പ്രതീകാത്മക ചിത്രം
കൊച്ചി: വാഗമണ്‍ സിമി തീവ്രവാദ പരിശീലനക്യാമ്പ് കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. മുംബൈ സ്വദേശി അബ്ദുൾ സുബ്ഹാന് ഖുറേഷിക്കാണ് (55) കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ഹഫീസ് മുഹമ്മദ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. അതേസമയം, ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ പരമാവധി ഏഴു വര്‍ഷത്തെ ജയില്‍വാസം മതിയാകും.
നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) 2007 ഡിസംബറില്‍ വാഗമണ്‍ തങ്ങള്‍പാറയില്‍ സംഘടിപ്പിച്ച പരിശീലനക്യാമ്പില്‍ പങ്കെടുത്തതിനാണു ശിക്ഷ.
രാജ്യത്തിനെതിരായ യുദ്ധത്തിന് ഗൂഢാലോചന നടത്തുക, ആയുധപരിശീലനം നല്‍കുക, സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സോഫ്റ്റ്വേര്‍ എന്‍ജിനിയറായ പ്രതിക്കെതിരേ ചുമത്തിയിരുന്നത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. കേസിലെ രണ്ടാം പ്രതി ഉത്തര്‍പ്രദേശ് സ്വദേശി വാസിഖ് ബില്ല ഒളിവിലാണ്.
Tags : Rigorous Imprisonment Accused Court Vagamon SIMICamp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash