്പാക്കാൻ പ്രസിഡന്റ് അബ്ദെൽമജീദ് ടെബ്ബോൺ സർക്കാരിനു നിർദേശം നല്കി.
കുറ്റം തെളിയുന്നവർക്ക് ഉടൻ വധശിക്ഷ നല്കാനാണ് ആലോചന. നിയമഭേദഗിക്ക് നിയമന്ത്രിയെ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി സിഫി ഗരിയേബ് അറിയിച്ചു.
വധശിക്ഷയ്ക്കുള്ള അപ്രഖ്യാപിത മോറട്ടോറിയം ഇതോടെ അവസാനിക്കും. അൾജീരിയയിലെ കോടതികൾ കൂടെക്കൂടെ വധശിക്ഷ വിധിക്കാറുണ്ട്. എന്നാൽ 1993നു ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
ഓഗസ്റ്റ് 26ന് അൾജീരീയയുടെ വടക്കൻ പ്രവിശ്യകളിൽ പടർന്ന കാട്ടുതീകൾ 12 പേരുടെ ജീവനെടുത്തതിനു പുറമേ വലിയ നാശനഷ്ടത്തിലും നിരവധിപ്പേർക്കു പരിക്കിനും കാരണമായിരുന്നു. ഇതേത്തുടർന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
അതേസമയം, ഈ കാട്ടുതീകൾക്കു പിന്നിൽ ആരെങ്കിലും മനപ്പൂർവം പ്രവർത്തിച്ചതായി തെളിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്.
ഇക്കഴിഞ്ഞ ജൂലൈയിൽ വനമേഖലയിൽ തീ പടർന്ന മൂന്നു വ്യത്യസ്ത സംഭവങ്ങളിൽ നാലു പേർ അറസ്റ്റിലായിരുന്നു.