തൊടുപുഴ: തൊമ്മന്‍കുത്ത് നാരങ്ങാനത്ത് പട്ടയനടപടികള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും സെന്റ് തോമസ് പള്ളി കുരിശ് സ്ഥാപിച്ച സ്ഥലം അളക്കാന്‍ തയാറാകാതെ റവന്യുവകുപ്പ്.
തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിക്ക് ഇടവകക്കാരനായ ബെന്നി മൂലയില്‍ രേഖാമൂലം എഴുതി നല്കിയ ഭൂമിയിലാണ് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കുരിശ് സ്ഥാപിച്ച് പ്രാര്‍ഥനകള്‍ ആരംഭിച്ചത്. എന്നാല്‍ കുരിശ് സ്ഥാപിച്ചതിന്റെ പിറ്റേദിവസംതന്നെ വനംവകുപ്പ് ഇത് പിഴുതുമാറ്റിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഏപ്രില്‍ 12നാണ് വനംവകുപ്പ് വിശ്വാസികളെ വെല്ലുവിളിച്ച് ഇത്തരമൊരു നടപടി സ്വീകരിച്ചത്. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍ സ്ഥലം രേഖാമൂലം എഴുതി കിട്ടിയതിന്റെയും കുരിശ് സ്ഥാപിച്ച ഭൂമി അരനൂറ്റാണ്ടായി ജനവാസമേഖലയിലാണെന്നതിന്റെയും രേഖകളും പള്ളി അധികൃതര്‍ പുറത്തുവിട്ടു. കൂടാതെ ഇഎംഎസ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടും പതിറ്റാണ്ടുകള്‍ കാലപ്പഴക്കമുള്ള വിളകളും വിവാദ ഭൂമിയില്‍ നില്‍ക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതോടെ വനംവകുപ്പിന്റെ അവകാശവാദം നിലനില്‍ക്കില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് അംഗീകരിക്കാന്‍ തയാറാകാതെ കുരിശു നില്ക്കുന്ന ഭൂമി വനഭൂമിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയിലാണ് ഇപ്പോഴും വനംവകുപ്പ്.
പട്ടയം നല്കുന്നതിനു മുന്നോടിയായി കുരിശ് നില്ക്കുന്ന രണ്ടു സെന്റ് ഭൂമി ഒഴികെയുള്ള പ്രദേശത്തെ ഭൂമി മുഴുവന്‍ റവന്യുവകുപ്പ് അളന്നു. കുരിശ് നിന്നിരുന്ന ഭാഗം മാത്രം അളക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം വേണമെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. കുരിശു നിന്നിടത്ത് ഇപ്പോഴും വിശ്വാസികള്‍ തിരി തെളിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്യുന്നുണ്ട്.
റോഡ് നിര്‍മാണത്തിനായി പ്രദേശം ഇടിച്ചു താഴ്ത്തി മണ്ണെടുത്തപ്പോള്‍ ഇവിടേക്ക് കയറാന്‍ വഴി വെട്ടി നല്‍കാമെന്നും ഇതിനോടു ചേര്‍ന്നുള്ള സ്ഥലമുടമയ്ക്കും വഴി തുറന്നുനല്‍കുമെന്നും പറഞ്ഞെങ്കിലും ഇതുവരെ ബെന്നി മൂലയില്‍, ജോയി പോള്‍ ചൂരക്കോട്ട് എന്നിവര്‍ക്ക് വഴി തയാറാക്കി നല്‍കിയിട്ടില്ല. വനം വകുപ്പ് അനുവദിച്ചാല്‍ റോഡ് നിര്‍മിക്കുന്നതിന് കരാറുകാരന് തയാറാണ്.
പള്ളി അധികൃതരും രണ്ടു വീട്ടുകാരും ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കാനുള്ള നീക്കത്തിലാണ്. ഇതിനിടെ നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകരന് മടങ്ങിയാല്‍ ഈ കുടുംബങ്ങള്‍ക്കും വിശ്വാസികള്‍ക്കും വഴിയില്ലാതാകുന്ന അവസ്ഥയാണുണ്ടാവുക.