ഇമ്രാനായി തെരച്ചിൽ നടത്തുന്നവർ
ന്യൂഡൽഹി: ഡൽഹിയിലെ നംഗ്ലി വിഹാർ മേഖലയിൽ അമ്മയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നാലുവയസുകാരൻ തുറന്നുകിടന്ന ഓടയിൽ വീണു. ഖുർഷിദ് ആലമിന്റെ മകൻ ഇമ്രാനാണ് ദാസ് ഗാർഡൻ കോളനിക്ക് സമീപമുള്ള ഓടയിലാണ് വീണത്. കുട്ടിയെ കണ്ടെത്തുന്നതിനായി വിവിധ സേനകളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
പാർക്കിൽ കളിക്കാനെത്തിയ കുട്ടി പ്രാഥമിക ആവശ്യത്തിനായി ഓടയ്ക്ക് സമീപത്തേക്ക് പോയപ്പോഴാണ് തുറന്നുകിടന്ന ഓടയിലേക്ക് വീണതെന്ന് ഖുർഷിദ് ആലം പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്താൻ സർക്കാരിന്റെ വിവിധ വകുപ്പുകളും സേനാ വിഭാഗങ്ങളും സംയുക്തമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി ഫയർ സർവീസ്, ഡൽഹി പൊലീസ്, ഡൽഹി ദുരന്തനിവാരണ അതോറിറ്റി, അതിർത്തി രക്ഷാസേന എന്നിവയുടെ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ഓടയിലൂടെ നേരിട്ട് ഇറങ്ങിയുള്ള പരിശോധനയ്ക്കൊപ്പം പമ്പുകളും സ്കാനിംഗ് ഉപകരണങ്ങളും ഉപയോഗിച്ചാണ് കുട്ടിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. വിവരമറിഞ്ഞയുടൻ ഭരണകൂടം സജീവമായി ഇടപെട്ടിട്ടുണ്ടെന്നും കുട്ടിയെ രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രാജത് മൽഹോത്ര പറഞ്ഞു.