Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വരുമാനത്തിൽ അടക്കം വർധന വന്നപ്പോൾ ചെലവും ആനുപാതികമായി കുതിച്ചുയർന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിലും പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിലും വർധന വരുത്തിയതോടെയാണ് ചെലവ് കുതിച്ചത്.
ജീവനക്കാരുടെ ശന്പളവും പെൻഷനും നൽകാൻ പ്രതിമാസം 1080.25 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുന്നത് യുഡിഎഫ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പിണറായി സർക്കാർ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയുള്ള ഡിഎ, ഡിആർ അനുവദിച്ചതാണ് ചെലവ് കുതിച്ചുയരാൻ ഇടയാക്കിയതെന്ന് എജിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാന്പത്തികവർഷം (2025-26) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസം സംസ്ഥാന സർക്കാർ ജീവനക്കാർക്കു ശന്പളം കൊടുക്കാൻ ചെലവഴിച്ചത് 19,839.11 കോടി രൂപയായിരുന്നു.
എന്നാൽ നിലവിലെ സാന്പത്തികവർഷം (2026-27) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ശന്പള ഇനത്തിൽ കണ്ടെത്തേണ്ടി വന്നത് 23,142.16 കോടി രൂപയായി ഉയർന്നു. അതായത് 3303.05 രൂപ അധികമായി കണ്ടെത്തേണ്ടി വന്നു. പ്രതിമാസം ശരാശരി 660.6 കോടി രൂപ ജീവനക്കാരുടെ ശന്പളത്തിനായി അധികമായി കണ്ടെത്തണ്ടേ സാഹചര്യം. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ശന്പളത്തിനായി ചെലവഴിച്ചത് 4665.55 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 4010.87 കോടി മാത്രമായിരുന്നു.
പെൻഷൻ ഇനത്തിൽ കഴിഞ്ഞ സാന്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ചെലവഴിച്ചത് 13,772.20 കോടി രൂപയായിരുന്നു. ഈ സാന്പത്തികവർഷം ഇതേ കാലയളവിൽ 2098.26 കോടി രൂപ സർക്കാരിന് അധികമായി കണ്ടെത്തേണ്ടിവന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ പെൻഷനായി ചെലവഴിച്ചത് 15,870.46 കോടിയാണ്.
കഴിഞ്ഞ വർഷം ജീവനക്കാരുടെ ഡിഎ 15 ശതമാനം മാത്രമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപു കഴിഞ്ഞ മാർച്ചിൽ ഡിഎ, ഡിആർ 20 വർധിപ്പിച്ചു പിണറായി സർക്കാർ ഉത്തരവിറക്കി. ഇതോടെ ഡിഎ, ഡിആർ 35 ശതമാനമായി. ഇതാണ് സർക്കാർ ചെലവുകൾ വർധിക്കാനും ഇടയാക്കിയത്. ജിഎസ്ടി അടക്കമുള്ള നികുതി വരുമാന വർധനയിലൂടെയും കടമെടുത്തുമാണ് അധികഭാരം വി.ഡി. സതീശൻ സർക്കാർ താങ്ങുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സീസൺ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആർടിസി. കഴിഞ്ഞ 31ന് ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 10.82 കോടി രൂപയാണ് കോർപറേഷൻ നേടിയത്. ടിക്കറ്റ് ഇതര വരുമാനമായ 83.74 ലക്ഷം രൂപ കൂടി ചേർന്നതോടെ ഒറ്റദിവസത്തെ ആകെ വരുമാനം 11.66 കോടി രൂപയിലെത്തി.
കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 10.19 കോടി രൂപയുടെ റിക്കാർഡാണ് കെഎസ്ആർടിസി ഇത്തവണ മറികടന്നത്. മുൻ വർഷത്തേക്കാൾ 62.62 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ടിക്കറ്റ് വിൽപ്പനയിൽ 22.7 ശതമാനം വർധനയും രേഖപ്പെടുത്തി. 31ന് കെഎസ്ആർടിസി ബസുകൾ ആകെ 15.66 ലക്ഷം കിലോമീറ്റർ സർവീസ് നടത്തി.
ഇതോടെ ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം 69.09 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 64.89 രൂപയായിരുന്നു. ഒരു ബസിന് ലഭിക്കുന്ന ശരാശരി വരുമാനത്തിലും വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെ 22,123 രൂപയിൽ നിന്ന് ഇത്തവണ 23,477 രൂപയായി ശരാശരി വരുമാനം ഉയർന്നു. കഴിഞ്ഞ വർഷം 4,528 ബസുകൾ സർവീസ് നടത്തിയപ്പോൾ ഇത്തവണ 4,641 ബസുകളാണ് നിരത്തിലിറങ്ങിയത്.
Business
മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നടപ്പു സാന്പത്തികവർഷത്തിൽ (2026-27) ഏപ്രിൽ-ജൂണ് പാദത്തിലെ വരുമാനത്തിൽ ശക്തമായ വളർച്ച. എന്നാൽ ഈ പാദത്തിൽ സംയോജിത അറ്റാദായത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. ഓയിൽ ടു കെമിക്കൽ, റിലയൻസ് ജിയോ, റീട്ടെയിൽ ബിസിനസുകൾ വളർച്ച രേഖപ്പെടുത്തി.
റിലയൻസിന്റെ ഏകീകൃതവരുമാനം വാർഷികാടിസ്ഥാനത്തിൽ 24.5 ശതമാനം വർധിച്ച് 3,40,257 കോടിയിലെത്തി. ഒരു പാദത്തിലെ വരുമാനം മൂന്നു ലക്ഷം കോടി കടക്കുന്നത് ഇതാദ്യമായാണ്. മുൻവർഷം ഇതേ കാലയളവിൽ 2,73,252 കോടിയായിരുന്നു.
കന്പനിയുടെ പ്രവർത്തന ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം ഉയർന്ന് റിക്കാർഡ് നേട്ടമായ 54,067 കോടി രൂപയായി. നികുതിക്കുമുന്പുള്ള ലാഭം 8.5 ശതമാനം വർധിച്ച് 30,630 കോടി രൂപയായി. നികുതിക്കു ശേഷമുള്ള ലാഭം 6.1 ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 23,196 കോടി രൂപയായും മാറി.
ജൂണ് പാദത്തിൽ റിലയൻസിന്റെ സംയോജിയ അറ്റാദായം 22.4 ശതമാനം കുറഞ്ഞ് 20,946 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 26,944 കോടി രൂപയായിരുന്നു. എന്നാൽ, ഈ കുറവ് കന്പനിയുടെ മോശം പ്രകടനമല്ല കാണിക്കുന്നത്. ഏഷ്യൻ പെയിന്റ്സിലെ ഓഹരി വിറ്റതിലൂടെ ലഭിച്ച 8924 കോടി രൂപയുടെ അസാധാരണ നേട്ടം ഒഴിവാക്കി കണക്കാക്കിയാൽ ഈ പാദത്തിൽ കന്പനിയുടെ അറ്റാദായവും പ്രവർത്തന ലാഭവും വർധിച്ചിട്ടുണ്ട്.
റിലയൻസിന്റെ ഓയിൽ ടു കെമിക്കൽ വിഭാഗത്തിന്റെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധിച്ച് 2,01,803 കോടി രൂപയായി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ 54.1 ശതമാനത്തിന്റെ വാർഷിക വർധനയാണ് ഈ വളർച്ചയ്ക്കു കാരണമായത്.
റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, 2027 സാന്പത്തിക വർഷത്തിലെ ജൂണ് പാദത്തിൽ 7,764 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7,110 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 9.2 ശതമാനം വളർച്ചയാണ് ഇതിലുണ്ടായിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 20 ശതമാനം വർധിച്ചു.
റിലയൻസ് റീട്ടെയിൽ വെഞ്ചേ്വഴ്സ് ലിമിറ്റഡിന്റെ അറ്റാദായം ജൂണ് പാദത്തിൽ 14.2 ശതമാനം ഇടിഞ്ഞ് 2806 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 3271 കോടി രൂപയായിരുന്നു.
കന്പനിയുടെ പുതിയ പദ്ധതികൾക്കായി ഈ മൂന്ന് മാസത്തിനിടെ 38,682 കോടി രൂപയാണ് റിലയൻസ് നിക്ഷേപിച്ചത്. ഇതിനായി പുറത്തുനിന്ന് കടമെടുക്കാതെ, ബിസിനസിൽ നിന്ന് ലഭിച്ച ലാഭപ്പണം തന്നെയാണ് കന്പനി പൂർണമായും വിനിയോഗിച്ചത്. കന്പനിയുടെ അറ്റകടം കഴിഞ്ഞ മാർച്ച് മാസത്തിലുണ്ടായിരുന്ന 1,24,717 കോടി രൂപയിൽ നിന്നും ജൂണ് 30 ആയപ്പോഴേക്കും 1,22,914 കോടി രൂപയായി കുറയ്ക്കാനും റിലയൻസിന് സാധിച്ചു.
Kerala
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് സര്ക്കാര് നല്കുന്ന ഗ്രാന്റുകളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന രീതി മാറി തനത് വരുമാനം വര്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കണമെന്നു മന്ത്രി കെ.എം. ഷാജി.
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയവും സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആത്മനിര്ഭര് പഞ്ചായത്ത് പദ്ധതി വിശദീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പഞ്ചായത്തുകള് ഇതു മറികടക്കാന് സ്വന്തം നിലയില് പണം സ്വരൂപിക്കാനുള്ള മാര്ഗങ്ങള് കണ്ടെത്തണം. ഇതിനായി റവന്യു വകുപ്പുമായി ചേര്ന്നുള്ള ഇടപെടലുകള്ക്ക് സര്ക്കാര് മുന്കൈയെടുക്കും. അധികാരങ്ങള് പൂര്ണമായി വികേന്ദ്രീകരിക്കണം. ഫണ്ട് അനുവദിക്കുന്നതുകൊണ്ടു മാത്രം തദ്ദേശ സ്ഥാപനങ്ങള് ശക്തിപ്പെടില്ല.
ഒരു ഫെഡറല് സിസ്റ്റത്തിനകത്തുനിന്ന് പഞ്ചായത്തുകള്ക്ക് നിര്വഹിക്കാന് കഴിയുന്ന മുഴുവന് അധികാരങ്ങളും പൂര്ണമായി വിട്ടുകൊടുക്കാനുള്ള ശ്രമങ്ങള് വരുംദിവസങ്ങളില് സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കളമശേരി ആശിഷ് കണ്വന്ഷന് സെന്ററില് നടന്ന പരിപാടിയില് ഹൈബി ഈഡന് എംപി അധ്യക്ഷത വഹിച്ചു.
District News
ഹരിപ്പാട്: കാർത്തികപ്പള്ളി വില്ലേജിലെ വെട്ടുവേനിയിൽ വർഷങ്ങളായി വെള്ളക്കെട്ടായി കിടക്കുന്ന നിലം നികത്താനുള്ള ശ്രമം റവന്യൂ അധികൃതർ തടഞ്ഞു.
സമീപത്തെ പുരയിടത്തിന്റെ മതിൽ ബലപ്പെടുത്താനെന്ന പേരിൽ വെട്ടുവേനി പിത്തമ്പിൽ ക്ഷേത്രം - മണ്ണൂർ ഡികെഎൻഎം എൽപിഎസ് റോഡരികിലെ നിലമാണ് നികത്താൻ ശ്രമിച്ചത്. വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തി നിർത്തിവയ്ക്കൽ നോട്ടീസ് നൽകിയെങ്കിലും, മണ്ണടിച്ച് നിലംനികത്താൻ ശ്രമം നടന്നതായി പരാതിയുണ്ട്.
പ്രദേശത്തെ വെള്ളക്കെട്ടുകൾ നേരത്തേതന്നെ വ്യാപകമായി നികത്തിയതിനാൽ ചെറിയ മഴയിൽ പോലും ഇവിടെ റോഡുകളിലും വീടുകളിലും വെള്ളം കയറുന്നത് പതിവാണ്. ഇതിനിടയിലാണ് അവശേഷിക്കുന്ന നിലംകൂടി നികത്താൻ നീക്കം നടന്നത്. തെരഞ്ഞെടുപ്പു കാലത്തിന്റെയും വോട്ടെണ്ണലിന്റെയും മറവിൽ പള്ളിപ്പാട്, കുമാരപുരം, ചെറുതന, കരുവാറ്റ തുടങ്ങി കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നിലംനികത്തൽ നടന്നിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
Business
കൊച്ചി: മുന്നിര ഇലക്ട്രിക്കല്, ഇലക്ട്രോണിക്സ് ഉപകരണ നിര്മാതാക്കളായ വി ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാമ്പത്തികവര്ഷം അവസാന പാദത്തില് 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന്വര്ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്നിന്ന് 14.1 ശതമാനമാണു വര്ധന.
മുൻവർഷം ഇതേ പാദത്തിൽ 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23ശതമാനം വർധിച്ച് 112.13 കോടി രൂപയിലെത്തിയെന്ന് വി ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
മാര്ച്ച് 31ന് അവസാനിച്ച 2025-2026 സാമ്പത്തികവർഷത്തിൽ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്വര്ഷത്തെ 5577.82 കോടി രൂപയില്നിന്നും ഏഴു ശതമാനം വര്ധനയാണു രേഖപ്പെടുത്തിയത്.
2026 മാര്ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്ഷത്തില് കമ്പനിയുടെ അറ്റാദായം 308.33 കോടി രൂപയാണ്. മുന്വര്ഷം കമ്പനിയുടെ അറ്റാദായം 313.72 കോടി രൂപയായിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് ആഡംബര വീടുകളുടെ നികുതിവരുമാനത്തില് കഴിഞ്ഞ അഞ്ചുവര്ഷത്തിനിടെ വര്ധന.
2021-22 സാമ്പത്തികവര്ഷത്തെ അപേക്ഷിച്ചു കഴിഞ്ഞ മാര്ച്ചില് അവസാനിച്ച വര്ഷത്തില് 54.74 കോടി രൂപയുടെ വര്ധനവുണ്ടായെന്ന് ലാന്ഡ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തില്നിന്നുള്ള രേഖകള് വ്യക്തമാക്കുന്നു.
278.7 സ്ക്വയര് മീറ്ററിനു മുകളില് വിസ്തീര്ണമുള്ള വീടുകള്ക്കാണ് ആഡംബര നികുതി. 2021-22 ല് 12.91 കോടി രൂപയാണ് ഈയിനത്തില് സംസ്ഥാന സര്ക്കാരിനു ലഭിച്ചത്. 2025- 26ലെത്തിയപ്പോള് 67.66 കോടിയായി ഉയർന്നു.
അതേസമയം രണ്ടാം പിണറായി സര്ക്കാരിന്റെ കാലഘട്ടത്തില് 2023-24 ലാണ് ആഡംബര നികുതിയിനത്തില് ഏറ്റവും കുറവ് വരുമാനം. 7.39 കോടിയാണ് ആ വര്ഷത്തെ വരുമാനം. 2024-25ല് 58.46 കോടി രൂപ സര്ക്കാരിനു സമാഹരിക്കാനായി.
278.7 - 464.50 സ്ക്വയര് മീറ്റര് വിസ്തീര്ണ പരിധിയിലുള്ള കെട്ടിടങ്ങളുടെ സ്ലാബിൽ 5000 രൂപയാണ് ആഡംബര നികുതി. 464.50 - 696.75 സ്ലാബില് 7500, 696.75- 929 ല് 10000 എന്നതാണ് നികുതിനിരക്ക്.
Business
കൊച്ചി: ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മാർച്ചിൽ അവസാനിച്ച പാദത്തിലെ സാമ്പത്തികഫലങ്ങൾ പുറത്തുവിട്ടു. 2026 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ വരുമാനം 18 ശതമാനം വർധിച്ച് 1,182 കോടി രൂപയിലെത്തി.
കേരളത്തിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം 20 ശതമാനം വർധിച്ചതോടെ വരുമാനത്തിൽ 21 ശതമാനമാണു വളർച്ച. പ്രവർത്തനലാഭത്തിലും 27 ശതമാനത്തിന്റെ വർധനയുണ്ട്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ വരുമാനത്തിൽ 16 ശതമാനവും പ്രവർത്തനലാഭത്തിൽ 26 ശതമാനവും വർധനയുണ്ടായി. 32.5 ശതമാനമെന്ന മികച്ച ലാഭവിഹിതമാണു സ്ഥാപനം നേടിയത്. കോഴിക്കോട് ആസ്റ്റർ മിംസ് വരുമാനത്തിൽ 21 ശതമാനവും പ്രവർത്തനലാഭത്തിൽ 41 ശതമാനവും വളർച്ച കൈവരിച്ചു.
ആകെ വരുമാനം 18 ശതമാനം ശതമാനം വർധിച്ച് 2,361 കോടി രൂപയായി. പ്രവർത്തനലാഭം 25 ശതമാനം വർധിച്ച് 517 കോടി രൂപയിലെത്തി.
ബ്ലാക്ക്സ്റ്റോണുമായി സഹകരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനനടപടികൾ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ പൂർത്തിയാകുമെന്ന് ആസ്റ്റർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
District News
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ റവന്യു ടവറില് ഹൗസിംഗ് ബോര്ഡ് അടിയന്തരമായി സ്ഥാപിക്കാന് തീരുമാനിച്ച ലിഫ്റ്റിന്റെ ടെന്ഡര് നടപടികള് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില് കുടുങ്ങി.
ഒരു ലിഫ്റ്റ് പൂര്ണമായി മാറ്റി സ്ഥാപിക്കുന്നതിനും അടിയന്തര അറ്റകുറ്റപ്പണികള്ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ഹൗസിംഗ് ബോര്ഡ് അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള് മുന്നോട്ടു നീങ്ങിയപ്പോള് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില് വരികയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾക്കു കുരുക്കായി.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുചുമതല വഹിക്കുന്ന താലൂക്ക് ഓഫീസറും അനുബന്ധ ഉദ്യോഗസ്ഥരും റവന്യു ടവറിലാണ് പ്രവര്ത്തിക്കുന്നത്. സ്ഥാനാര്ഥികളുടെ പത്രികാ സമര്പ്പണം, പത്രിക പിന്വലിക്കല്, സൂക്ഷ്മപരിശോധന ഉള്പ്പെടെ നിരവധി തെരഞ്ഞെടുപ്പു പ്രക്രിയകള് നടക്കേണ്ട ഓഫീസുകളില് നിരവധി ഏണിപ്പടികള് കയറേണ്ട അവസ്ഥയാണ്.
താലൂക്ക് ഓഫീസ് കൂടാതെ സബ് രജിസ്ട്രാര് ഓഫീസ്, ജോയിന്റ് ആര്ടി ഓഫീസ്, സപ്ലൈ ഓഫീസ്, എല്എ തഹസില്ദാര് തുടങ്ങി ഇരുപതിലേറെ സര്ക്കാര് ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്ത്തിക്കുന്നത് ഈ ആറുനിലക്കെട്ടിടത്തിലാണ്. ഈ കെട്ടിടസമുച്ചയത്തില് വിവിധ ആവശ്യങ്ങള്ക്കായി വയോജനങ്ങള് ഉള്പ്പെടെ നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്.
District News
തൊടുപുഴ: തൊമ്മന്കുത്ത് നാരങ്ങാനത്ത് പട്ടയനടപടികള് അവസാന ഘട്ടത്തിലെത്തിയിട്ടും സെന്റ് തോമസ് പള്ളി കുരിശ് സ്ഥാപിച്ച സ്ഥലം അളക്കാന് തയാറാകാതെ റവന്യുവകുപ്പ്.
തൊമ്മന്കുത്ത് സെന്റ് തോമസ് പള്ളിക്ക് ഇടവകക്കാരനായ ബെന്നി മൂലയില് രേഖാമൂലം എഴുതി നല്കിയ ഭൂമിയിലാണ് കഴിഞ്ഞവര്ഷം ഏപ്രിലില് കുരിശ് സ്ഥാപിച്ച് പ്രാര്ഥനകള് ആരംഭിച്ചത്. എന്നാല് കുരിശ് സ്ഥാപിച്ചതിന്റെ പിറ്റേദിവസംതന്നെ വനംവകുപ്പ് ഇത് പിഴുതുമാറ്റിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഏപ്രില് 12നാണ് വനംവകുപ്പ് വിശ്വാസികളെ വെല്ലുവിളിച്ച് ഇത്തരമൊരു നടപടി സ്വീകരിച്ചത്. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല് സ്ഥലം രേഖാമൂലം എഴുതി കിട്ടിയതിന്റെയും കുരിശ് സ്ഥാപിച്ച ഭൂമി അരനൂറ്റാണ്ടായി ജനവാസമേഖലയിലാണെന്നതിന്റെയും രേഖകളും പള്ളി അധികൃതര് പുറത്തുവിട്ടു. കൂടാതെ ഇഎംഎസ് ഭവനപദ്ധതിയില് നിര്മിച്ച വീടും പതിറ്റാണ്ടുകള് കാലപ്പഴക്കമുള്ള വിളകളും വിവാദ ഭൂമിയില് നില്ക്കുന്നതായും അന്വേഷണത്തില് കണ്ടെത്തി.
ഇതോടെ വനംവകുപ്പിന്റെ അവകാശവാദം നിലനില്ക്കില്ലെന്ന നിലയിലേക്ക് കാര്യങ്ങള് നീങ്ങി. എന്നാല് തങ്ങള്ക്കു പറ്റിയ തെറ്റ് അംഗീകരിക്കാന് തയാറാകാതെ കുരിശു നില്ക്കുന്ന ഭൂമി വനഭൂമിയാണെന്നു വരുത്തിത്തീര്ക്കാനുള്ള വ്യഗ്രതയിലാണ് ഇപ്പോഴും വനംവകുപ്പ്.
പട്ടയം നല്കുന്നതിനു മുന്നോടിയായി കുരിശ് നില്ക്കുന്ന രണ്ടു സെന്റ് ഭൂമി ഒഴികെയുള്ള പ്രദേശത്തെ ഭൂമി മുഴുവന് റവന്യുവകുപ്പ് അളന്നു. കുരിശ് നിന്നിരുന്ന ഭാഗം മാത്രം അളക്കാന് ജില്ലാകളക്ടറുടെ നിര്ദേശം വേണമെന്നാണ് റവന്യു അധികൃതര് പറയുന്നത്. കുരിശു നിന്നിടത്ത് ഇപ്പോഴും വിശ്വാസികള് തിരി തെളിക്കുകയും പ്രാര്ഥന നടത്തുകയും ചെയ്യുന്നുണ്ട്.
റോഡ് നിര്മാണത്തിനായി പ്രദേശം ഇടിച്ചു താഴ്ത്തി മണ്ണെടുത്തപ്പോള് ഇവിടേക്ക് കയറാന് വഴി വെട്ടി നല്കാമെന്നും ഇതിനോടു ചേര്ന്നുള്ള സ്ഥലമുടമയ്ക്കും വഴി തുറന്നുനല്കുമെന്നും പറഞ്ഞെങ്കിലും ഇതുവരെ ബെന്നി മൂലയില്, ജോയി പോള് ചൂരക്കോട്ട് എന്നിവര്ക്ക് വഴി തയാറാക്കി നല്കിയിട്ടില്ല. വനം വകുപ്പ് അനുവദിച്ചാല് റോഡ് നിര്മിക്കുന്നതിന് കരാറുകാരന് തയാറാണ്.
പള്ളി അധികൃതരും രണ്ടു വീട്ടുകാരും ജില്ലാ കളക്ടര്ക്ക് ഉള്പ്പെടെ പരാതി നല്കാനുള്ള നീക്കത്തിലാണ്. ഇതിനിടെ നിര്മാണം പൂര്ത്തിയാക്കി കരാറുകരന് മടങ്ങിയാല് ഈ കുടുംബങ്ങള്ക്കും വിശ്വാസികള്ക്കും വഴിയില്ലാതാകുന്ന അവസ്ഥയാണുണ്ടാവുക.
Business
തിരുവനന്തപുരം: ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിനു തുല്യമായ സാന്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കോവളത്ത് കോണ്ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേണ് റീജണൽ കൗണ്സിലിന്റെ ആറാമതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, സാമൂഹിക സംരക്ഷണം, തദ്ദേശ സ്വയംഭരണം എന്നിവയിൽ നടത്തിയ സുസ്ഥിരമായ നിക്ഷേപങ്ങളിലൂടെ, നൈപുണ്യവും ആത്മവിശ്വാസവും അന്തസുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനായി.
രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ വൻ വിജയമായിരുന്നു. ഇതിൽ വലിയൊരു ഭാഗം ഇതിനകം നടപ്പാക്കിത്തുടങ്ങി. ഈ വർഷം ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളം സ്വന്തമാക്കി. മെഡിക്കൽ ഉപകരണ നിർമാണ മേഖലയിൽ ഇന്ത്യൻ വിഹിതത്തിന്റെ 42 ശതമാനവും കൈകാര്യം ചെയ്യുന്ന ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കേരളത്തെക്കുറിച്ചുള്ള ‘സിഐഐ ഹാൻഡ്ബുക്ക് ‘ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോകനിലവാരത്തിലുള്ള മനുഷ്യവികസന സൂചികകൾ, നൈപുണ്യ തൊഴിൽശക്തി, സംസ്ഥാനത്തിന്റെ സുസ്ഥിരതാ പ്രതിബദ്ധത തുടങ്ങിയവയെ അടയാളപ്പെടുത്തുന്നതാണ് ഹാൻഡ്ബുക്ക്. ഒപ്പം, ഐടി അധിഷ്ഠിത സേവനങ്ങൾ, ബയോടെക്നോളജി, വെൽനസ് ആൻഡ് റെസ്പോണ്സിബിൾ ടൂറിസം തുടങ്ങി വളർച്ചാ സാധ്യതയുള്ള മേഖലകളെയും ഹാൻഡ്ബുക്ക് അടയാളപ്പെടുത്തുന്നു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിഐഐ സതേണ് റീജണ് ചെയർമാൻ തോമസ് ജോണ് മുത്തൂറ്റ്, സിഐഐ സതേണ് റീജണ് ഡെപ്യൂട്ടി ചെയർമാൻ പി. രവിചന്ദ്രൻ, സിഐഐ കേരള ചെയർമാൻ വി.കെ.സി. റസാഖ് എന്നിവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങള് തടയാന് സംസ്ഥാന മോട്ടോര് വാഹന വകുപ്പ് കൊണ്ടുവന്ന ആര്ട്ടിഫിഷല് ഇന്റലിജന്സ് കാമറകള് പലയിടത്തും മിഴിയടച്ചു. ഇതോടെ സര്ക്കാരിലേക്കുള്ള വരുമാനമാര്ഗവും കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില് നിയമലംഘനങ്ങള്ക്കു പിഴ ഈടാക്കുന്ന നടപടികള് മെല്ലെപ്പോക്കിലാകാനാണു സാധ്യത.
കാമറകള് പരിപാലിക്കുന്ന കാര്യത്തില് കടുത്ത അലംഭാവമുണ്ടെന്നാണ് ആക്ഷേപം. കാമറകള് ചുമത്തുന്ന പിഴ അടയ്ക്കാന് വാഹന ഉടമകള് തയാറാകാത്തതു വലിയ തലവേദനയാണു നേരത്തേതന്നെ മോട്ടോര് വാഹനവകുപ്പിനുണ്ടാക്കിയത്. ഇതിനിടെയാണ് കാമറകൾകൂടി പ്രവര്ത്തനരഹിതമാകുന്നത്.
2023 ജൂണ് മുതലാണ് സംസ്ഥാന വ്യാപകമായി എഐ ക്യാമറകള് സ്ഥാപിക്കുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളില് രണ്ടിലധികം ആളുകള് സഞ്ചരിക്കുക, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്ക്കാണ് എഐ കാമറകള് വഴി പിഴ ചുമത്തുന്നത്.
2023 ജൂൺ മുതൽ 2026 വരെഎഐ കാമറകൾ കണ്ടെത്തിയ വിവിധ നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ കോഴിക്കോട് ജില്ലയില് മാത്രം ഏകദേശം 40 കോടി ലഭിച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി പിരിഞ്ഞുകിട്ടാത്ത പിഴ ഇതിലും എത്രയോ മടങ്ങ് വരും. പിഴത്തുക അടച്ച് തുടർനടപടികളില്നിന്ന് ഒഴിവാകു ന്നതിനായി നിയമലംഘകർക്കു കൃത്യസമയത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതായി എംവിഡി വ്യക്തമാക്കുന്നു.
Business
അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റിക്കാർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.
2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.
ഇ കൊമേഴ്സ് കരുത്തേകി
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന്റെ അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിധ്യം പ്രകടമായി. 29.8 ശതമാനത്തിന്റെ വളർച്ച പ്രൈവറ്റ് ലേബൽ രേഖപ്പെടുത്തി.
ലോയൽറ്റി അംഗങ്ങളിലും വർധന
ലുലുവിന്റെ ഹാപ്പിനെസ് ലോയൽറ്റി മെംബർഷിപ്പിൽ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനയുണ്ട്. നിലവിൽ 8.4 മില്യൺ ആളുകൾ ലോയൽറ്റി പ്രോഗ്രാം അംഗങ്ങളാണ്.
Kerala
കൊച്ചി: മരട് നഗരസഭയില് വിജിലന്സ് നടത്തിയ റെയ്ഡില് റവന്യൂ ഇന്സ്പെക്ടര് സൈജു പിടിയില്. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്മിറ്റ് നല്കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറില് താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്സിന് പരാതി നല്കിയത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില് സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള് ശരിയാക്കാത്തതിനാല് യുവതി വീണ്ടും സമീപച്ചപ്പോള് 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്ന്നാണ് യുവതി വിജിലന്സിനെ സമീപിച്ചത്. വിജിലന്സിന്റെ നിര്ദേശപ്രകാരം പണം നല്കി. ഇതിനിടെ വിജിലന്സ് എത്തി കൈക്കൂലി നല്കിയ പണം പിടിക്കുകയായിരുന്നു. അതേസമയം, ആറു മാസം മുമ്പാണ് സൈജു മരട് നഗരസഭയില് സ്ഥലം മാറി വന്നത്. ഇതിനിടയില് ഇയാള്ക്കെതിരെ പലതവണ പരാതികള് വന്നിരുന്നു.
