അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി.
ചെന്നൈ: വിജയ്യെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന ടിവികെ നേതാക്കളെ പരിഹസിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. വിജയ്ക്ക് പ്രധാനമന്ത്രിയല്ല അമേരിക്കൻ പ്രസിഡന്റ് വരെ ആകാമെന്ന് അദ്ദേഹം പരിഹസിച്ചു. ട്രംപിന് പകരക്കാരനാകാം. അതിൽ തെറ്റൊന്നുമില്ല.
അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഇവിടെ റീലുകൾ ഇറക്കിയാണ് അവർ ഭരണം നടത്തുന്നത്. അതവിടെ നടക്കില്ലെന്നും പളനിസ്വാമി പറഞ്ഞു. വിജയ്യെ ചെലവേറിയ മുഖ്യമന്ത്രിയെന്നും പളനിസ്വാമി വിശേഷിപ്പിച്ചു. നിലവിലെ ഭരണകൂടത്തിന്റെ ചെലവുകളെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലവുമായി പളനിസ്വാമി താരതമ്യം ചെയ്തു.
ചെലവ് കുറയ്ക്കുന്നതിനായി ജയലളിതയുടെ കാലത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് പദ്ധതികളുടെ ഉദ്ഘാടനം നടത്തിയിരുന്നത്. ടിവികെ സർക്കാർ അധികാരത്തിലെത്തി 110 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിലെ ക്രമസമാധാനനില പൂർണമായും തകർന്നെന്നും പളനിസ്വാമി ആരോപിച്ചു. കൊലപാതകങ്ങളും കവർച്ചകളും സംഘർഷങ്ങളും വർധിച്ചുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിജയ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാണെന്ന വാദവുമായി ടിവികെ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു പളനിസ്വാമി. കേന്ദ്രസർക്കാരിന്റെ തലപ്പത്തേക്ക് തമിഴ്നാട്ടിൽ നിന്നുള്ള ഒരു നേതാവ് എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി ആദവ് അർജുന വ്യക്തമാക്കിയിരുന്നു.
Tags : Edappadi Palaniswami AIADMK TVK TVK Leaders TamilNadu Politics Vijay ThalapathyVijay