പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ രാജ് അണ്ണാമലൈപുരത്ത് ഓട്ടോ ഡ്രൈവറെ നാലംഗ സംഘം വെട്ടിക്കൊന്ന കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ. അയ്യപ്പന്റെ മകനുമായ ശിവകുമാറാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോകനാഥൻ, വീര, അജിത്, രാമു എന്നിവർ അറസ്റ്റിലായി. രാമകൃഷ്ണ മഠം റോഡിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഓട്ടോയിൽ ഇരിക്കുകയായിരുന്ന ശിവകുമാറിനെ ഇരുചക്ര വാഹനങ്ങളിലെത്തിയ നാലംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ശിവകുമാറും ലോകനാഥനും തമ്മിൽ മൂന്ന് വർഷം മുമ്പുണ്ടായ ഒരു അടിപിടിയുടെ പേരിൽ മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ മുൻവൈരാഗ്യത്തെത്തുടർന്ന് ലോകനാഥൻ മറ്റ് മൂന്നു പേരുടെ സഹായത്തോടെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലിസ് സംശയിക്കുന്നത്.
ശിവകുമാറിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുക്കുകയും മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.