കങ്കണ റണാവത്ത്, സോണിയാ ഗാന്ധി
ന്യൂഡൽഹി: സോണിയാ ഗാന്ധിയെക്കുറിച്ച് ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദത്തിൽ. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നും ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ലെന്നും കങ്കണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കുടുംബത്തിലെ അനന്തരാവകാശികൾ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയാ ഗാന്ധിയിലേക്ക് എത്തിച്ചേർന്നുവെന്നും ആരോപിച്ചു. സോണിയാ ഗാന്ധിയുടെ ഓർമപ്പുസ്തകമായ 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപി കേന്ദ്രങ്ങളിൽനിന്ന് ഉയർന്നുവരുന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് കങ്കണയുടെ ഈ പരാമർശങ്ങൾ.
1981-നോടടുത്ത് ചിത്രീകരിച്ച ഒരു പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചതാണ് ഈ വിവാദങ്ങൾക്ക് കാരണം. ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, മേനക ഗാന്ധി, ഒപ്പം കുട്ടികളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരു കുടുംബ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അമേഠി ഉപതെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി മുന്നിലാണെന്നറിയിച്ചുകൊണ്ടുള്ള ഒരു ഫോൺ കോൾ അവിടുത്തെ സംഭാഷണങ്ങളെ തടസപ്പെടുത്തുന്നതും അത് ഇന്ദിരാഗാന്ധിയിൽ പ്രകടമായ പ്രതികരണമുണ്ടാക്കുന്നതും ഈ വീഡിയോയിലുണ്ട്. ഏകദേശം ഒരു വർഷം മുമ്പ് വിമാനാപകടത്തിലാണ് സഞ്ജയ് ഗാന്ധി മരിച്ചത് എന്ന കാര്യവും പോസ്റ്റിൽ ഓർമിപ്പിക്കുന്നുണ്ട്.
വീഡിയോയിലെ മനേക ഗാന്ധിയുടെ ശരീരഭാഷയെയും പ്രതികരണങ്ങളെയും മുൻനിർത്തിയാണ് കങ്കണ പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ വിധവയായ മനേക കുടുംബത്തിന്റെ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണപ്പെടുന്നതെന്ന് കങ്കണയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വാർത്തയോട് ഇന്ദിരാഗാന്ധി പ്രതികരിക്കുമ്പോൾ മേശയ്ക്കരികിലിരിക്കുന്ന മനേകയുടെ ഒറ്റപ്പെടൽ ഹൃദയഭേദകമാണെന്നും കങ്കണ വിശേഷിപ്പിക്കുന്നു. ആ നിമിഷത്തിൽ ഭർതൃമാതാവിൽ നിന്ന് ആശ്വാസകരമായ ഒരു നോട്ടമോ പ്രതികരണമോ മനേക പ്രതീക്ഷിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കങ്കണ പോസ്റ്റിൽ പറയുന്നു.
സോണിയ ഗാന്ധി എങ്ങനെയാണ് ഗാന്ധി കുടുംബവുമായി ഇത്രയധികം അടുത്തുചേര്ന്നത് എന്നും അവര്‍ ചോദിച്ചു. സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണത്തെയാണ് സോണിയയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കങ്കണ ഉപയോഗിക്കുന്നത്. ഈ സംഭവങ്ങളാണ് കോൺഗ്രസിൽ സോണിയാ ഗാന്ധിക്ക് പിന്നീട് പ്രാധാന്യം ലഭിക്കുന്നതിന് വഴിയൊരുക്കിയതെന്ന് അവർ സൂചിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 1982-ൽ മനേക ഗാന്ധി കുടുംബവീട് വിട്ടുപോയിരുന്നു. കുടുംബത്തിലെ മറ്റ് പ്രമുഖ അംഗങ്ങളുടെ മരണശേഷം സോണിയാ ഗാന്ധി എങ്ങനെയാണ് ആ കുടുംബത്തിലെ കേന്ദ്ര വ്യക്തിത്വമായി മാറിയതെന്ന് കങ്കണ ചോദിച്ചു.
Tags : GandhiFamily SoniaGandhi Controversy