മമ്മൂട്ടി , വൈക്കം വിജയലക്ഷ്മി
വൈക്കം: മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിക്കും മലയാളത്തിന്റെ പൂങ്കുയിൽ വൈക്കം വിജയലക്ഷ്മിക്കും ദേശീയ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദ നിറവിലാണ് ജന്മനാടായ വൈക്കം.
നാടകത്തിലൂടെയാണ് മമ്മൂട്ടി സിനിമയിലെത്തിയത്. വൈക്കം ഭാരത് കോളജിൽ പഠിക്കുമ്പോൾ മലയാള പ്രഫഷണൽ നാടകത്തിലെ ഷോമാൻ എന്നറിയപ്പെടുന്ന വൈക്കം മാളവികയുടെ സംവിധായകനും മുഖ്യ നടനുമായിരുന്ന ടി.കെ. ജോൺ സംവിധാനം ചെയ്ത നാടകത്തിലാണ് മമ്മൂട്ടി ആദ്യമായി ഒരു ശ്രദ്ധേയ വേഷം അഭിനയിച്ചത്.
ജനപ്രിയ നോവലിസ്റ്റായ ചെമ്പിൽ ജോൺ മമ്മൂട്ടിയിലെ നടന് വലിയ പ്രോത്സാഹനം നൽകിയിരുന്നു. ജന്മനാടായ ചെമ്പിൽനിന്ന് ചെന്നൈയിലും പിന്നീട് കൊച്ചിയിലും താമസമാക്കിയെങ്കിലും 55 വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വൈക്കംകായലും വൈക്കത്തെ സുഹൃത്തുക്കളും ചെലുത്തിയ സ്വാധീനം മമ്മൂട്ടി വിസ്മരിച്ചിട്ടില്ല.
സ്വന്തമായി ഉണ്ടാക്കിയ ഗായത്രി വീണ വാദനത്തിലൂടെ വേദികൾ കീഴടക്കിയ വൈക്കം വിജയലക്ഷ്മി ഭക്തിഗാനാലാപനത്തിലൂടെയും ആസ്വാദക മനസ് കീഴടക്കി.
2013ൽ സെല്ലുലോയിഡ് എന്ന സിനിമയിൽ എം. ജയചന്ദ്രന്റെ സംഗീതത്തിൽ കാറ്റേ കാറ്റേ... എന്ന ഗാനം പാടിയാണ് വിജയലക്ഷ്മി മലയാള ചലച്ചിത്ര രംഗത്തേക്ക് പദമൂന്നിയത്. മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലും ഇന്ന് വിജയലക്ഷ്മി ഗായികയെന്ന നിലയിൽ വെന്നിക്കൊടി പാറിച്ചു.
Tags : Vaikom Mammootty VaikomVijayalakshmi NationalFilmAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews