National
കോൽക്കത്ത: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ഹാജരാകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
നദിയ ജില്ലയിലെ കൃഷ്ണനഗർ കോടതിയാണ് മൊയ്ത്രയ്ക്കെതിരായ അറസ്റ്റ് വാറന്റ് നടപ്പാക്കിയതിന്റെ റിപ്പോർട്ട് 28ന് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
സ്ത്രീകളെ അപമാനിക്കുകയും വിദ്വേഷപ്രസംഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് മൊയ്ത്രയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി സമൻസ് പുറപ്പെടുവിച്ചിരുന്നു.
തുടർച്ചയായി സമൻസ് അയച്ചിട്ടും മൊയ്ത്ര കോടതിയിൽ ഹാജരാകാത്തത് ചൂണ്ടിക്കാട്ടി കൃഷ്ണനഗർ കോടതിയിലെ മൂന്നാം ജുഡീഷൽ മജിസ്ട്രേറ്റ് ഉടൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച എംപിയോട് അടുത്ത ദിവസം കോടതിയിൽ ഹാജരാകാൻ ജഡ്ജി നിർദേശിച്ചിരുന്നു. എന്നാൽ, ബുധനാഴ്ചയും അവർ ഹാജരായില്ല.
Kerala
കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ നേരിട്ടു ഹാജരാകാനുള്ള കോടതിയുടെ സമന്‍സ് അവഗണിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ജോസുകുട്ടിയും ആന്റോയും 11നും റോജി അഗസ്റ്റിന് 13നും കോടതിയില്‍ കീഴടങ്ങി. വാറണ്ട് പിന്‍വലിച്ച കോടതി മൂന്ന് പ്രതികളോടും 18ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലില്‍ നിന്നു മുറിച്ചു കടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വില്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കരിമുകള്‍ മലബാര്‍ ടിമ്പേഴ്സ് ഉടമ എം.എം. അലിയാര് നല്കിയ പരാതിയില്‍ അമ്പലമേട് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസ് എടുത്ത് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും നല്കിയ വിടുതല്‍ ഹര്‍ജികള്‍ ജൂലൈയില്‍ ഹൈക്കോടതി തള്ളിയിരുന്നു.
Kerala
തിരുവനന്തപുരം: രാഷ്ട്രീയകേന്ദ്രങ്ങളിൽ വൻ വിവാദമുയർത്തിയ ബ്രഹ്മപുരം അഴിമതിക്കേസിലെ ഒന്നാം പ്രതിയും കെഎസ്ഇബി മുൻ ചെയർമാനുമായ ആർ. നാരായണനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന സർക്കാരിന്റെ അപേക്ഷയ്ക്കെതിരേ വിജിലൻസ് കോടതിയുടെ കടുത്ത വിമർശനം.
പതിനൊന്ന് വർഷത്തിനു ശേഷമാണോ ഇത്തരം ഒരു അപേക്ഷ നൽകുന്നതെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു.
ഹൈക്കോടതി വരെ വിചാരണ വേഗത്തിലാക്കാൻ നിർദേശിച്ച കേസിൽ, ഇത്രയും കാലത്തിനുശേഷം ഒന്നാം പ്രതിയെ മാത്രം ഒഴിവാക്കണമെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചു.
അഴിമതി നടന്നിട്ടില്ലെന്നു വിജിലൻസ് പറയുന്നില്ലെന്നും അതേസമയം, ഒന്നാം പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതു വൈരുധ്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ഇക്കാര്യത്തിൽ സെപ്റ്റംബർ ഒന്നിനകം വ്യക്തമായ മറുപടി നൽകാൻ വിജിലൻസ് പ്രോസിക്യൂട്ടർക്ക് കോടതി നിർദേശം നൽകി.
International
വാഷിംഗ്ടൺ ഡിസി: മെറ്റയ്ക്കെതിരായ നിയമയുദ്ധത്തിന് തുടക്കം. മെറ്റയ്ക്കെതിരെ യുഎസ് സംസ്ഥാനങ്ങളുടെ ഹർജികളിലാണ് ഫെഡറൽ കോടതിയിൽ നടപടികൾ ആരംഭിച്ചത്. കുട്ടികളെ മനപ്പൂർവം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടിമപ്പെടുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരിയും കോടതിയിൽ ഹാജരാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പുകൂടി ഇന്ന് തുടക്കമാകുന്ന നിയമപോരാട്ടത്തിൽ തീരുമാനമാകും. സാൻഫ്രാൻസിസ്കോയ്ക്ക് അടുത്തുള്ള ഫെഡറൽ കോടതിയിൽ ഇത് സംബന്ധിച്ച് നിയമനടപടികൾ നടക്കുന്നത്.
കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജഴ്സി തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരാണ് മെറ്റയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ആകെ 29 സംസ്ഥാനങ്ങളാണ് കേസിൽ കക്ഷിചേർന്നിരിക്കുന്നത്.
കൂടുതൽ സമയം കുട്ടികളെ പ്ലാറ്റ്ഫോമുകളിൽ പിടിച്ചുനിർത്താൻ ഫീച്ചറുകൾ മെറ്റ ബോധപൂർവം ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവ കുട്ടികൾക്ക് ദോഷകരമാകുമെന്ന് അറിയാമായിരുന്നിട്ടും അത് അവഗണിച്ചു കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പിടിച്ചിരുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്തെന്നാണ് സംസ്ഥാനങ്ങൾ കോടതിയിൽ വാദം ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഇന്നലെ ജൂറി തെരഞ്ഞെടുപ്പ് നടന്നു. വിചാരണ ഓഗസ്റ്റ് 18ന് ആരംഭിക്കും.
സോഷ്യൽ മീഡിയ ആസക്തി വർധിപ്പിക്കാൻ ആൽഗൊരിതം, ഫീച്ചർ ഡിസൈനുകളിൽ കമ്പനി മനപ്പൂർവം ഇടപെടലുകൾ നടത്തിയെന്ന ഹർജികളെ തുടർന്നായതിനാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്ന നിയമപരിരക്ഷ പുനർവിചിന്തനം ചെയ്യപ്പെട്ടേക്കാം. അതേസമയം യുവാക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെയ്ത നടപടികളുടെ തെളിവുകൾ പക്കലുണ്ടെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മെറ്റ പറയുന്നു. കേസിൽ പരാജയപ്പെട്ടാൽ നഷ്ടപരിഹാരം 1.4 ട്രില്യൺ ഡോളർ വരെ ഉയരാമെന്നാണ് മെറ്റയുടെ കണക്കുകൂട്ടൽ. ഇത് കമ്പനിയുടെ വിപണി മൂല്യത്തിന് തുല്യമാണ്.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യത്തില്‍ എറണാകുളം മുന്‍സിഫ് കോടതി ഇന്ന് തീരുമാനമെടുക്കും. ശ്വേത നല്കിയ പരാതിയെ തുടര്‍ന്ന് അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അന്‍സിബ കേസില്‍ കക്ഷി ചേരാന്‍ നീക്കം ആരംഭിച്ചത്. അന്‍സിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും കേസില്‍ കക്ഷി ചേരാന്‍ അന്‍സിബയ്ക്ക് അവകാശമില്ലെന്നും ശ്വേത കോടതിയില്‍ നല്കിയ സത്യവാഗ്മൂലത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സൈബർ പോലീസ് അറസ്റ്റുചെയ്ത സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. ഡൽഹി ജന്തർമന്ദറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ ആണ് അറസ്റ്റ് ചെയ്തത്.
കോടതി പരിസരത്ത് എസ്എഫ്ഐ പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തി. കരിങ്കൊടിയും പ്ലക്കാഡുകളുമായെത്തിയ സമരക്കാർ പ്രതിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും, നടപടിയെടുത്ത കേരളാ പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചിയിൽനിന്ന് പിടികൂടിയ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്.
സിജെപി സമരത്തിൽ പങ്കെടുത്തവർക്കെതിരേയായിരുന്നു വിദ്വേഷ പരാമർശം. കേസെടുത്ത് 11 ദിവസത്തിനു ശേഷമാണ് പോലീസ് നടപടിയെടുത്തത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജിനെ( ജിത്തു-31) വീട്ടിൽ നിന്നും പിടികൂടി പോലീസ്. നഗരത്തിലും പരിസരങ്ങളിലും എട്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 31-നാണ് പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് ജാമ്യാപേക്ഷ പരിഗണിക്കാൻ അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ജാമ്യാപേക്ഷ മാറ്റിവച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ, അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്.
പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയ പോലീസ്, ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അരശുപറമ്പിലെ വീട്ടിൽ നിന്നും പിടികൂടിയത്.
കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പിടിച്ചു തള്ളുകയും അസഭ്യം പറഞ്ഞതിനും മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇയാൾ മുൻപ് കാപ്പാ കേസ് പ്രതി കൂടിയായിരുന്നെന്ന് മനസിലാക്കുകയും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. റിമാൻഡ് ഉത്തരവ് വന്നയുടൻ പ്രതി കോടതി മുറിയിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.
Kerala
നെടുമ്പാശേരി: വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശേരിയിൽ പിടിയിലായ യുവാവിന്റെ പരാക്രമം കോടതിയിലും. ക്വാലാലംപുരിൽനിന്ന് നെടുമ്പാശേരിയിലേക്കു വന്ന ബാറ്റിക് എയർലൈൻസിൽ അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ (34) അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോടതി കേസ് പരിഗണിച്ചുകൊണ്ടിരിക്കെ മജിസ്ട്രേറ്റിനു മുന്നിൽ വച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു. തുടർന്നും പരിഭ്രാന്ത്രി സൃഷ്ടിച്ച ഇയാളെ പോലീസ് സമയോചിതമായി ഇടപെട്ട് പിടിച്ചുമാറ്റി. അതേസമയം യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണു പോലീസ് കോടതിയിൽ വ്യക്തമാക്കിയത്.
വിമാനത്തിന്റെ വാതിൽ ബലമായി വലിച്ചുതുറക്കാൻ ശ്രമിച്ച ഇയാളെ മറ്റു യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്നാണു കീഴ്പ്പെടുത്തിയത്. വിമാനത്തിലെ അടിയന്തര സാഹചര്യത്തിൽ മാത്രം തുറക്കേണ്ട വാതിൽ ആകാശയാത്രയ്ക്കിടെ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ വൻ ദുരന്തമാണ് ഒഴിവായത്.
തനിക്കു മരിക്കാൻ തോന്നിയെന്നും മറ്റുള്ളവരെയും കൂടെകൂട്ടി മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണു ശ്രമിച്ചതെന്നുമാണ് ചോദ്യം ചെയ്യലിൽ ജംഷീർ പോലീസിന് മൊഴി നൽകിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികളും ഇയാളെ ചോദ്യം ചെയ്തു.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി മലേഷ്യയിൽ ബന്ധുവിന്റെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ജംഷീർ. ഈ ബന്ധുവുമായി ബന്ധപ്പെട്ടും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന്റെ വിൻഡോ പാനലിന് കേടുപാടുകൾ വരുത്തിയതിന് ബാറ്റിക് എയർലൈൻസും ഇയാൾക്കെതിരേ പരാതി നൽകിയിട്ടുണ്ട്. മറ്റേതെങ്കിലും ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി.
വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 1999ൽ ചെന്നൈയിൽ മതാചാരങ്ങൾ പ്രകാരവും വിവാഹിതരായിരുന്നു.
നേരത്തെ തന്നെ വിജയ്യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന നോട്ടീസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമമെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Kerala
കണ്ണൂർ: മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പില്‍ അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു(29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
മൂന്നുപേർക്കും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. സൂരജ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാനായി മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ഹാജരാകാതെ വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു.
പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കാനും ഉത്തരവിട്ടു. പിന്നാലെ പോലീസ് പ്രതിയെ കണ്ടെത്തിയത്.
Kerala
കൊച്ചി: കണ്ഠര് രാജീവരുടെ മകന് കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം.
തന്ത്രി കണ്ഠര് രാജീവര് നല്കിയ അപേക്ഷ പരിഗണിച്ച് ബ്രഹ്മദത്തനെ ചുമതലയേല്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തില്‍ ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. അടുത്ത ചിങ്ങം ഒന്നുമുതല്‍ കര്‍ക്കടകം 31 വരെയാണു നിയമനം.
സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് മകന്റെ പേരു നിര്‍ദേശിച്ച് കണ്ഠര് രാജീവര് ചുമതലയൊഴിഞ്ഞത്.
Kerala
കൊച്ചി: പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്കാന് സര്‍ക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ നിയമപരമായ കാരണങ്ങളില്ലെന്നും സംവരണം അടക്കമുള്ള കാര്യങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ ബാധകമല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
സംസ്ഥാനത്ത് പുതുതായി 1037 അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് അക്ഷയ സംരംഭകരുടെ സംഘടനയും ഭിന്നശേഷിക്കാരനായ വ്യക്തിയും ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. നിലവിലുള്ള കേന്ദ്രങ്ങള്‍ സാമ്പത്തികപ്രതിസന്ധിയിലാണെന്നും പുതിയതിന് അനുമതി നല്‍കുന്നത് വരുമാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അക്ഷയ സംരംഭകത്വത്തിന് അപേക്ഷിക്കുന്ന വനിതകള്‍ക്ക് പ്രത്യേക മാര്‍ക്ക് നല്‍കാറുണ്ടെന്നും പട്ടിക വിഭാഗത്തിന് അനൗപചാരിക സംവരണം നല്‍കുന്നുണ്ടെന്നും അക്ഷയ ഡയറക്ടര്‍ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങള്‍ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ബിസിനസ് സ്ഥാപനങ്ങളല്ലെന്നും ജനങ്ങള്‍ക്കു സേവനം എത്തിക്കാനുള്ള സംവിധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കരാര്‍ അടിസ്ഥാനത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. അതിനാല്‍, ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു സമാനമല്ല, സംവരണം ബാധകവുമല്ല.
അക്ഷയ കേന്ദ്രങ്ങളില്‍ സംവരണം വ്യവസ്ഥ ചെയ്യുന്നതിന്റെ രേഖകള്‍ ഹര്‍ജിക്കാര്‍ക്കു ഹാജരാക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: പോലീസ് അസോസിയേഷന് പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് മേലുള്ള സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്. അജിത്തിന്റെ ആവശ്യം തള്ളി.
തുടര്‍ന്ന് ജി.ആര്. അജിത്ത് അപ്പീല്‍ പിന്‍വലിച്ചു. സിംഗിള്‍ ബെഞ്ചില്‍ എതിര്‍പ്പ് അറിയിക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചതോടെയാണ് അപ്പീല്‍ പിന്‍വലിച്ചത്. ജൂലൈ 27-ാം തീയതിയായിരുന്നു ആഭ്യന്തര വകുപ്പ് മൂന്ന് പോലീസ് അസോസിയേഷനുകളെ വെട്ടിച്ചുരുക്കി രണ്ടാക്കി പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
കേരള പോലീസ് അസോസിയേഷനെ പുറത്താക്കി കൊണ്ടായിരുന്നു പുനഃക്രമീകരണം. ജസ്റ്റീസ് ബെച്ചു കുര്യന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഈ ഉത്തരവ് സ്റ്റേ ചെയ്തത്. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കോടതി തടഞ്ഞു.
