തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള 20 കുട്ടികൾ സംസ്ഥാന ബാലാവകാശ കമ്മിഷന് സമർപ്പിച്ച ഹർജിയിൽ തങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന നിരവധി അവകാശങ്ങളിൻമേൽ സ്കൂളുകളിന് നിയന്ത്രണമുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്.
നിസഹായരായ അധ്യാപകർ
കുട്ടികളുടെ പരാതികളും അധ്യാപകരുടെ ഭാഗത്തുനിന്നു കമ്മിഷന് അയച്ചു നൽകിയ നിർദേശങ്ങളും കമ്മിഷൻ പരിശോധിച്ചു.
കമ്മിഷന്റെ മുൻകാല ഉത്തരവിൻമേൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഹൈസ്കൂൾ അധ്യാപകൻ തന്റെ അഭിപ്രായം കമ്മിഷന് രേഖാമൂലം നൽകി. ബാഹ്യ സമ്മർദങ്ങളാൽ വലിയ വെല്ലുവിളി നേരിടുന്ന തൊഴിൽ മേഖലയായി അധ്യാപനം മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം, ലഹരി വസ്തുക്കളുടെ സുഗമമായ ലഭ്യത, അധ്യാപകർക്കെതിരേ ഉയർന്നുവരുന്ന പ്രശ്നങ്ങളെ പർവതീകരിക്കാനുള്ള മാധ്യമങ്ങളുടെയും അധികൃതരുടെയും ഉത്സാഹം, കുട്ടികൾ മാറിയിട്ടും മാറാത്ത അധ്യാപന/ആഘോഷ രീതികൾ എന്നിവയെല്ലാം ഈ പ്രതിസന്ധിക്ക് കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചാം ക്ലാസ് കഴിയുമ്പോൾത്തന്നെ ഫോൺ സ്വന്തമാക്കുന്ന കുട്ടികൾ അതിന് പൂർണമായും അടിമയാകുന്നു. ബോധവത്കരണങ്ങളൊന്നും കാര്യക്ഷമമല്ല.
ഫോണിൽ ലഭ്യമാകുന്ന വീഡിയോകൾ പുലർച്ചെ വരെ കാണുന്ന കുട്ടികൾ ബോധമില്ലാതെ ക്ലാസിലെത്തി ഉറങ്ങുന്നു. ചോദ്യം ചെയ്താൽ വഴക്കും കേസും കൂട്ടവുമാകുന്നു. ലഹരി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തിയാൽ രക്ഷിതാവ് പോലും അധ്യാപകർക്കുനേരേ തിരിയുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ജാതിയും മതവും നോക്കി വേർതിരിക്കുന്ന അവസ്ഥ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാകുമ്പോഴും കടമകളെക്കുറിച്ചും മൂല്യബോധത്തെക്കുറിച്ചും കുട്ടികൾ ബോധവാന്മാരല്ലെന്നും ഫോണിന്റെ ഉപയോഗം ഉൾപ്പെടെയുള്ള കാരണങ്ങൾകൊണ്ട് പ്രായത്തിൽ കവിഞ്ഞ കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നുണ്ടെന്നും അത് അവരുടെ പെരുമാറ്റത്തിൽ പ്രകടമാണെന്നും ഇതിനെ അഭിസംബോധന ചെയ്യാനുള്ള ഒരു മെഷണറിയുമില്ലാതെയാണ് അധ്യാപകർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കമ്മിഷനെ ബോധിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഒരു അധ്യാപിക കമ്മിഷന് രേഖാമൂലം നൽകിയ അഭിപ്രായത്തിൽ ലിപ്സ്റ്റിക് ഇടാതെ കുട്ടികൾ സ്കൂളിൽ വരാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടി. എന്നും ലിപ്സ്റ്റിക് ഇട്ടുവന്ന ഒരു കുട്ടിയോട് ഇത്തരത്തിൽ വരാൻ പാടില്ല, ശരീരത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞതിന് അടുത്ത ദിവസം രക്ഷിതാവ് സ്കൂളിൽ വന്ന് ഞങ്ങൾ ബ്രാന്ഡ് ആയിട്ടുള്ള ലിപ്സ്റ്റിക് ആണ് ഉപയോഗിക്കുന്നതെന്നും അത്തരം ലിപ്സ്റ്റിക് ഉപയോഗിച്ചത് കൊണ്ട് സ്കൂളിന് ബുദ്ധിമുട്ടുണ്ടോ എന്നുമാണ് ചോദിച്ചത്. ഇത്തരത്തിൽ ആഡംബര വസ്തുക്കൾ ഉപയോഗിക്കാൻ സാധിക്കാത്ത സാധാരണക്കാരിയായ മറ്റൊരു കുട്ടി ലിപ്സ്റ്റിക്കിനു പകരം സിന്ദൂരം കലക്കി പുരട്ടിയപ്പോൾ ചുണ്ടുകൾ പൊള്ളിപ്പോയെന്നും അധ്യാപിക വിശദീകരിച്ചു.
ആ കുട്ടിയുടെ ചുണ്ടിലെ കറുത്ത പാടുകൾ കണ്ട് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യമറിഞ്ഞത്. പാടുകൾ മാറാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ പാടുകൾ മാറാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് വളരെ വൈകാരികമായി കുട്ടി ചോദിച്ചെന്നും അധ്യാപിക റിപ്പോർട്ട് ചെയ്തു.