Image for representation
കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പാര്‍ട്ടി ആസൂത്രണം ചെയ്തവരില്‍ ഒരാളായ 24കാരിയെ പൊലിസ് ചോദ്യം ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നുവോ എന്നറിയാനായി യുവതിയെ വിശദമായി ചോദ്യം ചെയ്യും.
എറണാകുളം സ്വദേശിയായ യുവതി റിമാൻഡില്‍ കഴിയുന്ന പ്രതി അലക്‌സിന്‍റെ സുഹൃത്താണ്. പാര്‍ട്ടിയില്‍ മദ്യം കൂടാതെ മറ്റേതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലിസ് പരിശോധിച്ചു വരികയാണ്. പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. 30 ലേറെ പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ പലരുടെയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. അതിനാല്‍ ഇവരുടെ വീടുകളിലെത്തി പൊലിസ് മൊഴിയെടുക്കും.
അതേസമയം, അലക്സിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി പൊലിസ് ഇന്ന് അപേക്ഷ നല്‍കും. പൊലിസിനെ അറിയിക്കാതെയാണ് സംഘം റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആളുകളെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ പൊലിസിനു പുറമെ എക്‌സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 31ന് രാത്രിയില്‍ ആയിരുന്നു ഹാലോവീന്‍ പാര്‍ട്ടി നടന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ പിതാവ് മുന്‍കൂട്ടി അറിയിക്കാതെ റിസോര്‍ട്ടില്‍ എത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. പാര്‍ട്ടിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി സംശയം തോന്നിയ ഇദ്ദേഹം വിവരം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
Tags : HalloweenParty Aluva Woman SexualAssault Rape Assault AttemptedAssault POCSO Survivor Victim