പോലീസ് അസോസിയേഷന് സംഘടന പിരിച്ചുവിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും അടുത്ത മാസം 30ന് ഉള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിക്കുകയുമായിരുന്നു ചെയ്തത്. ജൂലൈ 28ന് അഡ്ഹോക് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
പോലീസ് സംഘടനകളുടെ പുനഃസംഘടന നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവില്‍ കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സ്റ്റേ. അതേസമയം, സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന മൂന്ന് സംഘടനകളായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.
പുതിയ ഉത്തരവു പ്രകാരം ഇത് രണ്ടായി ചുരുക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്ഐ വരെ ഉള്‍പ്പെടുന്ന പോലീസ് അസോസിയേഷനും എസ്ഐ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാക്കി ആയിരുന്നു സംഘടനകള്‍ ചുരുക്കിയത്.
National
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതിയിൽ, ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി ലോക്സഭാംഗവുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ രംഗത്തെത്തിയിരുന്നത്.
2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാർ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണിനെതിരേ വൻ പ്രതിഷേധം നടന്നിരുന്നു. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേസിന്റെ പശ്ചാത്തലം
2016നും 2019നുമിടയിൽ ഗുസ്തി ഫെഡറേഷന്റെ ഓഫീസിലും ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു താരങ്ങളുടെ പരാതി.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ 2023ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് പോലീസ് കേസെടുക്കാൻ തയാറായത്. തുടക്കത്തിൽ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നെങ്കിലും പിന്നീട് ആ പരാതി പിൻവലിക്കപ്പെടുകയായിരുന്നു.
Kerala
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴു പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതി ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.
കിരണ്‍ പി.എസ്, ജീവന്, അനില്‍ കുമാര്‍, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്‍ഥ് എസ്., ഷെഫീഖ് എന്നീ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം അങ്ങേയറ്റം ഗൗരവമാണെന്ന് വിലയിരുത്തിയ കോടതി കസ്റ്റഡി കാലാവധി കഴിഞ്ഞത് അടക്കം നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം.
11 പേരാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്, അതില്‍ ഏഴ് പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 67 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നടപടിക്രമം പാലിച്ചല്ല അറസ്റ്റ് എന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ വാദം. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
മൂവാറ്റുപുഴ: ആറു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 46കാരന് 78 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ സ്പെഷല്‍ കോടതി.
കാസര്‍ഗോഡ് ജില്ലയിൽ ജോലിചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയെയാണു ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.വിധി കേട്ട പ്രതി കോടതിക്കുള്ളില്‍ കുഴഞ്ഞുവീണു.
തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് പ്രതിയെ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയത്. 2019 ഡിസംബര്‍ 16ന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റി കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ ഹസന് അവകാശമില്ലെന്ന് ശ്വേത മേനോന്. അന്‍സിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ല, വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും ശ്വേത എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു.
അഡ്ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിക്കെതിരെ മാത്രമാണ് തന്റെ പരാതി. 'അമ്മ' പ്രസിഡന്റ് ആയി തുടരാനുള്ള അവകാശം സംരക്ഷിക്കാനായാണ് താന്‍ ഈ കേസ് നല്‍കിയത്.
കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്‍സിബയുടെ ശ്രമം എന്നാണ് സത്യവാഗ്മൂലത്തില്‍ പറയുന്നത്. അതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ തള്ളണമെന്നാണ് ശ്വേതയുടെ വാദം. ശ്വേത തെറ്റായ രേഖകള്‍ നല്‍കിയെന്നാണ് കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷയില്‍ പറയുന്നത്.
എന്നാല്‍ തെറ്റായ യാതൊരു രേഖകളും താന്‍ നല്‍കിയിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാംഗ്മൂലവും രമേഷ് പിഷാരടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിക്കെതിരേ 'അമ്മ' സംഘടന പ്രസിഡന്റ് ശ്വേത മേനോന് നല്കിയ ഹര്‍ജി എറണാകുളം മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന് നല്കിയ അപേക്ഷയിലും ഇന്ന് വാദം നടക്കും. അന്‍സിബയെ കക്ഷിചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന് മുഖേനെയാണ് കോടതിയെ അറിയിച്ചത്. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാഗ്മൂലവും രമേഷ് പിഷാരടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, ജനറല്‍ ബോഡി യോഗത്തിനിടെ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേഷ് പിഷാരടി കണ്‍വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന് കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കണ്‍വീനറായ രമേശ് പിഷാരടിയെ എതിര്‍കക്ഷിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്റെ നിലപാട് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്.
Kerala
കല്‍പ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി കാപ്പംകൊല്ലി പന്തലംകുന്നേല്‍ പി.എ. റഷീദിനെയാണ് (50) ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ.ആര്. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കല്‍പ്പറ്റ എസ്എച്ച്ഒ ആയിരുന്ന പി. പ്രമോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു രാഷ്ട്രീയ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കേസ് ഓഗസ്റ്റ് ആറിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും. പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം അന്ന് പരിഗണിക്കും.
വിചാരണയുടെ സമയക്രമം സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ്കൂടി പ്രതികള്‍ക്കെതിരേ ചുമത്തണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിക്കുകയാണെങ്കില്‍ പുതിയ വകുപ്പ്കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ കുറ്റപത്രം വിചാരണ തുടങ്ങുന്നതിന് മുമ്പ് പ്രതികളെ വീണ്ടും വായിച്ചു കേള്‍പ്പിക്കും.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താനില്ലെന്ന് രമേഷ് പിഷാരടി എംഎല്‍എ. 'അമ്മ' അധികാര തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് പിഷാരടി നിലപാട് അറിയിച്ചത്.
അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നാണ് പിഷാരടിയുടെ ആവശ്യം. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്കിയ അപേക്ഷ കോടതി കേള്‍ക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ജനറല്‍ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേത മേനോനും എക്സിക്യൂട്ടീവ് അംഗങ്ങളും രാജി പ്രഖ്യാപിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി വന്നത്. എന്നാല്‍ ഔദ്യോഗികമായി രാജിവയ്ക്കാതിരുന്ന ശ്വേത തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകളില്‍ അടക്കം നിരപരാധിത്വം തെളിയിക്കാതെ പുറത്തു പോവില്ലെന്ന് വ്യക്തമാക്കി തിരിച്ചെത്തുകയായിരുന്നു.
പിന്നാലെ ശ്വേത നടത്തിയ നിയമപോരാട്ടത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന് പിന്നാലെ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് രമേഷ് പിഷാരടി കമ്മിറ്റിയില്‍ നിന്നും രാജി വച്ചിരുന്നു.
Kerala
തലശേരി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഡോ. എം.കെ. റാമിനെ 27ന് കോടതിയിൽ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ ഹർജിയെത്തുടർന്നാണു നടപടി. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം തിങ്കളാഴ്ച ഹർജി നല്‍കും.
വ്യാഴാഴ്ചയാണു റാമിനെ അറസ്റ്റ് ചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരുന്നത്. തുടർന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങിയ പ്രതിയെ വ്യാഴാഴ്ച രാത്രിതന്നെ കോടതി റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.
കുടകില്‍നിന്ന് അറസ്റ്റിലായ റാമിനെ തലശേരി ജില്ലാ സെഷൻസ് കോടതി അറസ്റ്റ് റദ്ദ് ചെയ്ത് വിട്ടയച്ചിരുന്നു. അറസ്റ്റിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നത്.
തുടർന്ന് രാത്രി എട്ടോടെ കോടതിക്കു പുറത്തിറങ്ങിയ ഉടന്‍ ഡിവൈഎസ്പി സുധീർ കല്ലേന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം റാമിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും രാത്രി വൈകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ അറസ്റ്റിന് അനുമതി തേടി സെഷൻസ് കോടതിയെ സമീപിച്ചതും വീണ്ടും അറസ്റ്റ് നടന്നതും.
