പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: സൈനിക ക്യാമ്പിൽ നിന്ന് ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയതായി പരാതി. സെക്കന്തരാബാദിലെ അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഹൈദരാബാദ് കന്റോൺമെന്റ് മേഖലയിലെ മദ്രാസ് റെജിമെന്റിൽ നിന്ന് നാല് എകെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളാണ് മോഷണം പോയത്.
പ്രാഥമിക വിവരമനുസരിച്ച് നാല് എകെ-47 തോക്കുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ, രാത്രി കാഴ്ച സാധ്യമാക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് ആയുധങ്ങൾ കാണാതായ വിവരം സൈനിക ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിങ്കളാഴ്ച ബെല്ലാരം പൊലിസിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചു.
അതീവ സുരക്ഷാ മേഖലയിലെ ആയുധമോഷണം വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാണാതായ ആയുധങ്ങൾ എവിടെയാണ് സൂക്ഷിച്ചിരുന്നതെന്നും അവയുടെ രേഖകളിലും മറ്റും ക്രമക്കേടുകളുണ്ടോയെന്നും സൈനിക ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ആയുധമോഷണത്തിൽ സൈനിക കേന്ദ്രത്തിനകത്തുള്ള ആർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സൈനിക കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലാണു കണ്ടെത്തിയത്. കഴിഞ്ഞ 30ന് വൈകുന്നേരം അറിന് ആയുധപ്പുര പൂട്ടുന്ന സമയത്ത് ആയുധങ്ങളെല്ലാം അവിടെ കൃത്യമായി ഉണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
Tags : Military Camp Weapon Theft Arms Theft Secunderabad Indian Army Security Breach