Business
കൊച്ചി: വി ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് 2025 ഡിസംബര് 31ന് അവസാനിച്ച പാദത്തിലെ (2025 - 26 സാമ്പത്തികവര്ഷത്തെ മൂന്നാം പാദം) ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലങ്ങള് പ്രഖ്യാപിച്ചു.
ഈ പാദത്തില് പ്രവര്ത്തനങ്ങളില്നിന്നുള്ള ഏകീകൃത അറ്റാദായം 1403.51 കോടി രൂപയാണ്. മുന്വര്ഷത്തെ ഇതേ കാലയളവില് രേഖപ്പെടുത്തിയ വരുമാനത്തേക്കാള് (1268.65 കോടി രൂപ) 10.6 ശതമാനം വളര്ച്ച രേഖപ്പെടുത്തി.
തൊഴില്നിയമത്തിലെ ഒറ്റത്തവണത്തെ സ്വാധീനം കാരണം നികുതിക്കുശേഷമുള്ള ലാഭം 5.2 ശതമാനം കുറഞ്ഞു. ഈ പാദത്തിലെ സംയോജിത നികുതിക്കുശേഷമുള്ള ലാഭം 57.06 കോടിയായി.
2025 ഡിസംബര് 31ന് മുമ്പത്തെ ഒമ്പതു മാസത്തെ പ്രവര്ത്തനങ്ങളില്നിന്നുള്ള ഏകീകൃത അറ്റാദായം 4210.51 കോടിയാണ്. മുന്വര്ഷത്തെ ഇതേ കാലയളവില് രേഖപ്പെടുത്തിയ വരുമാനത്തേക്കാള് (4039.74 കോടി ) 4.2 ശതമാനം വളര്ച്ചയുണ്ടായി. 2025 ഡിസംബര് 31ന് മുമ്പുള്ള ഒമ്പതു മാസത്തെ ഏകീകൃത നികുതിക്കുശേഷമുള്ള ലാഭം 196.20 കോടി രൂപയായി. മുന്വര്ഷം ഇതേ കാലയളവില് ഇത് 222.58 കോടി രൂപയായിരുന്നു.
മൂന്നാം പാദത്തില് ബിസിനസ് ഇരട്ട അക്ക വളര്ച്ച കൈവരിച്ചെന്ന് വി ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Business
കൊച്ചി: എണ്ണ-പ്രകൃതിവാതകം, ലോഹം, നിര്ണായക ധാതുക്കള്, ഊര്ജം, ടെക്നോളജി തുടങ്ങിയ മേഖലകളിലെ മുൻനിര നിര്മാതാക്കളായ വേദാന്ത നടപ്പ് സാമ്പത്തികവര്ഷം മൂന്നാംപാദം അറ്റാദായത്തില് 60 ശതമാനം വര്ധന കൈവരിച്ചു.
7,807 കോടി രൂപയുടെ അറ്റാദായമാണു കമ്പനി നേടിയത്. മുന്വര്ഷമിത് 4,876 കോടി രൂപയായിരുന്നു. ഈ പാദത്തിലെ പ്രവര്ത്തന മൂലധനം 15,171 കോടി രൂപയാണ്.
Kerala
തിരുവനന്തപുരം: റിക്കാർഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).
ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി അഞ്ചിനാണ് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വർത്ത പുറത്തു വിട്ടത്.
കെഎസ്ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം'
ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ?. ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി കെഎസ്ആർടിസിയുടെ ജീവനക്കാർ തെളിയിച്ചു.
പ്രിയപ്പെട്ട എന്റെ കെഎസ്ആർടിസി ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.
ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവകാല റിക്കാർഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 Cr. ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)
കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെഎസ്ആർടിസി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.
മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടോപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു.
കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി
Kerala
പത്തനംതിട്ട: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനം കുറിക്കും.
തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. അതേസമയം ശബരിമലയിൽ ഇക്കുറി റിക്കാർഡ് വരുമാനമാണ് ലഭിച്ചത്. 332.77 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു.
കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ശനിയാഴ്ച ഉച്ചവരെ എത്തിയത് 30,56,871 പേരാണ്. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തിയിരുന്നു.
Kerala
പമ്പ: ഇത്തവണ ശബരിമല തീര്ഥാടനകാലത്ത് വരുമാനത്തിൽ വൻ വർധനയെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ. ജയകുമാര്. തീര്ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി കെ. ജയകുമാര് പറഞ്ഞു.
ഇതില് 106 കോടി രൂപ അരവണ വില്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്വര്ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില് വലിയ വര്ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്നങ്ങളില്ലാതെ സുഗമദര്ശനം സാധ്യമായ തീര്ഥാടന കാലമാണിതെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് അറിയിച്ചു.
ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്ഥാടനകാലത്തെ കാണുന്നത്. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ. ജയകുമാര്.
Kerala
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപയാണ്.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടുന്നത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10.19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു.കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിനു ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്.
ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ 93 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി.
പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും ടിക്കറ്റ് വരുമാനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒക്ടോബർ ആറിലെ 9.41 കോടിയും നവംബർ 24ന് നേടിയ 9.29 കോടിയുമാണ് ഇതിന് മുമ്പുള്ള മികച്ച വരുമാനം.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഹരിത കവചമെന്ന പേരിൽ റവന്യൂ ഓഫീസുകളില് വിജിലന്സ് പരിശോധന നടത്തി. കേരള നെല്വയല് - തണ്ണീര്ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്ക്ക് വിരുദ്ധമായി തണ്ണീര്ത്തടങ്ങളും നെല് വയലുകളും ഡാറ്റാബാങ്കില് നിന്ന് ഒഴിവാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനകളില് വ്യാപക ക്രമക്കേടുകള് കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. ഭൂമി തരംമാറ്റലിനും ഡാറ്റാബാങ്കില് നിന്ന് ഒഴിവാക്കുന്നതിനുമായി ഇടനിലക്കാരുടെ ഇടപെടല് തെളിയിക്കുന്ന രേഖകളും കണ്ടൈത്തി. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല് ഓഫീസുകളിലും തരം മാറ്റല് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന 32 ഡപ്യൂട്ടി കളക്ടര്മാരുടെ ഓഫീസുകളിലുമായി 69 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
ഡേറ്റാബാങ്കില് നിന്ന് ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെല് വയലുകളും തണ്ണീര്ത്തടങ്ങളും പരിവര്ത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിര്മിച്ച് വില്പ്പന നടത്തുന്നതിനായി റവന്യൂ ഡിവിഷണല് ഓഫീസുകള് കേന്ദ്രീകരിച്ച് ഭൂമാഫിയ ഏജന്റുമാര് പ്രവര്ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
District News
പത്തനംതിട്ട: റവന്യു രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി കെ. രാജൻ. ആറന്മുള, ചെന്നീര്ക്കര, പുറമറ്റം, നിരണം, കൂടൽ, കോന്നിത്താഴം സ്മാര്ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യവും കൃത്യതയോടുമുള്ള പ്രവര്ത്തനത്തിലൂടെ ജനങ്ങള്ക്ക് റവന്യു സേവനങ്ങള് വേഗത്തിൽ ലഭ്യമാക്കി. ഡിജിറ്റല് റീസര്വേയിലൂടെ രണ്ടുവര്ഷത്തില് കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി.
ഭൂഉടമകള്ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള് ഉള്ക്കൊള്ളുന്ന ഡിജിറ്റല് പ്രോപ്പര്ട്ടി സ്മാര്ട്ട് കാര്ഡ് ഉടന് നല്കും. 632 വില്ലേജുകളെ സ്മാര്ട്ട് ആക്കിയതായും നാനൂറോളം വില്ലേജ് ഓഫീസുകള് പുനര്നിര്മിച്ചതായും മന്ത്രി പറഞ്ഞു.
ആറന്മുള ഇടശേരിമല എന്എസ്എസ് കരയോഗ ഓഡിറ്റോറിയത്തില് ആറന്മുള, ചെന്നീര്ക്കര സ്മാര്ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില് മന്ത്രി വീണാ ജോര്ജ് അധ്യക്ഷത വഹിച്ചു.
ജില്ലയില് ഭരണാനുമതി ലഭിച്ച 41 ല് 32 എണ്ണം സ്മാര്ട്ട് വില്ലേജാക്കി മാറ്റാന് സാധിച്ചതായി മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര് എസ്. പ്രേം കൃഷ്ണൻ, എഡിഎം ബി. ജ്യോതി, മുന് എംഎല്എ മാലേത്ത് സരള ദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി തുടങ്ങിയവർ പ്രസംഗിച്ചു
പുറമറ്റം സ്മാര്ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില് മാത്യു ടി.തോമസ് എംഎല്എ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല് ഹെഡ് എ.കെ. ഗീതമ്മാള് റിപ്പോര്ട്ട് അവതരിപ്പിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ജോസഫ്, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ.വര്ഗീസ് തുടങ്ങിയവര് പ്രസംഗിച്ചു. നിരണം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില് മാത്യു ടി.തോമസ് എംഎല്എ അധ്യക്ഷത വഹിച്ചു.
തിരുവല്ല പിഡബ്ല്യൂഡി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര് വി.കെ.ശ്രുതി റിപ്പോര്ട്ട് അവതരിപ്പിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്ജ് തുടങ്ങിയവര് പ്രസംഗിച്ചു. കൂടല് വില്ലേജ് ഓഫീസ് അങ്കണത്തില് നടന്ന ചടങ്ങില് കെ. യു. ജനീഷ് കുമാര് എംഎല്എ അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കലഞ്ഞൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി തുടങ്ങിയവര് പ്രസംഗിച്ചു.കോന്നി - താഴം വില്ലേജ് ഓഫീസ് അങ്കണത്തില് നടന്ന ചടങ്ങില് കെ. യു. ജനീഷ് കുമാര് എംഎല്എ അധ്യക്ഷത വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായര്, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവേൽ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവര് പ്രസംഗിച്ചു.