വോയേജർ.
മനുഷ്യരുടെ ശാസ്ത്രമുന്നേറ്റത്തിന്റെ അഭിമാനം, വോയേജർ ചരിത്രത്തിലേക്ക്! ഒരു പക്ഷേ തിരുത്താനാകാത്ത നേട്ടം! മനുഷ്യനിർമിതകളിൽ ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള ബഹിരാകാശ പേടകം, 'വോയേജർ 1' റിക്കാർഡ് കുറിക്കുകയാണ്! സൗരൂഥത്തിന്റെ അതിരുകൾ കടന്നു സഞ്ചരിക്കുന്ന വോയേജർ ഭൂമിയിൽനിന്ന് 'വൺ ലൈറ്റ് ഡേ' അകലെയെന്ന നിർണായക ദൂരപരിധിയിയിൽ എത്തും, ദിവസങ്ങൾക്കുള്ളിൽ,
നവംബർ 18-ന് പുലർച്ചെ അഞ്ചുകഴിയുന്നതോടെ, 'വോയേജർ 1' ഭൂമിയിൽനിന്ന് ഏകദേശം 2,590 കോടിയിലേറെ കിലോമീറ്റർ അകലെയായിരിക്കും! അതായത് പ്രകാശം ഇരുപത്തിനാല് മണിക്കൂർ കൊണ്ടു സഞ്ചരിക്കുന്ന ദൂരം (സൂര്യനിൽനിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വെറും എട്ടു മിനിറ്റിൽ താഴെ മാത്രമാണെടുക്കുന്നതെന്ന് ഓർക്കുക).
1977-ൽ ഫ്ളോറിഡയിൽനിന്നായിരുന്നു വോയേജർ 1, വോയേജർ 2 പേടകങ്ങളുടെ വിക്ഷേപണം. സൗരയൂഥത്തിലെ ഗ്രഹങ്ങളെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. പ്രാരംഭദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ബഹിരാകാശത്തിന്റെ അനന്തതയിലേക്കു കുതിപ്പുതുടർന്നുകൊണ്ടേയിരിക്കുകയാണു പേടകം.

വോയേജർ ദൂരപരിധി മറികടക്കുമ്പോൾ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നു ബഹിരാകാശ ഗവേഷകർ പറഞ്ഞു. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമാണെന്നു മാത്രം. വോയേജർ വിക്ഷേപിക്കുന്പോൾ, പത്തോളം ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. ഇപ്പോൾ മാഗ്നറ്റോമീറ്റർ, പ്ലാസ്മാ വേവ് സബ്സിസ്റ്റം എന്നീ രണ്ടു ഉപകരണങ്ങൾ മാത്രമാണു പ്രവർത്തസജ്ജമായിട്ടുള്ളത്. നാസയുടെ ഡീപ് സ്പേസ് നെറ്റ്വർക്ക് മുഖേനയാണ് ഗവേഷകർ വോയേജറുമായി ബന്ധപ്പെടുന്നത്. പ്രകാശവേഗതയിലാണ് റേഡിയോ തരംഗങ്ങളുടെ സഞ്ചാരം. 'വൺ ലൈറ്റ് ഡേ' അകലെയുള്ള വോയേജറിലേക്ക് സന്ദേശം അയച്ചാൽ അവിടെയെത്താൻ ഇരുപത്തിനാലു മണിക്കൂറെടുക്കും. വോയേജറിൽനിന്നുള്ള സന്ദേശം ഭൂമിയിലെത്താനും അത്രതന്നെ സമയം വേണ്ടിവരും. അതായത്, ആശയവിനിമയത്തിനു രണ്ടു ദിവസം വേണ്ടിവരും!
ലഘുവായ സാങ്കേതിക പ്രശ്നങ്ങൾ സംഭവിക്കാറുണ്ടെങ്കിലും ശാസ്ത്രജ്ഞരുടെ നിരന്തര പരിശ്രമം പേടകത്തെ ഇപ്പോഴും സജീവമായി നിലനിർത്തുന്നു. ഭൂമിയിലെ ജീവന്റെ ശബ്ദങ്ങളും ദൃശ്യങ്ങളും അടങ്ങിയ 'ഗോൾഡൻ റിക്കോർഡും' പേറി ബഹിരാകാശനിഗൂഢതകളിലേക്കു സഞ്ചാരം തുടരുകയാണ് വോയേജർ! മനുഷ്യരുടെ ശാസ്ത്രീയമുന്നേറ്റങ്ങളുടെ എക്കാലത്തെയും പ്രോജ്വലമായ സഞ്ചരിക്കുന്നസ്മാരകം!
Tags : Voyager1 International Nasa SpaceScience InterstellarSpace Onelightday DeepSpaceNetwork