പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല സീസൺ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആർടിസി. കഴിഞ്ഞ 31ന് ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 10.82 കോടി രൂപയാണ് കോർപറേഷൻ നേടിയത്. ടിക്കറ്റ് ഇതര വരുമാനമായ 83.74 ലക്ഷം രൂപ കൂടി ചേർന്നതോടെ ഒറ്റദിവസത്തെ ആകെ വരുമാനം 11.66 കോടി രൂപയിലെത്തി.
കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 10.19 കോടി രൂപയുടെ റിക്കാർഡാണ് കെഎസ്ആർടിസി ഇത്തവണ മറികടന്നത്. മുൻ വർഷത്തേക്കാൾ 62.62 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ടിക്കറ്റ് വിൽപ്പനയിൽ 22.7 ശതമാനം വർധനയും രേഖപ്പെടുത്തി. 31ന് കെഎസ്ആർടിസി ബസുകൾ ആകെ 15.66 ലക്ഷം കിലോമീറ്റർ സർവീസ് നടത്തി.
ഇതോടെ ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം 69.09 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 64.89 രൂപയായിരുന്നു. ഒരു ബസിന് ലഭിക്കുന്ന ശരാശരി വരുമാനത്തിലും വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെ 22,123 രൂപയിൽ നിന്ന് ഇത്തവണ 23,477 രൂപയായി ശരാശരി വരുമാനം ഉയർന്നു. കഴിഞ്ഞ വർഷം 4,528 ബസുകൾ സർവീസ് നടത്തിയപ്പോൾ ഇത്തവണ 4,641 ബസുകളാണ് നിരത്തിലിറങ്ങിയത്.