Kerala
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാറിനെതിരെ നടി അന്‍സിബ കോടതിയില്‍. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി നല്‍കിയിട്ടും കേസെടുത്തില്ല എന്നാണ് അന്‍സിബയുടെ പരാതി.
നടി ലക്ഷമിപ്രിയക്ക് എതിരെ നല്കിയ പരാതിയിലാണ് സംഭവം. പാലാരിവട്ടം എസ്എച്ച്ഒയ്ക്കെതിരെയും നടപടി വേണമെന്നാണ് അന്‍സിബയുടെ ആവശ്യം.
എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തി സ്വകാര്യ അന്യായത്തില്‍ നടി മൊഴി നല്കി. ഹര്‍ജിയില്‍ കോടതി മേലുദ്യോഗസ്ഥരുടെ വിശദീകരണം തേടി. ഹര്‍ജി ഓഗസ്റ്റ് അഞ്ചിനു പരിഗണിക്കും.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഗുരുതര പരാതി നല്‍കിയിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായി എന്നാണ് അന്‍സിബയുടെ ആരോപണം.
ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ നല്കിയ കേസില്‍ വിധി വരാനിരിക്കെയാണ് സിറ്റി പോലീസ് കമ്മീണര്‍ക്കെതിരെ നടി പരാതി നല്‍കിയത്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ വിചാരണ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വളരെ ചെറുതും വളരെ വൈകിയതും വളരെ വഞ്ചനാപരവുമാണെന്നു വിമർശിച്ചു കോൺഗ്രസ്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇത്തരം ഭാഗികമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള മോദി സർക്കാരിന്റെ പരാജയത്തിൽ യഥാർഥ ഉത്തരവാദിത്വമാണ് അവർ തേടുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച അനുവദിച്ചതിന്റെയും അതെങ്ങനെ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെയും സത്യം പ്രധാനമന്ത്രി ആദ്യം മനസിലാക്കണമെന്നു ജയ്റാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ നിരീക്ഷണത്തിനു കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നു സമ്മതിക്കാൻ പോലും ധൈര്യമില്ലെന്നു ജയ്റാം പറഞ്ഞു.
എൻടിഎയുടെ കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രാലയം പാർലമെന്ററി സമിതിയോട് മുമ്പ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
സത്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രിയും ധർമേന്ദ്ര പധാനും ജനങ്ങളോടും പാർലമെന്റിനോടും ലജ്ജയില്ലാതെ കള്ളം പറയുകയാണെന്നും ജയ്റാം പറഞ്ഞു.
Kerala
കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം. കെ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ തലശേരി എസ്സി - എസ്ടി സ്പെഷ്യൽ കോടതിയുടെ കടുത്ത താക്കീത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ കടുത്ത നിലപാട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ നേരിട്ട് വിളിച്ചുവരുത്തിയ കോടതി അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീംകോടതി നൽകിയിട്ടുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് ചോദിച്ചു.
എന്നാൽ അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് ഡിവൈഎസ്പി കോടതിയിൽ നൽകിയ വിശദീകരണം. ഡിവൈഎസ്പി സമർപ്പിക്കുന്ന രേഖാമൂലമുള്ള വിശദീകരണം വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്ന് കോടതി വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള പുതിയ ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് ഡോ. റാമിന്റെ ഭാര്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
Kerala
കൊച്ചി: രോഗിയായ അമ്മയ്ക്കൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന 11 കാരിക്ക് പഠനസൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി.
കുട്ടിയുടെ പഠനത്തിന് പ്രൈവറ്റ് ഇന്‍സ്ട്രക്ടറെ രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തണമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കുട്ടിയുടെ മാനസിക ഉല്ലാസത്തിനായി താത്പര്യമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കണമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനും സാമൂഹ്യനീതി ഡയറക്ടര്‍ക്കും കോടതി നിര്‍ദേശം നല്കി.
കഴിഞ്ഞ 18ന് ജഡ്ജിമാര്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. കുട്ടിക്ക് സ്വന്തമായി മറ്റൊരു ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്നു വിലയിരുത്തിയാണ് സംരക്ഷണത്തിന് കോടതി പ്രത്യേക നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടിയുടെ നിസഹായാവസ്ഥ അമിക്കസ് ക്യൂറിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Kerala
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ സംഭവം നടന്ന് ഒന്നര വർഷത്തിനു ശേഷമാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (നാല്) വിധി പറഞ്ഞത്.
കൊലപാതകം മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച്
2019 ഓഗസ്റ്റ് 31 നാണ് ചെന്താമര ആദ്യത്തെ കൊലപാതകം നടത്തിയത്. തന്റെ അയൽവാസിയായ തിരുത്തംപാടം ബോയൻ ഉന്നതിയിലെ സജിതയെ (35) വീട്ടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സജിതയുടെ ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയമാണു കൊലപാതകത്തിലേക്കെത്തിച്ചത്. മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും അടിമയായിരുന്നു ചെന്താമര.
നീണ്ട മുടിയുള്ള ഒരു സ്ത്രീയാണു കുഴപ്പങ്ങൾക്കു കാരണമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് സജിതയോടു ചെന്താമരയ്ക്കു പക തോന്നിയത്. ഇതിനു സുധാകരൻ കൂട്ടുനിന്നതായും അയാൾ വിശ്വസിച്ചു. തന്റെ ജീവിതം ഇല്ലാതാക്കിയവരെ തീർക്കുക എന്ന പകയോടെയാണു ചെന്താമര പ്രവർത്തിച്ചത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണു ജാമ്യത്തിലിറങ്ങി 2025 ജനുവരി 27ന് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരനും മകൾ അഖിലയും നെന്മാറ പോലീസിൽ പരാതിനൽകിയിരുന്നു.
നാട്ടുകാരും പരാതി നൽകി. കേസെടുത്ത് കോടതിയെ അറിയിച്ചെങ്കിലും ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇതാണ് ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ചത്. സ്കൂട്ടറുമായി വീട്ടിൽനിന്നിറങ്ങിയ സുധാകരനെ തന്റെ വീടിനു മുന്നിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സുധാകരൻ സംഭവസ്ഥലത്തുവച്ചും ലക്ഷ്മി ആശുപത്രിയിൽവച്ചും മരണപ്പെട്ടു.
ആശ്വാസം, പോത്തുണ്ടിയിലെ വീട്ടിലേക്കു മടങ്ങും:പുഷ്പ
ചെന്താമരയ്ക്കു വധശിക്ഷ ലഭിച്ചതിൽ സന്തോഷവും ആശ്വാസവുമുണ്ടെന്നു കേസിലെ പ്രധാന സാക്ഷിയും സുധാകരന്റെയും ചെന്താമരയുടെയും അയൽവാസിയുമായ പുഷ്പ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതുവരെ പുറത്തിറങ്ങാൻ ഭയമായിരുന്നു. ഇനി പോത്തുണ്ടിയിലെ വീട്ടിലേക്കു തിരിച്ചുപോകും.
മൂന്നു കൊലപാതകങ്ങൾ നടത്തിയതോടെ ജീവഭയത്താലാണു ചെന്താമരയുടെ ലിസ്റ്റിലുണ്ടായിരുന്ന പുഷ്പ നാടുവിട്ടത്. പുഷ്പയെ കൊല്ലാൻ കഴിയാത്തതിന്റെ നിരാശ ചെന്താമര പോലീസിനോടു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് പുഷ്പ കഴിയുന്നത്.
ഹൈക്കോടതിയെ സമീപിക്കും: പ്രതിഭാഗം
ചെന്താമരയ്ക്കു വധശിക്ഷ വിധിച്ച സാഹചര്യത്തിൽ വിചാരണക്കോടതിയുടെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു പറഞ്ഞു. കേസിൽ പ്രതിഭാഗത്തുനിന്നു യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കോടതി തെളിവുകൾ വിലയിരുത്തിയതിൽ ഗുരുതരമായ പോരായ്മ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകൾ കോടതി സമഗ്രമായി വിശകലനം ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളൊന്നും കുറ്റം തെളിയിക്കുന്ന തരത്തിൽ ഹാജരാക്കിയിട്ടില്ലെന്നും ജേക്കബ് മാത്യു കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാംവർഷ ഡെന്റൽ വിദ്യാർഥി തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഡോ. എം.കെ. റാമിനെ വിട്ടയച്ച് കോടതി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റാമിനെ വിട്ടയത്. റാമിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഇതിനുപിന്നാലെ റാമിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചതാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്.ഒളിവിൽ കഴിഞ്ഞുവന്നിരുന്ന അനാട്ടമി വിഭാഗം മേധാവിയായിരുന്ന റാം ഇന്ന് പുലർച്ചെയാണ് അറസ്റ്റിലായത്.
കുടകിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ ക്രൈബ്രാഞ്ച് വിഭാഗമാണ് റാമിനെ ഇന്നു പുലർച്ചയോടെ അറസ്റ്റ് ചെയ്ത് കണ്ണൂരിലെത്തിച്ചത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇതോടെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഡോ. എം.കെ. റാമുൾപ്പടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു.
നിതിൻ രാജിന്റെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ ഡോ. എം.കെ. റാം മുൻകൂർ ജാമ്യഹർജിക്കായി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു. സുപ്രീം കോടതിയിലും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ 14ന് സുപ്രീം കോടതിയും തള്ളുകയായിരുന്നു.
ക്രൈംബ്രാഞ്ച് പ്രതിക്കായി സ്വദേശമായ ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കുടകിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. താടി വളർത്തി രൂപമാറ്റം വരുത്തി പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലായിരുന്നു ഇയാൾ കുടകിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. ക്രൈബ്രാഞ്ച് എസ്പി വേണുഗോപാലിന്റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത് കൊടേരിയും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡോ. റാമിന് പുറമെ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ഇരുവരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഗീതയ്ക്ക് ഏപ്രില്‍ 25ന് തലശേരി നാലാം അഡീഷണല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍, ഒന്നാം പ്രതിയായ റാമിന്റെ ഹർജി പരിഗണിച്ച കോടതി കേസില്‍ ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിച്ചായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും കീഴ്ക്കോടതിയുടെ നിരീക്ഷണം ശരിവച്ചാണ് മുൻകൂർ ജാമ്യഹർജികൾ തള്ളിയത്. സുപ്രീം കോടതി ഡോ. റാമിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
Kerala
പാലക്കാട്: പ്രോസിക്യൂഷന് സാക്ഷികളുടേയും പോലീസിന്റേയും ശക്തമായ സഹകരണം പരമാവധി ശിക്ഷ പ്രതിക്ക് നേടിക്കൊടുക്കാന്‍ സഹായിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍ പറഞ്ഞു.
സാക്ഷികളെ ഭയമില്ലാതെ കോടതിയിലെത്തിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവന്നു. സാക്ഷികള്‍ക്ക് ചെന്താമരയെ അത്രമാത്രം ഭയമായിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. പ്രതിയുടെ സ്വഭാവം, കൊല നടത്തിയ രീതി, മാനസാന്തരത്തിനുള്ള സാധ്യതയില്ലായ്മ എന്നിവ കോടതിക്ക് വ്യക്തമായി മനസിലാക്കിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.
ശക്തമായ അന്വേഷണത്തിലൂടെ 56 ദിവസം കൊണ്ട് കുറ്റപത്രം നല്കാന് കഴിഞ്ഞത് അന്വേഷണസംഘത്തിന്റെ മികവാണെന്ന് കോടതി നിരീക്ഷിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. സമൂഹത്തിന് ശക്തമായ ഒരു സന്ദേശമാണ് ഈ വിധിയെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
സുധാകരന്റെ മകള്‍ക്ക് ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ പ്രതിക്ക് പരോള്‍ ലഭിച്ചാല്‍ സാക്ഷികളുടേയും സുധാകരന്റെ മക്കളുടേയും ബന്ധുക്കളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോടതിവിധിയില്‍ സന്തോഷം: സുധാകരന്റെ പെണ്മക്കള്
പാലക്കാട്: കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. കോടതിയില്‍ വിശ്വസമുണ്ടായിരുന്നു. എല്ലാവര്ക്കും നന്ദിയുണ്ട്. ഇനി ആ വീട്ടിലേക്ക് തിരിച്ചുപോവില്ല. പഴയ ഓര്‍മകള്‍ വേട്ടയാടുന്നു. അവിടെ ആരും ഇല്ലാത്തതിനാല്‍ പോകാന്‍ കഴിയില്ല. ചെന്താമരയ്ക്ക് ഇപ്പോഴും യാതൊരു കൂസലില്ലെന്നും ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കുട്ടികള്‍ കണ്ണീരോടെ പ്രതികരിച്ചു.
NRI
വിൽസൺ (നോർത്ത് കരോളിന): അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്ത് വിൽസൺ കൗണ്ടി കോടതിമുറ്റത്ത് തിങ്കളാഴ്ച നടന്ന വെടിവയ്പിൽ 19 വയസുകാരിക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ അബ്ദുൽ കരീം മുസ്തഫയെ (21) പോലീസ് അറസ്റ്റ് ചെയ്തു.
കോടതിക്ക് മുന്നിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന മുസ്തഫ, കോടതിയിലേക്ക് പ്രവേശിക്കുകയായിരുന്ന യുവതിയുടെ സമീപത്തെത്തി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിന്റെയും നേരെയും പ്രതി വെടിയുതിർത്തു. ഏറ്റുമുട്ടലിൽ ഒരു വിൽസൺ പോലീസ് ഉദ്യോഗസ്ഥനും ഒരു വിൽസൺ കൗണ്ടി ഷെറിഫ് ഡെപ്യൂട്ടിക്കും പരിക്കേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
വെടിവയ്പിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സമീപപ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: നടന് ടിനി ടോം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസ് എടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.
'അമ്മ' സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്സല്‍ ക്യാമ്പുകളിലും വെച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്. 'ജിഹാദി' എന്നും 'മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.
Kerala
കൊച്ചി: കേരള ലോകായുക്തയുടെ വിവിധ ക്യാമ്പ് സിറ്റിംഗുകള്‍ 21 മുതല്‍ 24 വരെ തൃശൂര്‍, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളില്‍ നടക്കും. 21നും 22നും രാവിലെ 10.30ന് തൃശൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിംഗ്. ഇതില്‍ 21ന് ഉപ ലോകായുക്ത ജസ്റ്റീസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചും 22ന് ലോകായുക്ത ജസ്റ്റീസ് എന്‍. അനില്‍കുമാര്‍, ഉപലോകായുക്ത ജസ്റ്റീസ് അശോക് മേനോന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചും കേസുകള്‍ പരിഗണിക്കും.
23ന് രാവിലെ 10.30ന് മൂവാറ്റുപുഴ വൈഎംസിഎ കോണ്‍ഫറന്‍സ് ഹാളില്‍ ഡിവിഷന് ബെഞ്ച് സിറ്റിംഗും, 24ന് രാവിലെ 10.30ന് കോട്ടയം പിഡബ്ല്യുഡി റസ്റ്റ്ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉപലോകായുക്തയുടെ സിംഗിള്‍ ബെഞ്ച് സിറ്റിംഗും നടക്കും. ക്യാമ്പ് സിറ്റിംഗ് ദിവസങ്ങളില്‍ നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് ലോകായുക്ത രജിസ്ട്രാര്‍ അറിയിച്ചു.
Kerala
കൊച്ചി: കേരള മാരിടൈം ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. മുൻകൂർ നോട്ടീസ് നൽകാതെ ബോർഡ് പിരിച്ചുവിട്ട നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരള മാരിടൈം ബോർഡ് അംഗമായിരുന്ന നാസർ വെമ്പായം നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണം തേടിയത്.
ബോർഡ് പിരിച്ചുവിട്ട നിയമവിരുദ്ധ നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാകും വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. ഹർജി അടുത്ത മാസം പരിഗണിക്കാനായി മാറ്റി.
Kerala
കൊച്ചി: ജയില്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനതല മേല്‍നോട്ട സമിതിക്ക് ഉടനടി രൂപം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച ഹര്‍ജി വീണ്ടും 16ന് പരിഗണിക്കും.
ഇക്കാര്യത്തില്‍ നടപടി വ്യക്തമാക്കി റിപ്പോര്‍ട്ട് 16ന് മുമ്പ് നല്കാന് ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്കി. മേല്‍നോട്ട സമിതിയുടെ ചെയര്മാന് പദവി റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റീസ് ആര്. നാരായണ പിഷാരടി ഏറ്റെടുക്കമെന്ന ആവശ്യവും കോടതി മുന്നോട്ടുവച്ചു.
Kerala
പാലക്കാട്: കോടതിയിലും ഭീഷണിയുമായി നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര. വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നും താൻ ഗാന്ധിജിയല്ലെന്നും ഇയാൾ കോടതിയോട് പറഞ്ഞു.
കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പിന്നാലെയായിരുന്നു പ്രതിയുടെ വെല്ലുവിളി.
ഒരു ചെകിട്ടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ല. തന്നെ തൂക്കി കൊന്നാലും കുഴപ്പമില്ല. തനിക്കെതിരേ എഴുതാൻ പറ്റുന്നത് എഴുതിക്കൊള്ളാനും ജഡ്ജിയോട് ചെന്താമര പറഞ്ഞു.
പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2025 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും(75) പട്ടാപ്പകൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അരുംകൊല നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാട്ടായി വനമേഖലയിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ' ഇനിയാര് ഭരിക്കും എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് ശ്വേതാ മേനോന് നല്കിയ ഹര്‍ജി ഇന്ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഡ്ഹോക് കമ്മിറ്റിക്ക് നടത്താന്‍ അധികാരമില്ല എന്നാണ് ശ്വേതയുടെ വാദം. ശ്വേത മേനോന് നല്കിയ ഹര്‍ജിയില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി, നടി അന്‍സിബ ഹസന് എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി അധികാരത്തില്‍ വന്നത്. ശ്വേത രേഖമൂലം രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ വെളിപ്പെടുത്തയതോടെയാണ് തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശ്വേത കോടതിയെ സമീപിച്ചത്.
അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് തങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല എന്നാണ് ശ്വേതയുടെ വാദം.
കോടതി അഡ്ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പിഷാരടി രാജി വച്ചിരുന്നു. എന്നാല്‍ ശ്വേത മേനോന്റെ ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ അഡ്ഹോക് കമ്മിറ്റിയെ പിന്തുണച്ചതോടെയാണ് പിഷാരടി കേസില്‍ കക്ഷി ചേര്‍ന്നത്.
എല്ലാ കക്ഷികളുടെ ഹിയറിംഗ് കേട്ട ശേഷം സംഘടന ആരു ഭരിക്കും എന്നതില്‍ എറണാകുളം മുന്‍സിഫ് കോടതി വിധി പറയും. അതേസമംയ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ശ്വേതയ്ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്‍സിബയുടെ ആരോപണം.
Kerala
പാലക്കാട്: പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര എന്ന കൊടും കുറ്റവാളിയുടെ ശിക്ഷാവിധി ഇന്ന്. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28ന് രാത്രി 11 ഓടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 23 മുതൽ മേയ് ആറു വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ നാലു പേർ കൂറുമാറി.
National
ന്യൂഡൽഹി: കാഷ്മീരിലെ ശ്രീനഗറിൽ മൂന്നുപതിറ്റാണ്ട് മുന്‍പ് നടന്ന കലാപവുമായി ബന്ധപ്പെട്ട് ആറ് വിഘടനവാദി നേതാക്കൾക്കെതിരേ എൻഐഎ കുറ്റപത്രം. കൊല്ലപ്പെട്ട ഭീകരൻ ഹിലാൽ അഹമ്മദ് ബെയ്ഗിന്റെ സംസ്കാര ചടങ്ങിനിടെ 1996 ജുലൈ 17നു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടന്ന ജനക്കൂട്ട ആക്രമണങ്ങളുടെ പേരിലാണ് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
വിഘടനവാദി നേതാക്കളായ ഷബീർ അഹമ്മദ് ഷാ, സയ്യിദ് അലി ഷാ ഗിലാനി, ജമ്മുകാഷ്മീർ മന്ത്രി സജ്ജാദ് ലോണിന്റെ പിതാവ് അബ്ദുൾ ഗനി ലോൺ, മുഹമ്മദ് യാക്കൂബ്, ജാവേദ് അഹമ്മദ് മിർ, ഷക്കീർ അഹമ്മദ് ബക്ഷി എന്നിവർക്കെതിരേയാണു കുറ്റപത്രം. സംഘർഷത്തിനായി ആറു പ്രതികളും ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതായി എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരു മാസംകൂടി സമയം അനുവദിച്ചു.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരമെന്ന നിലയിലാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു സമയം നീട്ടി നല്‍കിയത്. ഹര്‍ജി വീണ്ടും ഓഗസ്റ്റ് പത്തിന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.
ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
District News
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കല്‍ നടപടികള്‍ക്ക് ജീവന് വയ്ക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടികള്‍ ആരംഭിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ തുടര്‍നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് അനുമതി ലഭിച്ച കോടതിയാണിത്.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇതിന്റെ പ്രവര്‍ത്തനം ഇതുവരെ മുന്നോട്ട് കൊണ്ടു പോകാനായില്ല. ഇപ്പോള്‍ നടപടി ക്രമങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുയാണെന്ന് മന്ത്രി അറിയിച്ചു.മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് ഇതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചത്.
കോടതിസമുച്ചയത്തിന് ആവശ്യമായ സ്ഥലം കടുത്തുരുത്തി ടൗണിനോട് ചേര്‍ന്ന് കണ്ടെത്തി നല്കാന് കടുത്തുരുത്തി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ഇതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തില്‍നിന്നും കോടതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ വാര്‍ഡ് മെംബർ ടി.സി. വിനോദ് പ്രമേയം അവതരിപ്പിക്കുകയും പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി പാസാക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് പറഞ്ഞു.
70 സെന്റിലധികം വരുന്ന ഭൂമിയില്‍ തകര്‍ച്ചയിലായ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളാണ് ഇപ്പോഴുള്ളത്. ക്വാര്‍ട്ടേഴ്സ് കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം തിട്ടപ്പെടുത്തിയ ശേഷം കോടതിയുടെ ആവശ്യത്തിനായി 35 സെന്റോളം വിട്ടു നല്കാന് നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ പ്രമേയം.
ഇന്ന് തിരുവനന്തപുരത്തെത്തി പഞ്ചായത്തിന്റെ പ്രമേയം സര്‍ക്കാരിന് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിനെ പലതവണ ചോദ്യം ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ ഡിവൈഎഫ്ഐ നേതാവായ ജിതിൽ ഭാസ്കറിനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയാണ് രാഷ്ട്രീയ കേരളത്തെ വൻ വിവാദത്തിലാഴ്ത്തിയ കാഫിർ സ്ക്രീൻഷോട്ട് പുറത്തുവരുന്നത്. തുടക്കത്തിൽ യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമിനെ പ്രതിയാക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.
എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന് റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ജിതിൽ ഭാസ്കറിന് സിപിഎം നേതാക്കൾ വൻ സ്വീകരണം നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വഴിതടഞ്ഞ് പ്രകടനം നടത്തിയ കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.പി.ചിത്തരഞ്ജൻ ഉൾപ്പടെയുള്ളവർക്ക് നിൽപ് ശിക്ഷയും പിഴയും വിധിച്ച് കോടതി. കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്ന ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു.
ചിത്തരഞ്ജനെ കൂടാതെ സിഐടിയു നേതാക്കളായ പി.എം. വഹീദ, എൻ.കെ.രാമചന്ദ്രൻ എന്നിവർക്കാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസ് നിൽപ് ശിക്ഷ വിധിച്ചത്. ശിക്ഷയുടെ ഭാഗമായി നേതാക്കൾക്ക് കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കേണ്ടി വന്നു.
2025 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, ശമ്പളം പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള പാതയിൽ പൊതുജനങ്ങളെയും വാഹനങ്ങളെയും പൂർണമായി തടസപ്പെടുത്തിക്കൊണ്ടായിരുന്നു നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. പൊതുവഴി തടസപ്പെടുത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Kerala
കൊച്ചി: അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എറണാകുളം സെഷൻസ് കോടതിയിൽ നേരിട്ടെത്തിച്ചാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. കേസ് 24ന് വീണ്ടും പരിഗണിക്കും. ആകെ 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ അഭിമന്യു കൊല്ലപ്പെട്ടത്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. കേസിന്റെ വിചാരണ നീളുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി ഒമ്പത് മാസത്തിനുള്ളിൽ കേസിലെ വിചാരണാ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടിരുന്നു.
Kerala
കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി ഒരു വര്‍ഷത്തേക്ക് സ്റ്റേ ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ.
ഈ കാലയളവില്‍ കുടുംബങ്ങള്‍ക്ക് വീടു വച്ച് നല്‍കാമെന്നാണ് ധാരണ. അതേസമയം, കോടതി വിധി അനുസരിച്ച് അഭിഭാഷക കമ്മീഷന് കുടിയൊഴിപ്പിക്കാന്‍ എത്തിയത് മലയിടംതുരുത്തിനെ സംഘര്‍ഷത്തിലാക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയിരുന്നു.
2023 മുതല്‍ നിരവധി തവണ കുടിയൊഴിപ്പിക്കല്‍ ശ്രമം നടന്നിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് തന്റെ 2.65 ഏക്കര്‍ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന് നായര്‍ 58 വര്‍ഷം മുമ്പ് നല്കിയ കേസ് സുപ്രീം കോടതി വരെയെത്തുകയും ഹര്ജിക്കാരന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തിരുന്നു.
തുടര്‍ന്നായിരന്നു കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇത് സംഘര്‍ഷത്തിലെത്തിയതോടെ സര്‍ക്കാര്‍ ഇടപെടുകയും വിഷയത്തില്‍ ഇരുഭാഗവുമായും ചര്‍ച്ച നടത്തുകയുമായിരുന്നു. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ സമവായമുണ്ടത്.
Kerala
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡിക്കേസിൽ സിപിഎം നേതാക്കൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. കെ.രാധാകൃഷ്ണൻ എംപി, എ.സി.മൊയ്തീൻ എംഎൽഎ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയ നേതാക്കളാണ് വിചാരണയ്ക്ക് മുന്നോടിയായി കോടതിയിലെത്തിയത്.
സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഎമ്മിനും മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ജില്ലാ നേതാക്കൾക്ക് പുറമേ, ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറി, പൊറത്തുശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, മുൻ വടക്കാഞ്ചേരി കൗൺസിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, മധു അമ്പലപുരം തുടങ്ങിയ 28 പേരോടും കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു.
കേസിൽ ആകെ 83 പ്രതികളാണുള്ളത്. ഇതിൽ 55 പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ കോടതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ 2012-13 മുതൽ സിപിഎം നേതാക്കളുടെ അറിവോടെ കോടിക്കണക്കിന് രൂപയുടെ വായ്പാ ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും നടത്തി എന്നാണ് ഇഡിയുടെ കണ്ടെത്തൽ.
National
മുംബൈ: സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ്ചെയ്തിരിക്കുന്ന തന്റെ ഡീപ്പ് ഫേക്ക്, എഐ ചിത്രങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം പ്രീതി സിന്റ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മോർഫ് ചെയ്ത ചിത്രങ്ങളും നീക്കണം. ഇതിനുപുറമേ ഭാവിയിൽ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽനിന്ന് വിലക്കണമെന്നും ആവശ്യമുണ്ട്.
ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ആലോചിക്കാൻ ഓൺലൈൻ മാധ്യമങ്ങളോട് കേസ് പരിഗണിച്ച ജസ്റ്റീസ് മാധവ് ജാംദാർ നിർദേശം നൽകി. കൂടുതൽ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേക്കു മാറ്റുകയും ചെയ്തു.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കോടതി. ശ്വേത മേനോന്റെ ഹർജിയിൽ എറണാകുളം മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശ്വേത കോടതിയെ സമീപിച്ചത്. അമ്മയുടെ പ്രവർത്തങ്ങൾ അഡ്ഹോക്ക് കമ്മറ്റിക്ക് നടത്താൻ അധികാരം ഇല്ലെന്നാണ് ശ്വേതയുടെ വാദം. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ട്.
സംഘടനയുടെ ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന് പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍വന്നു. ഇന്നലെ കൊച്ചിയില്‍ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം ശ്വേത മേനോന് അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്വേത മേനോന് മറുപടിയുമായി എത്തി.
അമ്മയുടെ ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന് പറഞ്ഞു.
“ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത് ? ചില സ്ഥാപിത താല്പര്യങ്ങള് ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അടുത്ത തെരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല”, ശ്വേത മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് രാജി പ്രഖ്യാപിച്ച അംഗങ്ങള്‍ കോടതിയിലേക്ക്. രാജി പ്രഖ്യാപിച്ച മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല എന്നാണ് പ്രസിഡന്റ് ശ്വേത മേനോന്റെയും ഒപ്പമുള്ളവരുടെയും നിലപാട്.
അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനാണ് അഡ്ഹോക് കമ്മിറ്റി അല്ലെങ്കില്‍ സ്പെഷല്‍ കമ്മിറ്റി വന്നത് എന്നായിരുന്നു വ്യാഴാഴ്ച കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ രമേഷ് പിഷാരടി പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് ശ്വേതയുടെ വാദം.
അഡ്ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത അടക്കമുള്ളവര്‍ രേഖമൂലം രാജി വച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞതിന് പിന്നാലെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ ശ്വേത മേനോന് മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമൊഴിയാതെ കടിച്ചു തൂങ്ങാനാണ് തീരുമാനമെങ്കില്‍ അമ്മയിലെ സ്ത്രീകള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉഷ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക ക്ഷേമ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളും ഫയലുകളും എത്രയും വേഗം തീർപ്പാക്കുന്നതിനായി ‘ഫയൽ അദാലത്ത് 2026’ സംഘടിപ്പിക്കുന്നു.
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.എ. തുളസി നടത്തിയ അടിയന്തര അവലോകന യോഗത്തിലാണ് ഈ തീരുമാനം.
സർക്കാരിന്റെ 100 ദിന കർമപരിപാടികൾ സമയബന്ധിതമായും ഏറ്റവും മികച്ച രീതിയിലും നടപ്പിലാക്കണമെന്നും പരമാവധി അപേക്ഷകർക്ക് വേഗത്തിൽ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പുതിയ സർക്കാർ അധികാരമേറ്റതിന്റെ പശ്ചാത്തലത്തിൽ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പിലും പിന്നക്ക വികസന വകുപ്പിലും അതിനു കീഴിലുള്ള ഡയറക്ടറേറ്റുകളിലും സബ് ഓഫീസുകളിലും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്.
2026 ജൂലൈ ആറു മുതൽ ജൂലൈ 31 വരെയാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. ഈ കാലയളവിനുള്ളിൽ ഓരോ ഓഫീസിലെയും ഓരോ സെക്ഷനിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെയും തപാലുകളുടെയും എണ്ണം കൃത്യമായി കണ്ടെത്തി അടിയന്തരമായി തീർപ്പുകൽപ്പിക്കണം.
Kerala
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പോലീസിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ.
നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതും സ്വകാര്യ അന്യായം ഫയൽ ചെയ്തതും. കോടതി നിർദേശപ്രകാരം കേസെടുത്താലും മുൻപ് ഇതേ കേസിൽ ടിനി ടോമിന് അനുകൂലമായി റിപ്പോർട്ട് നൽകിയ പോലീസ് തന്നെയാണ് കേസ് അന്വേഷിക്കുക.
ഇതിൽ ആശങ്കയുണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ പറഞ്ഞു. പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ ടിനി ടോമിനെ സഹായിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതുകൊണ്ടൊന്നും കേസ് അവസാനിക്കാൻ പോകുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ പോരാടുമെന്നാണ് അൻസിബ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ടു കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ടിനി തനിക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ജിഹാദി എന്നു വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് അൻസിബയുടെ ആരോപണം.
International
ബർലിൻ: ജർമനിയിലെ മഗ്ദെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ 2024ലുണ്ടായ ആക്രമണസംഭവത്തിലെ പ്രതിക്കു കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
സൗദി അറേബ്യൻ പൗരനായ താലിബ് അൽ അബ്ദുൾ മുഹ്സി (51) നാണ് കോടതി ശിക്ഷ വിധിച്ചത്. ഇരകളുടെ എണ്ണം വളരെ കൂടുതലായതിനാൽ മഗ്ദെബർഗിൽ പ്രത്യേക താത്കാലിക കോടതി സജ്ജമാക്കിയാണു വിചാരണ പൂർത്തിയാക്കിയത്.
2024 ഡിസംബർ 20ന് പ്രാദേശിക സമയം രാത്രി 7.02നായിരുന്നു ജർമനിയെ നടുക്കിയ ആക്രമണം നടന്നത്.
നഗരമധ്യത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നു. ഒരു മിനിറ്റും നാല് സെക്കൻഡും മാത്രം നീണ്ടുനിന്ന ആക്രമണത്തിൽ ഒന്‍പത് വയസുള്ള ഒരു ആൺകുട്ടിയും 45നും 75നും ഇടയിൽ പ്രായമുള്ള അഞ്ചു സ്ത്രീകളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്തത്തിന് തൊട്ടുപിന്നാലെതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻ അധികാരികളുമായുള്ള തർക്കങ്ങളാണു തന്നെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. സൗദി വനിതകളുടെ അവകാശങ്ങൾ ജർമനി അവഗണിക്കുന്നതിൽ തനിക്കു ദേഷ്യമുണ്ടായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.
ഇസ്ലാമിനെയും സൗദി ഭരണകൂടത്തെയും വിമർശിച്ചതിന്റെ പേരിൽ അവിടെ പീഡനം നേരിടുന്നുണ്ടെന്ന് അവകാശപ്പെട്ട് 2016ലാണ് ഇയാൾ ജർമനിയിൽ അഭയം നേടിയത്.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ. വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയെയാണ് പ്രതി സമീപിച്ചത്.
പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യ ഹർജി തള്ളിയത്.
സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നെന്നാണ് എസ്ഐടി കണ്ടെത്തൽ. ഈ തെളിവുകൾ നശിപ്പിക്കാൻ ഫോൺ, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ഫോറൻസിക് ലാബിന്റെ പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് കോടതി ജിതിൻ ഭാസ്കറിന് ജാമ്യം നിഷേധിച്ചത്.
Kerala
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് വിഭാഗങ്ങളുടേയും വാദം തിങ്കളാഴ്ച
പൂർത്തിയായിരുന്നു.
വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നു തന്നെയാണ് എന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തല്‍. അതേസമയം, പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.
കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസഞ്ചർ ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69എ പ്രകാരം നടപടിക്രമങ്ങൾ സർക്കാർ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സർക്കാർ നൽകിയ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഈ നടപടികൾ നിയമപരമാണെന്നു കോടതി വിലയിരുത്തി.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിനു നിരോധനം ഏർപ്പെടുത്തിയത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ക്രിമിനൽ നടപടിപ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
ഈമാസം പതിനേഴിനകം റിപ്പോർട്ട് നൽകാൻ പോലീസിന് തൃപ്പൂണിത്തുറ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകി.
അൻസിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഈ മാസം 17 നുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അമ്മയിൽനിന്നും പുറത്താക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അൻസിബ മൂവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കിയിരിക്കുന്നത്.
Movies
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് അൻസിബ. നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്.
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണശേഷം പോലീസ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ മണിക്കൂറുകളോളം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം എന്നാണ് അന്‍സിബയുടെ ആവശ്യം.
Movies
വിജയ് - സംഗീത വിവാഹ മോചന കേസ് ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കും. ഇരുവരും വീഡിയോ കോൺഫ്രൻസ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ മൂലമാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല. നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ സൗഹാർദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.
Kerala
കൊച്ചി: കണ്ണൂര്‍ അഴീക്കല്‍ തീരത്ത് അറബിക്കടലില്‍ അഗ്നിക്കിനിരയായ സിംഗപ്പുര്‍ കപ്പല്‍ ‘എം.വി/ വാന്‍ ഹയി 503’ലെ മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും രാജ്യം വിടാന്‍ ഹൈക്കോടതിയുടെ അനുമതി. മാസ്റ്റര്‍ തായ്വാന് സ്വദേശി വേയ് ചുന്‍-ജു, ചീഫ് ഓഫീസര്‍ ചൈനീസ് സ്വദേശി താവോ പെങ് എന്നിവര്‍ക്കാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപാധികളോടെ അനുമതി നല്‍കിയത്.
2025 ജൂണ്‍ ഒമ്പതിന് നടന്ന സംഭവത്തില്‍ ജാമ്യം കിട്ടാവുന്ന വകുപ്പില്‍ ഫോര്‍ട്ടുകൊച്ചി പോലീസെടുത്ത ക്രിമിനല്‍ കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നു വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം തുടരുന്നതിന്റെ പേരില്‍ നാട്ടിലേക്കു മടങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരും നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസിനുവേണ്ടി ആവശ്യമെങ്കില്‍ നേരിട്ടോ ഓണ്‍ലൈനിലോ ഹാജരാകണം, 25 ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണു വിട്ടയച്ചത്.
നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബാങ്ക് ഗാരന്റി കണ്ടുകെട്ടാനും സാന്നിധ്യം ഉറപ്പാക്കാന്‍ നിയമനടപടി സ്വീകരിക്കാനും അധികൃതര്‍ക്കു സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
Kerala
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
നാമനിര്‍ദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റീസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
മധ്യപ്രദേശില്‍ നിന്നാണ് മീനാക്ഷി നടരാജന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസുണ്ടെന്നും അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെ വാദം.