ഡോ. എം.കെ. റാം (ഫയൽ ചിത്രം)
തലശേരി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഡോ. എം.കെ. റാമിനെ 27ന് കോടതിയിൽ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ ഹർജിയെത്തുടർന്നാണു നടപടി. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം തിങ്കളാഴ്ച ഹർജി നല്‍കും.
വ്യാഴാഴ്ചയാണു റാമിനെ അറസ്റ്റ് ചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരുന്നത്. തുടർന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങിയ പ്രതിയെ വ്യാഴാഴ്ച രാത്രിതന്നെ കോടതി റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.
കുടകില്‍നിന്ന് അറസ്റ്റിലായ റാമിനെ തലശേരി ജില്ലാ സെഷൻസ് കോടതി അറസ്റ്റ് റദ്ദ് ചെയ്ത് വിട്ടയച്ചിരുന്നു. അറസ്റ്റിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നത്.
തുടർന്ന് രാത്രി എട്ടോടെ കോടതിക്കു പുറത്തിറങ്ങിയ ഉടന്‍ ഡിവൈഎസ്പി സുധീർ കല്ലേന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം റാമിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും രാത്രി വൈകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ അറസ്റ്റിന് അനുമതി തേടി സെഷൻസ് കോടതിയെ സമീപിച്ചതും വീണ്ടും അറസ്റ്റ് നടന്നതും.
Tags : NitinRaj DrRam produced court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash